ഇന്നും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ നിരവധി, നാല്‍പതിനായിരത്തോളം കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്; നടന്‍ കൃഷ്ണകുമാര്‍

കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്തിയ നടനാണ് കൃഷ്ണ പ്രസാദ്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം മുടക്കിയതിനെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. കൃഷ്ണപ്രസാദിന്റെ സുഹൃത്തുകൂടിയായ നടന്‍ ജയസൂര്യ വിഷയത്തില്‍ പ്രതികരിച്ചതോടെ വലിയ വിവാദമാണ് കേരളത്തില്‍ ഉണ്ടായത്. ഇരുവര്‍ക്കും എതിരെ സൈബര്‍ ഇടങ്ങളില്‍ നിന്നും വലിയ തോതില്‍ ആക്രമണം ഉണ്ടായി.

എന്നാല്‍ വിവാദങ്ങളും വിദ്വേഷങ്ങളും നേരിട്ടിട്ടും കൃഷ്ണപ്രസാദ് കര്‍ഷകര്‍ക്ക് വേണ്ടി അടിയുറച്ചു നില്‍ക്കുന്നതില്‍ നിന്നും പിന്നോട്ട് പോയില്ല. ഇപ്പോഴിതാ അന്നുണ്ടായ വിവാദങ്ങളെ പറ്റി പ്രതികരിച്ചിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് കേരളത്തിലെ കര്‍ഷകര്‍ നേരിടേണ്ടിവരുന്ന ദുരിതത്തെ പറ്റി കൃഷ്ണപ്രസാദ് തുറന്നു പറയുന്നത്.

‘ഇന്നും പട്ടിണി കിടക്കുന്ന കര്‍ഷകര്‍ നിരവധിയാണ്. ഞാന്‍ പ്രതികരിക്കുന്ന ഒരാളാണ്. നല്ലതായാലും ചീത്തയായാലും ഞാന്‍ പ്രതികരിക്കും. എന്തെങ്കിലും കേട്ടാല്‍ മിണ്ടാതിരിക്കുന്ന ഒരാളല്ല. കൃഷിയുടെ കാര്യത്തില്‍ ഞങ്ങള്‍ ഇടപെട്ടിരുന്നു. നാല്‍പതിനായിരത്തോളം കര്‍ഷകര്‍ക്ക് അവകാശപ്പെട്ട പണം കിട്ടാതെ വന്നതോടെയാണ് ഞങ്ങള്‍ ശബ്ദമുയര്‍ത്തിയത്.

ഏഴെട്ടു മാസമായി അതു മുടങ്ങി. എന്റെ സുഹൃത്തായ ജയസൂര്യ അതില്‍ പ്രതികരിച്ചു. അതു കൂടുതല്‍ വിവാദമായി. പക്ഷേ അതുകൊണ്ട് ഒരു ഗുണമുണ്ടായി. കിട്ടാതിരുന്ന പൈസ വലിയ താമസം കൂടാതെ കര്‍ഷകര്‍ക്ക് ലഭിച്ചു. ബാങ്കില്‍ നിന്ന് തരുന്നത് ലോണ്‍ ആണെന്ന് ഞാന്‍ പറഞ്ഞപ്പോഴാണ് കര്‍ഷകര്‍ പോലും അറിയുന്നത്. നെല്‍കൃഷി ചെയ്യുന്ന 90% ആള്‍ക്കാരും പാവങ്ങളാണ്.

അവര്‍ക്ക് വലിയ വിദ്യാഭ്യാസം ഉണ്ടാവണമെന്നില്ല. ബാങ്കുകളില്‍ നിന്ന് ലഭിക്കുന്ന പേപ്പര്‍ അവര്‍ ഒപ്പിടുന്നു എന്ന് മാത്രം. അങ്ങനെയുള്ളവരെ വിഡ്ഢികളാക്കുന്നു. അതിനെതിരെയാണ് ഞങ്ങള്‍ പ്രതികരിച്ചത്. അപ്പോള്‍ ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നു, ഈ രാഷ്ട്രീയ പര്‍ട്ടിക്കെതിരെ മാത്രം പറയുന്നു എന്ന പേരില്‍ വിമര്‍ശിച്ചു.

ആരാണോ ഭരിക്കുന്നത് അവരാണ് നമ്മള്‍ക്കിത് ചെയ്തു തരേണ്ടത്. അത് ആരായാലും അവര്‍ക്കെതിരെ ഞങ്ങള്‍ പ്രതികരിക്കും. കേരളത്തില്‍ കര്‍ഷകര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാത്തിനും അന്യസംസ്ഥാനങ്ങളെയാണ് കേരളം ആശ്രയിക്കുന്നത്’ കൃഷ്ണപ്രസാദ് പറഞ്ഞു.

Vijayasree Vijayasree :