ഒരു കമേഴ്സ്യൽ എന്റർടെയ്നർ വിജയിപ്പിക്കുന്നത് അത്ര എളുപ്പമല്ല… പുഷ്പയുടെ ഹൈലൈറ്റ് അല്ലുവിന്റെ പെർഫോമൻസാണ്; വി.എ. ശ്രീകുമാർ

ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ അല്ലു അർജുനെ പ്രശംസിച്ച് സംവിധായകൻ വി.എ. ശ്രീകുമാർ. അല്ലു ഒറ്റത്തോളിൽ കയറ്റി കൊണ്ടുപോയ സിനിമയാണ് ‘പുഷ്പ’യെന്നും ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹനാണ് അദ്ദേഹമെന്നും ശ്രീകുമാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

‘‘അല്ലു അർജുൻ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയതിനെ എതിർക്കുന്ന നിലയ്ക്കുള്ള പരാമർശങ്ങൾ ചില നിരൂപകരും സിനിമാ ബുദ്ധിജീവികളും പോസ്റ്റുകളായും കമന്റുകളായും നടത്തുന്നത് ശ്രദ്ധിച്ചു. ‘പുഷ്പ’ പോലൊരു സിനിമ, എല്ലാ വശങ്ങളിൽ നിന്നും ഏറ്റവും മികച്ച നിലയ്ക്ക് രൂപപ്പെടുത്തിയ ഒരു എന്റർടെയ്നറാണ്. പാൻ ഇന്ത്യാ ഹിറ്റാണ്. തെലുങ്ക് പ്രേക്ഷകർ മാത്രമല്ല, ഇന്ത്യയിലും പുറത്തുമുള്ള കോടിക്കണക്കിന് ഇന്ത്യാക്കാരെ ആകർഷിച്ച ആ സിനിമ, മികച്ച തിയറ്റർ അനുഭവും ആസ്വാദനവും നൽകി.

‘പുഷ്പ’യിൽ അല്ലു അർജുന്റെ പ്രകടനം സുപ്രധാനമാണ്. അല്ലു ഒറ്റ തോളിൽ കയറ്റി കൊണ്ടുപോയ സിനിമയാണത്. ഒരു കമേഴ്സ്യൽ എന്റർടെയ്നർ വിജയിപ്പിക്കുന്നത് അത്ര എളുപ്പമല്ല. പുഷ്പയുടെ ഹൈലൈറ്റ് അല്ലുവിന്റെ പെർഫോമൻസാണ്. അഭിനയം കൂടി ചേർന്നതാണല്ലോ പെർഫോമൻസ്. പുഷ്പ എന്ന കഥാപാത്രത്തിന് അല്ലു നൽകിയ ഡീറ്റെയിലിങ്, അത് സ്ഥായിയായി സിനിമയിലുടനീളം നിലനിർത്തുക എന്ന വെല്ലുവിളി, അതും രണ്ടേ മുക്കാൽ മണിക്കൂറൊക്കെ, എന്നത് നിസ്സാരമല്ല. ആക്‌ഷനിലായാലും മാസ്, പ്രണയ, വൈകാരിക രംഗങ്ങളിലായാലും പുഷ്പ എന്ന കഥാപാത്രത്തെ ആ ഭാവങ്ങളിലേയ്ക്കെല്ലാം പകർത്തുക എന്നത് അല്ലുവിൽ ഭദ്രമായിരുന്നു. ഒരു വർഷമെടുത്താണ് സിനിമ പൂർത്തിയാക്കിയത്… ഈ നീണ്ട ചിത്രീകരണ കാലയളവിലടക്കം കഥാപാത്രത്തെ ഉള്ളിൽ നിലനിർത്തി വേണമല്ലോ നമ്മൾ കണ്ട രണ്ടേ മുക്കാൽ മണിക്കൂറിനുള്ളിൽ ഒതുക്കാൻ. അതുകൊണ്ടു തന്നെ അല്ലു ഈ ദേശീയ അവാർഡിന് എന്തുകൊണ്ടും അർഹനാണ്.

പടം വിജയിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല, തന്റെ ഭാഗം മാത്രം ശരിയായാൽ മതി, ഏതെങ്കിലും വിഭാഗത്തിനെ മാത്രം തൃപ്തിപ്പെടുത്തിയാൽ മതി എന്ന നിലയല്ല പുഷ്പയിലെ അല്ലുവിന്റേത്. അല്ലുവിന്റെ കഥാപാത്രത്തിന്റെ വിജയമാണ് സിനിമ നേടിയ 400 കോടി.

മികച്ച നടനാകുന്നത്, അതിനുവേണ്ടി തന്നെ തയ്യാറാക്കിയ സിനിമകളിലൂടെയാണ് എന്നും ജനപ്രിയ സിനിമയിലെ നടന് അതിനർഹതയില്ല എന്നും പറയുന്നത് ചലച്ചിത്ര മേഖലയ്ക്ക് ഒരിക്കലും ഗുണം ചെയ്യാത്ത, ശത്രുതാപരമായ പിടിവാശിയാണ്. വിനോദ സിനിമയിൽ മികച്ച അഭിനയം സാധ്യമാണ് എന്നു തെളിയിക്കുന്നു അല്ലു അർജുൻ. സിനിമയുടെ ഒന്നാം ഭാഗത്തിലെ അഭിനയത്തിനാണ് ഈ പുരസ്കാരം. രണ്ടാം ഭാഗം ഉടനുണ്ട്. ദേശീയ അവാർഡ് നേടിയ കഥാപാത്രം എന്ന നിലയിൽ കൂടി, നമ്മളിനി പുഷ്പയെ രണ്ടാം ഭാഗത്തിൽ കാണും.

ആർട് -കമേഴ്സ്യൽ വേർതിരിവുകളില്ലാതെ ഏതു സിനിമയിലാണെങ്കിലും, ഒരു സിനിമയുടെ നട്ടെല്ലാകുന്ന പെർഫോമൻസിന്, നല്ല പ്രകടനത്തിനു തന്നെയാണ് പുരസ്കാരം നൽകേണ്ടത്. മാസ് കമേഴ്സ്യൽ സിനിമയിലെ മികച്ച അഭിനയം, ദേശീയ അവാർഡിന് പരിഗണിക്കപ്പെടും എന്നത്, കൂടുതൽ മികച്ച പെർഫോമൻസുകൾക്കുള്ള സാധ്യതയും കൂട്ടുന്നുണ്ട്. എനിക്ക് പുഷ്പ 2- കാണാനുള്ള ആവേശം വർദ്ധിപ്പിക്കുന്നു അല്ലുവിന്റെ ഈ പുരസ്കാര നേട്ടം.’’–വി.എ. ശ്രീകുമാർ പറഞ്ഞു.

Noora T Noora T :