സൂര്യ – മുരുഗദോസ് കോമ്പോ വീണ്ടും, ഗജനിയ്ക്ക് രണ്ടാം ഭാഗം വരുന്നു…?

ഭാഷാഭേദമെന്യെ സിനിമാ ആസ്വാദര്‍ സ്വീകരിച്ച തമിഴ് ചിത്രമാണ് സൂര്യ നായകനായി എത്തിയ ഗജനി. സൂര്യയുടെ കരിയറില്‍ വന്‍ വഴിത്തിരിവിന് കാരണമായ ചിത്രം കൂടിയായിരുന്നു ഗജനി. അസിന്‍ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് എ ആര്‍ മുരുഗദോസ് ആണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മറ്റ് ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. അതും വന്‍ വിജയമായിരുന്നു.

ഇപ്പോഴിതാ ഗജനി ഇറങ്ങി വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു വാര്‍ത്തയാണ് പുറത്തെത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് പുതിയ വിവരം. എ ആര്‍ മുരുഗദോസ് ഗജിനിയുടെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട് നടനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അന്തിമ തീരുമാനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് വിവരം.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഇത് മൂന്നാം തവണയാണ് സൂര്യ – മുരുഗദോസ് കോമ്പോ ഒന്നിക്കുന്നത്. ‘ഏഴാം അറിവ്’ എന്ന ചിത്രവും മുരുഗദോസ് ആണ് സംവിധാനം ചെയ്തത്. ഈ ചിത്രവും വലിയ വിജയമാണ് സമ്മാനിച്ചത്. എന്ത് തന്നെ ആയാലും ഈ വാര്‍ത്ത പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

2005ല്‍ പുറത്തിറങ്ങിയ ബ്ലോക് ബസ്റ്റര്‍ ചിത്രമായിരുന്നു ഗജനി. സഞ്ജയ് രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ എത്തിയ ചിത്രത്തില്‍ അസിനും നയന്‍താരയുമാണ് നായികമാരായി എത്തിയത്. രണ്ടാം ഭാഗം ഒരുങ്ങുമ്പോള്‍ നയന്‍താര സിനിമയുടെ ഭാഗമാകുമോ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദിയില്‍ ആമിര്‍ ഖാന്‍ ആയിരുന്നു നായകനായി എത്തിയത്.

അതേസമയം, കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം എന്ന ചിത്രത്തിലാണ് സൂര്യ ഒടുവില്‍ അഭിനയിച്ചത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും സൂര്യ അര്‍ഹനായിരുന്നു. മികച്ച നടനുള്ള അവാര്‍ഡ് ആണ് സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യക്ക് ലഭിച്ചത്.

Vijayasree Vijayasree :