കഴിഞ്ഞ ദിവസമായിരുന്നു മുൻഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്. ബാലയുടെ മാനേജർ രാജേഷ്, അനന്തകൃഷ്ണൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടവന്ത്ര പൊലീസ് ആണ് ഗായികയുടെ പരാതിയിന്മേൽ നടനെയും കൂട്ടരെയും കഴിഞ്ഞ ദിവസം പുലർച്ചെ അറസ്റ്റ് ചെയ്തത്.
ബാലയുടെ അറസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലടക്കം നടക്കുന്നത്. ഈ വേളയിൽ ബാല വർഷങ്ങളായി തങ്ങളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പരാതിക്കാരിയായ ഗായിക. പത്ത് പതിനാല് വർഷമായി ഓൺലൈനിലൂടെയും അല്ലാതെയുമൊക്കെയുള്ള ഭീഷണികൾ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.
അത് ഒരു പോയിന്റ് കഴിഞ്ഞപ്പോഴാണ് പരാതിയിലേക്ക് പോയത്. ഒന്നാമത് ഇപ്പോൾ വീട്ടിൽ ഞാനും അമ്മയും അനിയത്തിയും മകളും മാത്രമാണുള്ളത്. അച്ഛൻ പോലും ഇല്ലാത്ത അവസ്ഥയാണ്. സഹിക്കാവുന്നതിലും ഒരുപാട് സഹിച്ചു. മകളെ കാണിക്കുന്നില്ല, ഞാൻ കോടികൾ തട്ടിയെടുത്തു എന്ന് തുടങ്ങിയുള്ള വ്യാജ ആരോപണങ്ങളാണ് എനിക്കെതിരെ നടത്തിയത്. വ്യക്തിഹത്യ നടത്താനുള്ള ശ്രമവും ഉണ്ടായി.
കാണാൻ പറ്റാത്ത സാഹചര്യത്തിൽ മൂന്ന് പേരോടൊപ്പം കണ്ടു. തുടങ്ങിയ അടിസ്ഥാന രഹിതമായ കാര്യങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴൊക്കെ ഞാൻ മിണ്ടാതിരുന്നത് മകളെ ഓർത്ത് മാത്രമാണ്. മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന് എനിക്കുണ്ടായിരുന്നു. അവളും അത്രത്തോളം അനുഭവിച്ചിട്ടുണ്ട്.
ഒരു സ്ത്രീ എന്ന നിലയിൽ അനുഭവിക്കാൻ കഴിയുന്നതിന്റെ പരമാവധി അനുഭവിച്ചിട്ടാണ് ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നത്. മകളിലേക്കും കൂടി വന്നപ്പോഴാണ് മകളെ എടുത്ത് ഇറങ്ങിയോടിയത്. അത്രയും ട്രോമ അനുഭവിച്ച കുഞ്ഞാണ്. അവളെ ചെന്നൈയിൽ കൊണ്ടുപോയി പൂട്ടിയിട്ട സാഹചര്യമൊക്കെ ഉണ്ടായിരുന്നു.
രണ്ടുപേരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം മോശം പറയാൻ പാടില്ലെന്ന ഒരു നിബന്ധന വിവാഹ മോചന സമയത്തുണ്ടായിരുന്നു. അതോടൊപ്പം മകളെ ഒരു ആരോപണത്തിലേക്കും വലിച്ചിടരുതെന്നും. ഇത്തരം ധാരണകളുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചനം നടക്കുന്നത്. കഴിഞ്ഞ ഡിസംബർ 31 എന്റെ അഭിഭാഷകർ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു.
മകളുടെ പേരിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് കൊടുത്തു എന്നുള്ള ആരോപണം വരെയാണ് എന്റെ മുകളിലേക്ക് ഇട്ടിരിക്കുന്നത്. ഇതെല്ലാം ക്ലാരിഫൈ ചെയ്ത എന്റെ അഭിഭാഷകർ ഇനിയും ഇത് തുടർന്നാൽ കേസ് നൽകും പറഞ്ഞിരുന്നു. എനിട്ടും വീണ്ടും തുടങ്ങി. അത് സഹിക്കാൻ കഴിയാതെ കേസിലേക്ക് പോയത്.
ഇതുവരെ മകളെ കാണാൻ അദ്ദേഹം ശ്രമിച്ചിട്ടില്ല. എല്ലാ രണ്ടാം ശനിയാഴ്ചയും കോടതിയിൽ വന്ന് മകളെ കൊണ്ടുപോകാം എന്നായിരുന്നു വിവാഹ മോചന സമയത്തെ ധാരണ. എന്നാൽ അതിന് അദ്ദേഹം തയ്യാറായിട്ടില്ല. അത് മാത്രമല്ല, മകളെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മകളെ ഇപ്പോൾ ഇതൊക്കെ വലിയ രീതിയിൽ ബാധിച്ചു തുടങ്ങി.
നിന്റെ ഫാദർ പറയുന്നുണ്ടല്ലോ അമ്മ ബാഡ് ആണെന്ന്, പിന്നെന്തിനാണ് അമ്മയുടെ കൂടെ നിൽക്കുന്നത് എന്നൊക്കെയാണ് സ്കൂളിലെ ചില സഹപാഠികൾ ചോദിക്കുന്നത്. ഞങ്ങൾക്ക് ഇത് അല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയയും പാട്ടുമൊക്കെയാണ് എനിക്ക് ലൈഫ് എന്ന് പറയാനുള്ളു. അതിനേയും വല്ലതെ ഇതൊക്കെ ബാധിച്ച് തുടങ്ങി.
അച്ഛന്റെ മരണ ശേഷം നമുക്ക് ആരുമില്ലെന്ന് കരുതി കൂടുതൽ ശക്തിയോടെ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഭീകരമായ പല ആരോപണങ്ങളും നടത്തിയത് അച്ഛൻ മരിച്ചതിന് ശേഷമായിട്ടായിരുന്നുവെന്നും ഗായിക ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ തുറന്ന് പറഞ്ഞു.