ഹിന്ദുക്കളെ ഉണർത്താൻ ചില പിശാചുക്കളുടെ പരാമർശങ്ങൾ കാരണമായി… കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഇനി ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കും; സുരേഷ് ഗോപി

അഭിനയത്തോടൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ് സുരേഷ് ഗോപി. ഷോർണൂരിൽ സംഘടിപ്പിച്ച ഗണേശോത്സവത്തിൽ പങ്കെടുത്ത് സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

ഗണേശ ഭഗവാനെ പരിഹസിച്ചതിൽ ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വമെന്ന് നടൻ സുരേഷ് ഗോപി. ഹിന്ദു വിശ്വാസികളെ പ്രതിസന്ധിയിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാനാണ് ചില പറ്റങ്ങൾ ചില പരാമർശങ്ങൾ നടത്തിയത്. എന്നാൽ സംയമനം പാലിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങളാണ് ഹിന്ദു വിശ്വാസികൾ സംഘടിപ്പിച്ചത്. ഹിന്ദുക്കളെ ഉണർത്താൻ ചില പിശാചുക്കളുടെ പരാമർശങ്ങൾ കാരണമായി. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഇനി ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന മറ്റൊരു തൃശൂര്‍ പൂരമായിരിക്കണം അടുത്തവര്‍ഷത്തെ ഗണേശോത്സവമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരമൊരു തീരുമാനം എടുക്കാന്‍ സാധിച്ചെങ്കില്‍ ചില പിശാചുക്കളോടു നമ്മള്‍ നന്ദി പറയണം. ഞാന്‍ ആ പിശാചിനോടു നന്ദി പറയുന്നു. ഹിന്ദുവിനെ ഉണര്‍ത്തി, വിശ്വാസിയെ നിങ്ങള്‍ ഉണര്‍ത്തി, കൂട്ടത്തില്‍ ഞാനും ഉണര്‍ന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

‘സകല ഗണങ്ങളുടെയും പതി, ഗണപതി. ഗണപതി ഭഗവാനെ, ഗണേശ ഭഗവാനെ നമിച്ചുകൊണ്ട് ഷോർണൂർ കുളപ്പള്ളിൽ സമ്മേളിച്ചിട്ടുള്ള ഈ ഭക്തജന സംഗമത്തിന് ഹൃദയം നിറഞ്ഞ നമസ്‌കാരം. അധികം ഞാൻ പ്രസംഗിക്കുന്നില്ല, പ്രസംഗത്തിൽ ഞാൻ എന്ത് പറഞ്ഞാലും നമ്മുടെ പ്രതിരോധം എന്ന് പറയുന്നത് പ്രംഗത്തിന്റെ വാചകത്തിലും അതിന്റെ പൊരുളിലും മാത്രമായി ചുരുങ്ങി പോകും. ഭക്തിയുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള നമ്മുടെ അവകാശപൂർണമായ നിർവ്വഹണമായിരിക്കണം നമ്മുടെ പ്രതികരണമെന്നാണ് എനിക്ക് ഹിന്ദു സമൂഹത്തോട് അഭ്യർത്ഥിക്കാനുള്ളത്. നമ്മളെ എല്ലാവരെയും പ്രതിസന്ധികളിലാക്കി അതുവഴി ഒരു ലഹളയ്‌ക്ക് തുടക്കമിടാൻ ചില പറ്റങ്ങൾ അങ്ങനെയുള്ള പരാമർശങ്ങൾ നടത്തിയപ്പോൾ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ശബ്ദത്തിൽ ഹിന്ദുക്കൾ പ്രതിഷേധങ്ങൾ രേഖപ്പെടുത്തി’.

‘ഭാരതത്തിലെ ഏറ്റവും വലിയ സമൂഹത്തിന്റെ സംയമനം, അതും ഭാരതത്തിന്റെ സംസ്‌കാരത്തിലൂന്നിയുള്ള സംയമനം ലോകം മുഴുവൻ കണ്ടു. ലോകം മുഴുവനുള്ള ഹിന്ദു വിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വം. ആ മതേതരത്വം കാത്തു സൂക്ഷിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നാമജപ ഘോഷയാത്രയൊക്കെ വൈകാരികമായ പ്രകടനങ്ങൾ തന്നെയായിരുന്നു. അതിൽ ജനസഹസ്രങ്ങൾ തെരുവിലിറങ്ങിയപ്പോൾ ഹിന്ദുവിന്റെ അവകാശപൂർവ്വമായ ഒരു വികാരത്തിൽ നിന്നുണ്ടായ കണ്ണീരൊഴുക്കാണ് കേരളത്തിൽ കണ്ടത്. ഞങ്ങളാരും മറ്റ് വിശ്വാസങ്ങളെയും ദൈവങ്ങളെയും അവഹേളിക്കാനോ പുച്ഛിക്കാനോ, ആ ദൈവങ്ങളുടെ പേര് പോലും പറയാനോ തയ്യാറായില്ല എന്നത് ഞങ്ങളുടെ സംസ്‌കാരമാണടോ. ഇത്രയും പോലും പറയണമെന്ന് ഞാൻ വിചാരിച്ചതല്ല’.

‘സിനിമകളിൽ അഭിനയിക്കുന്ന കാലം മുതൽക്കെ ഈ പ്രദേശത്ത് കൂടി ഞാൻ സഞ്ചരിക്കാറുണ്ട്. ഏഴ് വർഷത്തോളമായി എന്നെ ഗണേശോത്സവങ്ങളിൽ പങ്കെടുക്കാൻ ക്ഷണിക്കാറുമുണ്ട്. എന്നാൽ തിരക്കുകൾ കാരണം എനിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പക്ഷെ, ഇത്തവണ ഞാൻ തീരുമാനിച്ചു. കൊക്കിൽ ജീവനുള്ള കാലത്തോളം, നടുനിവർത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം ഉറപ്പായും ഗണേശോത്സവങ്ങളിൽ പങ്കെടുക്കും. എല്ലാ വേദികളിലും ഒരു ഭക്തനായി എത്തും. വിമർശിക്കാൻ വേണ്ടിയല്ല, ഇവിടെ ഭക്തിയുടേ പേരിലാണ് നമ്മൾ സംഘടിച്ചിരിക്കുന്നത്. നമ്മുടെ സത്യത്തിലുള്ള, നമ്മുടെ വിശ്വാസത്തിലുള്ള ഒരു ബലമാണ് ഇവിടെ നമ്മൾ പ്രദർശിപ്പിച്ചിരിക്കുന്നത്. ആ ബലം പ്രദർശിപ്പിക്കുക തന്നെ വേണം. ആ ബലം പാലക്കാട്, മലപ്പുറം ജില്ലകളിൽ മുഴുവൻ വ്യാപിപ്പിക്കണം. ലോകം മുഴുവൻ ശ്രദ്ധിക്കത്തക്ക തരത്തിലുള്ള മറ്റൊരു തൃശൂർ പൂരമായി ഇനി വരും നാളുകളിൽ ഗണേശോത്സവം സംഘടിപ്പിക്കണം. ഇങ്ങനെയൊരു തീരുമാനം നമുക്ക് എടുക്കാൻ കഴിഞ്ഞതിൽ ചില പിശാചുക്കളോട് നമുക്ക് നന്ദി പറയേണ്ടതുണ്ട്. ഹിന്ദുവിനെ അവർ ഉണർത്തി, വിശ്വാസികളെ അവർ ഉണർത്തി. അങ്ങനെ ഉണർന്ന ഒരാളാണ് ഞാനും’- സുരേഷ് ഗോപി പറഞ്ഞു.

Noora T Noora T :