കരിയറിന്റെ തുടക്കത്തിൽ തന്നെ കളിയാക്കിയവരും മോശമായി പെരുമാറിയവരും ഇപ്പോൾ തന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് ദുൽഖർ സൽമാൻ. ‘കിംഗ് ഓഫ് കൊത്ത’ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്. ‘‘എന്റെ കരിയറിന്റെ തുടക്കത്തിൽ എന്നെ പരിഹസിച്ചവരുണ്ട്. ആദ്യ രണ്ടുമൂന്നു സിനിമകൾ ഇറങ്ങിയ സമയത്ത് മോശമായി പെരുമാറിയവരുണ്ട്. എന്നാൽ ഇന്ന് അവർ എന്റെയൊരു ഡേറ്റിനു വേണ്ടി ശ്രമിക്കുന്ന കാര്യം എനിക്ക് അറിയാം.’’–ദുൽഖർ പറഞ്ഞു.
തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് ‘കിങ് ഓഫ് കൊത്ത’യെ ദുൽഖർ വിശേഷിപ്പിച്ചത്. ആളുകൾ സിനിമ കാണണമെങ്കിൽ മികച്ച തിയറ്റർ അനുഭവം നൽകണം. അവർ ചെലവഴിക്കുന്ന പണത്തിനു മൂല്യമുണ്ടാകണം. പ്രേക്ഷകർക്ക് വലിയ സ്കെയിൽ ചിത്രങ്ങളോടാണ് താൽപര്യം. ഒരു നിർമാണ കമ്പനി എന്ന നിലയിൽ തങ്ങൾ നിർമിച്ച ഏറ്റവും ചെലവേറിയ സിനിമയാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷിയിലും ജേക്സ് ബിജോയിലും തനിക്ക് പ്രതീക്ഷകൾ ഒരുപാടാണെന്നും ദുൽഖർ പറഞ്ഞു.
കൊത്തയിലെ കഥയെ മുന്നോട്ടു കൊണ്ട് പോകുന്നതിൽ എല്ലാ കഥാപാത്രങ്ങൾക്കും നിർണായകമായ പങ്കുണ്ടെന്നും താരം വ്യക്തമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും ചേർന്നാണ്.
കണ്ണൻ എന്ന കഥാപാത്രമായി, ‘സാർപ്പാട്ട പരമ്പരൈ’ എന്ന ചിത്രത്തിൽ ഡാൻസിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ എത്തുന്നു. ഷാഹുൽ ഹസ്സൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രമായി ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദ്, ടോമിയായി ഗോകുൽ സുരേഷ്, ദുൽഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകൻ, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വടചെന്നൈ ശരൺ, റിതുവായി അനിഖ സുരേന്ദ്രൻ എന്നിവരാണ് ചിത്രത്തിലെത്തുന്നത്.ചിത്രം ഓഗസ്റ്റ് 24ന് തിയറ്റുകളിലെത്തും.