നിരവധി ആരാധകരുള്ള തെലുങ്ക് സൂപ്പർ സ്റ്റാർ ആണ് ചിരഞ്ജീവി. ഇന്ന് അദ്ദേഹം തന്റെ 69-ാം പിറന്നാൾ ആഘോഷമാക്കുകയാണ്. പിറന്നാളിനോട് അനുബന്ധിച്ച് നടൻ തിരുമല തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഭാര്യ സുരേഖ കൊനിഡേലയയ്ക്കും അമ്മയ്ക്കുമൊപ്പമാണ് ക്ഷേത്രത്തിലെത്തിയത്.
പരമ്പരാഗത ഓഫ്-വൈറ്റ് സിൽക്ക് മുണ്ടും കുർത്തയും കസവു ബോർഡറുള്ള ഷോളും ധരിച്ചെത്തിയ അദ്ദേഹം പുലർച്ചെയാണ് ക്ഷേത്രത്തിലെത്തിയത്. തുടർന്ന് തടിച്ച് കൂടിയ ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് ക്ഷേത്രത്തിലേക്ക് കടന്നത്. കുറച്ച് നേരം ക്ഷേത്രത്തിൽ ചെലവിട്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോകുളുമെല്ലാം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായും എത്തിന്നത്. 1978-ൽ ‘പുനദിരല്ലു’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവിയുടെ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്നിങ്ങോട്ട് ആരാധകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.
സിനിമയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് കേന്ദ്രസർക്കാർ ഈ വർഷം ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി ആദരിച്ചിരുന്നു. വയനാട് ദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങായും അദ്ദേഹം എത്തിയിരുന്നു. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിഗാശ്വാസ നിധിയിലേയ്ക്ക് നേരിട്ടെത്തിയാണ് അദ്ദേഹം കൈമാറിയത്.
അതേസമയം, അദ്ദേഹത്തിന്റെ ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രമായ വിശ്വംഭരയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. സോഷ്യോ- ഫാന്റസി എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ മാസ്സ് ചിത്രം നിർമ്മിക്കുന്നത് യു വി ക്രിയേഷൻസാണ്. ബിംബിസാര എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറ്റം കുറിച്ച വസിഷ്ഠ ഒരുക്കുന്ന വിശ്വംഭര, മികച്ച വിഎഫ്എക്സ്, വമ്പൻ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുമെന്നാണ് വിവരം. 2025 ജനുവരി 10 ന് ഈ ചിത്രം ആഗോള റിലീസായെത്തും.