വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് മോഹൻലാൽ, സിനിമ അദ്ദേഹത്തിന് പാഷനാണ്; തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

മോഹൻലാലിനെയും പ്രിയ രാമനെയും പ്രധാന കഥാപാത്രമാക്കി തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രമായിരുന്നു മാന്ത്രികൻ. ചിത്രീകരണ സമയത്ത് നടി പ്രിയ രാമനുമായി ഉണ്ടായ തർക്കത്തെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മാന്ത്രികൻ്റെ ഷൂട്ട് നടന്നത് മദ്രാസിലും പോണ്ടിച്ചേരിയിലുമായിരുന്നു.

ചിത്രത്തിന്റെ സെറ്റിട്ടിരിക്കുന്നത് മദ്രാസിലെ ഫിലിം സിറ്റിയിലായിരുന്നു. ഒരിക്കൽ സിനിമയൂടെ ഷൂട്ടിങ്ങിനിടയ്ക്ക് താനും പ്രിയും തമ്മിൽ ഉടക്കിയിരുന്നു. ചിത്രത്തിലെ ഒരു ​ഗാന​രം​ഗം ഷൂട്ട് ചെയ്യുന്നത് കിഷ്കിന്ത സ്റ്റുഡിയോയിലാണ്. പ്രിയ രാമനോട് രാവിലെ ആറ് മണിയ്ക്ക് റെഡിയായി എത്തണം വണ്ടി അയക്കുമെന്ന് താൻ പറഞ്ഞിരുന്നു. എന്നാൽ അവർ എത്താൻ വെെകി.

പ്രിയ താമസിക്കുന്ന വീട്ടിൽ നിന്നും സെറ്റിലേക്ക് ഇരുപത് കിലോമീറ്ററുണ്ട്. മോഹൻലാലൊക്കെ വന്ന് മേക്കപ്പിട്ട് ഇരിക്കുകയായിരുന്നു. ആറ് മണിക്കെത്താൻ പറഞ്ഞിട്ട് എന്താ വെെകിയത് എന്ന് പ്രിയയോട് ചോദിച്ചപ്പോൾ തന്നോട് സമയം പറഞ്ഞിരുന്നില്ലെന്നാണ് പ്രിയ മറുപടി പറഞ്ഞത്. തനിക്ക് ദേഷ്യം വന്നു. പ്രിയയോടും പ്രിയയുടെ ചേച്ചിയോടും അമ്മയോടും വരെ താൻ സമയം പറഞ്ഞിരുന്നുവെന്നും ഇനി ആരോടാണ് പറയേണ്ടതെന്നും താൻ ചോദിച്ചു.

ഇത് കേട്ട മോഹൻലാൽ, സമയം പറഞ്ഞിട്ടുണ്ടെങ്കിൽ ആ സമയത്ത് എത്തണമെന്ന് പറഞ്ഞു. അവരെ അപമാനിച്ചുവെന്ന പേരിൽ അവർ അന്ന് തന്റെയടുത്ത് പിണങ്ങി. അപമാനിച്ചതല്ല സത്യം പറഞ്ഞതാണെന്നായിരുന്നു താൻ മറുപടി നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു. വെളുപ്പിനെ ആറ് മണിയ്ക്ക് എത്തണമെന്ന് പറഞ്ഞാൽ അഞ്ച് മണിയ്ക്ക് എത്തുന്ന വ്യക്തിയാണ് മോഹൻലാൽ എന്നും അദ്ദേഹത്തിന് സിനിമ എന്ന് വെച്ചാൽ അത്ര പാഷനാണെന്നും രാജൻ കൂട്ടിച്ചേർത്തു.

Noora T Noora T :