എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ പിടിയില്ലാത്ത അവസ്ഥയായി, സിനിമയുമായി ഒരു ബന്ധവുമില്ലാത്ത സ്ഥിതിയിലേക്കും കാര്യങ്ങൾ പോയി; തുറന്ന് പറഞ്ഞ് ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ സിനിമ വോയ്സ് ഓഫ് സത്യനാഥൻ റിലീസിന് തയ്യാറെടുക്കുകയാണ്. ടൈറ്റിൽ റോളിലാണ് ചിത്രത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നത്.. ചിത്രത്തിന്റെ റിലീസ് ജൂലൈ 14നാണ് ആദ്യം അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂലൈ 28ലേക്ക് മാറ്റിയതായി നിർമാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ ഗംഭീര പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്

പഠിക്കുമ്പോൾ‌ മുതൽ മിമിക്രിയോട് താൽപര്യമുണ്ടെങ്കിലും താൻ പഠനത്തിന് പിന്നിലേക്ക് ആയിരുന്നില്ലെന്ന് പറയുകയാണ് ഇപ്പോൾ ദിലീപ്. ഒരു യൂട്യൂബ് ചാനൽ നടത്തിയ ഫാൻസ് മീറ്റിൽ സംസാരിക്കവെ പഠിക്കാൻ‌ പുറകിലോട്ടായിരുന്നുവോയെന്ന് അവതാരക ചോദിച്ചപ്പോഴാണ് തന്റെ എസ്എസ്എൽസി മാർക്ക് അടക്കം ദിലീപ് വെളിപ്പെടുത്തിയത്. താൻ‌ ബിഎ പാസായ ഒരാളാണെന്നും എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നുവെന്നും ദിലീപ് വിശദീകരിച്ചു. മണ്ടത്തരം അഭിനയിക്കുമെങ്കിലും മണ്ടനല്ലെന്നും ദിലീപ് പറഞ്ഞു. ‘എസ്എസ്എൽസിക്ക് അന്ന് ഫസ്റ്റ് ക്ലാസാണ് ഡിസ്റ്റിങ്ഷൻ ഒന്നുമല്ല. എനിക്ക് എസ്എസ്എൽസിക്ക് 419 മാർക്കുണ്ടായിരുന്നു. അന്ന് 360 മതി ഫസ്റ്റ് ക്ലാസിന്. മണ്ടനാണെന്ന് വിചാരിച്ചോ…?. ഞാൻ‌ ബിഎ പാസായ ഒരാളാണ്. റെസ്പെക്ട് ചെയ്യൂ… കുറച്ചൊക്കെ. മണ്ടത്തരം അഭിനയിക്കും അത് വേറെ വിഷയമാണെന്നും’, നർമ്മം കലർത്തി സംസാരിക്കവെ ദിലീപ് പറഞ്ഞു.

ദിലീപ് പഠനത്തിൽ പിന്നോട്ടായിരുന്നുവെന്ന് നടനും സംവിധായകനുമായ നാദിർഷ പറഞ്ഞതായി കേട്ടിട്ടുണ്ടെന്ന് അവതാരക സംശയം പ്രകടിപ്പിച്ചപ്പോഴും കൃത്യമായ മറുപടി ദിലീപ് നൽകി. ‘ഞാൻ പഠിക്കാൻ പിറകോട്ടാണെന്ന് നാദിർഷ പറഞ്ഞിട്ടുണ്ടെങ്കിൽ‌ അവന്റെ കൂട്ടത്തിൽ എന്നെ കൂടി ചേർക്കാൻ വേണ്ടി പറഞ്ഞതായിരിക്കണം. കോളജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ മുതലാണ് മിമിക്രിയിലേക്ക് തിരിഞ്ഞത്. മഹാരാജാസ് കോളേജിലാണ് പഠിച്ചത്.’ ‘മൂന്ന് വർഷം അവിടെ ഉണ്ടായിരുന്നു. പക്ഷെ മൂന്ന് ക്ലാസിലെ കയറിയിട്ടുള്ളു. ഒരു ക്ലാസിൽ നിന്നും സാർ പുറത്താക്കുകയും ചെയ്തു. വല്ലപ്പോഴും മാത്രം വരുന്നൂ എന്നതുകൊണ്ട് ഞാൻ ആ ക്ലാസിലെ സ്റ്റുഡന്റാണെന്ന് സാറിന് മനസിലായില്ല. ഫുൾടൈം പ്രോഗ്രാമിന് പോവുകയായിരുന്നു. പിന്നീട് അധ്യാപകർ‌ അറ്റന്റൻസൊക്കെ തന്ന് സഹായിച്ചതുകൊണ്ട് പരീക്ഷ എഴുതി’, എന്നാണ് ദിലീപ് പറഞ്ഞത്.

വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടും പുരസ്കാരത്തിന്റെ കാര്യം വരുമ്പോൾ തഴയപ്പെട്ടതിൽ സങ്കടമുണ്ടോയെന്ന് ചോദിച്ചപ്പോൾ അവാർഡിന് പരിഗണിക്കണമെന്ന് അങ്ങോട്ട് പോയി ജൂറിയോട് പറയാൻ പറ്റില്ലല്ലോ എന്നാണ് ദിലീപ് ചോദിച്ചത്. ‘അവാർഡിന് പരിഗണിക്കണമെന്ന് അങ്ങോട്ട് പോയി ജൂറിയോട് പറയാൻ പറ്റില്ലല്ലോ. പിന്നെ സമയവും ലക്കും ഒക്കെ ഘടകമാണ്. ഞാൻ നൂറ് ശതമാനം സിൻസിയറായാണ് എന്റെ ജോലി ചെയ്തിരുന്നത്.’ ‘അതുപോലെ തന്നെ ഞാൻ എന്ത് കാണിച്ചാലും അത് മിമിക്രിയാണെന്ന് വിമർശിക്കപ്പെടും. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ കുറച്ച് നാളുകൾക്ക് മുമ്പ് നിന്നപ്പോൾ ഞാൻ നടനാണ് എന്ന കാര്യം പോലും ഇടയ്ക്ക് മറന്ന് പോയി.’

കാരണം വൈകിട്ട് ആകുമ്പോൾ അഡ്വക്കേറ്റിനെ കാണാൻ പോകും… പിന്നെ കുറേനേരം അവിടെ ഇരിക്കും. പിന്നെ എന്താണ് നടക്കുന്നതെന്ന് എനിക്ക് തന്നെ പിടിയില്ലാത്ത അവസ്ഥയായി. സിനിമയുമായി എനിക്ക് ഒരു ബന്ധവുമില്ലാത്ത സ്ഥിതിയിലേക്കും കാര്യങ്ങൾ പോയി.’ ‘പിന്നെ ഞാൻ എന്നെ തന്നെ ഞാൻ സിനിമയിൽ അഭിനയിക്കുന്നയാളാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തുകയും എന്റെ തന്നെ പഴയ സിനിമകൾ എടുത്ത് കാണുകയും ചെയ്താണ് കുറച്ചെങ്കിലും ഓക്കെയായതെന്നും’, ദിലീപ് പറഞ്ഞു.

Noora T Noora T :