ആശംസകൾ അറിയിച്ചും ആർപ്പുവിളിച്ചും മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആരാധകർ; അവസാനം മെഗാസ്റ്റാർ എത്തിയപ്പോൾ

മലയാളത്തിന്റെ മെഗാസ്റ്റാറിന് ഇന്ന് പിറന്നാൾ. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്. എങ്ങും പിറന്നാൾ ആവേശം അലതല്ലുമ്പോൾ മമ്മൂട്ടിയുടെ വീടിന് മുന്നിൽ ആശംസകൾ അറിയിക്കാൻ തടിച്ചു കൂടിയ ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്.

വിവിധ പ്രദേശങ്ങളിൽ നിന്നുമുള്ള മമ്മൂട്ടി ഫാൻസ് അം​ഗങ്ങൾ ഉൾപ്പടെ ഉള്ളവരാണ് മമ്മൂട്ടിയുടെ വീടിന് മുന്നിൽ അർദ്ധരാത്രിയോട് തടിച്ച് കൂടിയത്. ആശംകൾ അറിയിച്ചും ആർപ്പുവിളിച്ചും ആരാധകർ മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷമാക്കി. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ മമ്മൂട്ടി ആരാധകരെ അഭിവാദ്യം ചെയ്യാൻ എത്തുകയും ചെയ്തു. പിആർഒ, രമേഷ് പിഷാരടി എന്നിവർക്കൊപ്പം ദുൽഖറും മമ്മൂട്ടിയുടെ കൂടെ എത്തിയിരുന്നു.

അതേസമയം, ഭ്രമയുഗം എന്ന ചിത്രത്തിലാണ് മമ്മൂട്ടി നിലവില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഹൊറര്‍ ത്രല്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സദാശിവൻ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തില്‍ എത്തുന്ന താരങ്ങള്‍. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിടും. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണിത്.

കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രമാണ് താരത്തിന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. ചിത്രം സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്യുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. കാതല്‍, ബസൂക്ക എന്നീ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Noora T Noora T :