നടൻ വരുൺ തേജ് വിവാഹിതനാവുന്നു

നടൻ വരുൺ തേജ് വിവാഹിതനാവുന്നു. ലാവണ്യ ത്രിപാഠിയാണ് വധു. ഇന്നാണ് ഇരുവരുടേയും വിവാഹ നിശ്ചയം നടക്കുന്നത്.

ഏറെ നാളായി വരുണും ലാവണ്യയും ഡേറ്റിങ്ങിൽ ആണെന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വിവാഹനിശ്ചയ തീയതി അനൗൺസ് ചെയ്യപ്പെട്ടിരിക്കുന്നത്.

തെലുങ്ക് സിനിമാലോകത്തെ നിർമാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുൺ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രൻ കൂടിയാണ്.

ബാലതാരമായി സിനിമയിലെത്തിയ വരുൺ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘കാഞ്ചി’, ‘ഫിദ’ എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ‘ഗെഡലകൊണ്ട ഗണേഷ്’ ആണ് ഒടുവിൽ റിലീസിനെത്തിയ വരുൺ തേജ് ചിത്രം.

ഗാന്ധീവധാരി അർജുന ആണ് വരുണിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അടുത്തിടെ വരുൺ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതുകൂടാതെ, ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങുന്ന VT13 എന്ന ചിത്രത്തിൽ വരുൺ തേജ് ഒരു യുദ്ധവിമാന പൈലറ്റായും അഭിനയിക്കുന്നുണ്ട്. നവാഗതനായ ശക്തി പ്രതാപ് സിംഗ് ഹദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാവണ്യ ത്രിപാഠി അടുത്തതായി അഭിനയിക്കുന്നത് തണൽ എന്ന തമിഴ് ചിത്രത്തിലാണ്.

Noora T Noora T :