നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. സന അല്‍ത്താഫ് ആണ് വിവാഹ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. റജിസ്റ്റര്‍ വിവാഹമായിരുന്നു ഇരുവരുടെയും. തൊടുപുഴ പെരുംമ്പള്ളിച്ചിറയാണ് ഹക്കിമിന്റെ സ്വദേശം. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡിയിലാണ് ആദ്യം അഭിനയിക്കുന്നത്. അതിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ തന്നെ ചാര്‍ളിയില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു.
രക്ഷാധികാരി ബൈജു, കൊത്ത്, വിശുദ്ധ മെജോ, പ്രിയന്‍ ഓട്ടത്തിലാണ്, അര്‍ച്ചന 31 തുടങ്ങിയ ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു. 2021ല്‍ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോര്‍ട്ട്ഫിലിമിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
കടസീല ബിരിയാണി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. പ്രണയ വിലാസം, കടകന്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടില്‍ ഒരു മുറി, പൊറാട്ട് നാടകം എന്നീ സിനിമകളാണ് ഇനി റിലീസിനൊരുങ്ങുന്നത്.
വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ സഹോദരി വേഷത്തിലൂടെയാണു സന അഭിനയരംഗത്തേക്കു കടന്നത്. കൊറിയോഗ്രഫറായ ബന്ധു സജ്‌ന വഴിയാണു ലാല്‍ജോസ് ചിത്രത്തില്‍ സനയ്ക്ക് ആദ്യ അവസരം ലഭിച്ചത്. തുടര്‍ന്നു മറിയം മുക്കില്‍ ഫഹദ് ഫാസിലിന്റെ നായിക സലോമിയായും വേഷമിട്ടു.
റാണി പത്മിനിയും ബഷീറിന്റെ പ്രേമലേഖനവും ഒടിയനും മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തമിഴില്‍ ചെന്നൈ 28ന്റെ രണ്ടാം ഭാഗത്തിലും ആര്‍കെ നഗറിലും പ്രധാന വേഷങ്ങള്‍ ചെയ്തു. കാക്കനാടാണു സ്വദേശം. ഉപ്പ അല്‍ത്താഫ് നിര്‍മാതാവാണ്. ഉമ്മ ഷമ്മി. സഹോദരി ഷമ.