വിജയ്-അറ്റ്‌ലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ‘ദളപതി 68’ ഒരുക്കുന്നത് പുഷ്പ നിർമ്മാതാക്കൾ എന്ന് റിപ്പോർട്ട്!

തമിഴകത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസിൽ കളക്ഷൻ നേടുന്ന കൂട്ടുകെട്ടുകളിൽ ഒന്നാണ് വിജയ്-അറ്റ്‌ലി. . ഇരുവരും ഒന്നിച്ച തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങൾ കളക്ഷൻ റെക്കോർഡുകൾ തന്നെ സൃഷ്ടിച്ചു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് എത്തുന്നത്.’വാരിസ്’, ലോകേഷ് കനകരാജ് ചിത്രം എന്നിവയ്ക്ക് ശേഷം വിജയ് അറ്റ്ലിയ്‌ക്കൊപ്പമാകും കൈ കൊടുക്കുക എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ്‌യുടെ 68-ാമത്തെ സിനിമയായിരിക്കുമിത്. ഈ ചിത്രം ‘പുഷ്പ’ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുമെന്നും സൂചനകളുണ്ട്.

2016-ൽ ‘തെരി’ക്കായാണ് വിജയ്‍യും അറ്റ്‌ലിയും ആദ്യം ഒന്നിക്കുന്നത്. 75 കോടി ബജറ്റിൽ എത്തിയ ചിത്രം 150 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയത്. പിന്നീട് ‘മെർസൽ’, ‘ബിഗിൽ’ എന്നീ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങി. മെർസൽ ആഗോളതലത്തിൽ 250 കോടിയോളം രൂപ നേടിയപ്പോൾ 300 കോടിയ്ക്ക് മുകളിലായിരുന്നു ബിഗിലിന്റെ കളക്ഷൻ.

നിലവിൽ ഷാരൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ ആണ് അറ്റ്‌ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം. ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിൽ വിജയ് കാമിയോ വേഷത്തിലെത്തുമെന്ന റിപ്പോർട്ടുകളുണ്ട്. നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്. പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

AJILI ANNAJOHN :