കോളേജ് ലൈഫ് പോലെ സിനിമയിൽ എനിക്ക് സൗഹൃദവലയമുണ്ട്; ആ ‘സൗഹൃദത്തിന്റെ പുറത്താണ് അതിഥി വേഷങ്ങളിൽ എത്തിയിട്ടുള്ളത് ; ആസിഫ് അലി പറയുന്നു !

മലയാള സിനിമയിലെ യുവനടന്മാരിൽ ശ്രദ്ധയാനാണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ മലയാള സിനിമായിലേക്ക് കടന്നു വന്ന വളരെ പെട്ടെന്നാണ് പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത്. യുവാക്കൾക്കിടയിലും കുടുംബപ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ ആരാധകരുള്ള നടനാണ് ഇന്ന് ആസിഫ് അലി.

ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെ ആയിരുന്നു ആസിഫ് അലിയുടെ അരങ്ങേറ്റം. തുടക്കം നെഗറ്റീവ് കഥാപാത്രത്തിലൂടെ ആയിരുന്നെങ്കിലും പിന്നീട് എല്ലാത്തരം കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ആസിഫ് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു. ഇതുവരെ ഏകദേശം അറുപതിലധികം ചിത്രങ്ങളിൽ ആസിഫ് നായകനായും സഹനടനയുമെല്ലാം തിളങ്ങിയിട്ടുണ്ട്. സിബി മലയിൽ സംവിധാനം ചെയ്ത കൊത്തായിരുന്നു ആസിഫിന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

കരിയറിൽ ഉടനീളം അതിഥി വേഷങ്ങളിൽ തിളങ്ങിയിട്ടുള്ള ആസിഫ്, മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്കിലും എത്തിയിരുന്നു. മുഖം പോലും പൂർണമായി കാണിക്കാതെ, ഒരു ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രമായാണ് ആസിഫ് പ്രത്യക്ഷപ്പെട്ടത്. അങ്ങനെ ഒരു കഥാപാത്രമായി എത്തിയതിന് ആസിഫിനെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

ഇതിനു മുൻപ് ഡോക്ടർ ലവ്, മല്ലു സിങ്, ഉസ്‌താദ്‌ ഹോട്ടൽ, വെള്ളിമൂങ്ങ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലെല്ലാം അതിഥി വേഷങ്ങളിൽ എത്തി ആസിഫ് കയ്യടി നേടിയിട്ടുണ്ട്. സൗഹൃദത്തിന്റെ പുറത്താണ് താൻ ഈ വേഷങ്ങൾ എല്ലാം ചെയ്തത് എന്നാണ് ഒരിക്കൽ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്. റോഷാക്കിലെ ആസിഫ് അലിയുടെ ദിലീപ് എന്ന കാമിയോ റോൾ വീണ്ടും ചർച്ചയാകുമ്പോൾ ആസിഫ് അലി അന്ന് പറഞ്ഞതും ശ്രദ്ധനേടുകയാണ്.

കോളേജ് ലൈഫിലെന്നത് പോലെയാണ് സിനിമാ മേഖലയിലെ സൗഹൃദം താൻ കൊണ്ടുനടക്കുന്നതെന്നും താൻ ചെയ്ത അതിഥി വേഷങ്ങൾക്ക് എല്ലാം ഒരു ഐഡന്റിറ്റി ഉണ്ടായിരുന്നെയും ആസിഫ് അഭിമുഖത്തിൽ പറയുന്നുണ്ട്. ആസിഫിന്റെ വാക്കുകൾ ഇങ്ങനെ.

‘സൗഹൃദത്തിന്റെ പുറത്താണ് അതിഥി വേഷങ്ങളിൽ എത്തിയിട്ടുള്ളത്. ഒരു കോളേജ് ലൈഫ് പോലെ സിനിമയിൽ എനിക്ക് സൗഹൃദവലയമുണ്ട്. കോളേജ് വൈബ് പോലാണ് എനിക്ക് സിനിമ. അതിൽ സ്ഥിരം കാണുന്നവരുണ്ട്, ഫാമിലിയെ അറിയാവുന്നവരുണ്ട്, എന്റെ പേഴ്സണൽ ഫ്രണ്ട്സ് ആയിട്ടുള്ളവർ ഉണ്ട്. ആ സൗഹൃദങ്ങളുടെ പുറത്താണ് പല കാമിയോ റോളുകളും ചെയ്തിട്ടുള്ളത്,’

‘വെള്ളിമൂങ്ങയിലെ കഥാപാത്രം ബിജു ചേട്ടൻ ഒരു ദിവസം രാത്രിയിൽ വിളിച്ചിട്ട് എടാ, എന്റെ സിനിമയിൽ ഒരു ക്യാരക്റ്റർ റോളുണ്ട് നീയൊന്ന് വന്ന് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ, ഞാൻ ദേ വരുന്നു എന്ന് പറഞ്ഞ് പോയി ചെയ്തതാണ്. ആ വർഷം ഇറങ്ങിയ എന്റെ ബാക്കി എല്ലാ സിനിമകളെക്കാളും നന്നായ വേഷമായിരുന്നു അത്. ഞാൻ ചെയ്ത ആ വർഷത്തെ ഏഴ് സിനിമകൾ ഭയങ്കര മോശമായിരുന്നു. അതിൽ നിന്നും എനിക്ക് കിട്ടിയ വലിയ പ്രതീക്ഷ ആയിരുന്നു വെള്ളിമൂങ്ങയിലെ കഥാപാത്രം,’

ഉണ്ടയിൽ ആണെങ്കിൽ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞപ്പോൾ ഖാലിദ് റഹ്മാൻ വിളിച്ചിട്ട് മച്ചാനേ ഒന്നിങ്ങോട്ട് വരുമോ എന്ന് ചോദിച്ചിട്ട് പോയി ചെയ്തതതാണ്. ആ ചോദിക്കാനുള്ള ഫ്രീഡം ഉണ്ടാകുന്നത് ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ്. ഞാൻ പോകുന്നതും ഫ്രണ്ട്ഷിപ്പിന്റെ പുറത്താണ്. പക്ഷേ ചെയ്ത കഥാപാത്രങ്ങൾക്കൊക്കെ ഒരു ഐഡന്റിറ്റിയുണ്ട്,’

‘ഇപ്പോഴും കല്യാണ വീടുകളിൽ പോകുമ്പോൾ ആളുകൾ വന്ന് കുഞ്ചാക്കോ ബോബനല്ലേ എന്ന് എന്നോട് ചോദിക്കാറുണ്ട്. ഞാൻ ചാക്കോച്ചനോട് ഇത് പറഞ്ഞിട്ടുണ്ട്, നിങ്ങളോട് പോലും കുഞ്ചാക്കോ ബോബനല്ലേ എന്ന് ഇത്രയും അധികം ആളുകൾ ചോദിച്ചു കാണില്ലെന്ന്. ചില സമയത്ത് തമാശയായി തോന്നും, ചില സമയത്ത് ഭയങ്കര ദേഷ്യമൊക്കെ തോന്നും. മരണവീട്ടിൽ വെച്ച് ചോദിച്ചവരുണ്ട്. അതിനുള്ള ഐഡന്റിറ്റി ദൈവം തന്ന സമ്മാനമായാണ് കാണുന്നത്,’ ആസിഫ് പറയുന്നു.

AJILI ANNAJOHN :