ടൈ​ഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ്

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആനന്ദ്. വില്ലൻ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് മലയാളികളുടെ പ്രിയങ്കരനാകുന്നത്. ടൈ​ഗർ എന്ന ചിത്രത്തിലെ വില്ലൻ കഥാപാതാരമായ മുസാഫിറിനെ പ്രേക്ഷകർ മറക്കാനിടയില്ല. ഈ കഥാപാത്രത്തിലൂടെയാണ് തന്നെ ആളുകൾ തിരിച്ചറിയുന്നതെങ്കിലും മുസാഫിറിനെ തനിക്ക് ഇഷ്ടമല്ലെന്നാണ് നടൻ പറയുന്നത്.

ഞാൻ വളരെ കുറച്ച് സിനിമകൾ മാത്രമാണ് ചെയ്തിട്ടുള്ളത്. കഴിഞ്ഞ 27 വർഷമായി അല്ലെങ്കിൽ 30 വർഷമായി ഞാൻ ഒരു നല്ല കഥാപാത്രം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണ്. മലയാളത്തിൽ ആളുകൾ എന്നെ തിരിച്ചറിയുന്നത് ദി ടൈ​ഗർ എന്ന ചിത്രത്തിലെ മുസാഫിർ എന്ന കഥാപാത്രമായിട്ടാണ്.

ബി. ഉണ്ണികൃഷ്ണൻ സാറിനോടും ഷാജി കൈലാസ് സാറിനോടും അങ്ങനെയൊരു കഥാപാത്രം നൽകിയതിൽ എനിക്ക് ഒരുപാട് നന്ദിയുണ്ട്. ആ സിനിമ എനിക്ക് ഇൻഡസ്ട്രിയിൽ വളരെ നല്ല പേരാണ് നൽകിയത്. ആ പടത്തിലൂടെ എനിക്ക് നിരവധി കഥാപാത്രങ്ങൾ കിട്ടിയിട്ടുണ്ട്. കുറേ സിനിമകൾ എനിക്ക് ലഭിച്ചിരുന്നു. അതൊക്കെ സത്യമാണ്.

പക്ഷെ ഞാൻ മറ്റൊരു സത്യം പറയട്ടെ. ആ സിനിമ ആദ്യ ദിവസം തന്നെ ഞാൻ തിയേറ്ററിൽ പോയി കണ്ടിരുന്നു. എന്റെ വ്യക്തിപരമായ കാഴ്ചപാടിൽ ‘എന്ത് പടമാണ്. എന്ത് കഥാപാത്രമാണ് കിട്ടിയത്’ എന്ന് ചിന്തിച്ചിരുന്നു. എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല. സത്യമാണ് ഞാൻ പറയുന്നത്. ആ കാര്യം ഞാൻ എന്റെ ഭാര്യയോടും പറഞ്ഞിരുന്നു.

മലയാളികളൊക്കെ ആ കഥാപാത്രത്തെ കുറിച്ച് നല്ല രീതിയിലാണ് സംസാരിക്കുന്നത്. എന്നാൽ എനിക്ക് ഒരിക്കലും ആ കഥാപാത്രം ഇഷ്ടമായില്ല. ആ സിനിമക്ക് ശേഷം എനിക്ക് അതിനോട് സമാനമായ കഥാപാത്രങ്ങളാണ് കിട്ടിയത്. എനിക്ക് ആ സിനിമകളിലൂടെ പൈസ കിട്ടുന്നൊക്കെയുണ്ട്. ഞാൻ കുറച്ച് കൂടെ ബിസിയാകുകയും ചെയ്തു.

പക്ഷെ വർക്ക് എന്ന നിലയിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല. എന്നെ ചലച്ചിത്രകാരന്മാർ ആരും വേണ്ട വിധത്തിൽ ഉപയോ​ഗിക്കുന്നില്ലെന്നാണ് ഈയിടെ വെങ്കടേഷ് മഹാ എന്ന തെലുങ്ക് സംവിധായകൻ എന്നോട് പറ‍ഞ്ഞതെന്നും ആനന്ദ് കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

Vijayasree Vijayasree :