ആരാധകരുടെ ഇടനെഞ്ചിൽ ഇടംപിടിച്ച മമ്മൂക്ക ഇന്ന് തന്റെ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിക്കുന്നത്.
ഹാപ്പി ബർത്ത് ഡേ ഡിയർ മമ്മൂക്ക, ഇന്ന് ഒത്തിരി പ്രത്യേകതകൾ ഉള്ള ദിവസമാണ്, ഇന്ന് വരെ ഞാൻ പറയുമായിരുന്നു എന്റെയും മമ്മുക്കയുടെയും ജന്മദിനം ആണ് സെപ്റ്റംബർ 7. എന്നാൽ ഇന്നുമുതൽ പറയും ഞങ്ങളുടെയും യൂടോക്ക്ന്റെയും ജന്മദിനം ആണ് എന്ന്. മമ്മൂക്ക ഇനിയും ഒരുപാട് വർഷങ്ങൾ എന്റെ നായകനായിരിക്കാൻ ദൈവം തുണയാകട്ടെ എന്നായിരുന്നു ജോബി ജോർജ് കുറിച്ചത്.
ഏഴ് എന്ന സംഖ്യയിൽ എന്തോ ഒരു മാജിക് ഉള്ളടങ്ങിയിട്ടുണ്ട്. ലോകാദ്ഭുതങ്ങൾ ഏഴ്. സ്വരങ്ങൾ ഏഴ്. കടലുകളും ഏഴ്. എന്തിന് ജീവസ്പന്ദനമായ നാഡികളെക്കുറിച്ച് പറയുമ്പോൾ പോലും ഏഴ് കടന്നു വരുന്നു. കാലത്തിൻ്റെ കലണ്ടർ ചതുരങ്ങളിൽ മലയാളി കാണുന്ന ഏഴിൽ ഉള്ളത് മമ്മൂട്ടി എന്ന മാന്ത്രികതയാണ്. സെപ്റ്റംബറിലെ ഏഴാം നാൾ പുലരുന്ന ഈ പാതിരാവിൽ എൻ്റെ മുന്നിലെ ഏഴാമത്തെ അദ്ഭുതത്തിനും അതേ പേര്. ഈ നല്ല നിമിഷത്തിൽ ഞാൻ മമ്മൂക്കയ്ക്ക് നന്ദി പറയുന്നു. ഒരുപാട് നല്ല ദിവസങ്ങൾക്ക്. തന്ന തണലിന്. ചേർത്തു പിടിക്കലിന്. സഹോദര സ്നേഹത്തിന്. വാത്സല്യത്തിന്. ഇനിയും ഒരുപാട് ഏഴുകളുടെ കടലുകൾ താണ്ടി മുന്നോട്ടു പോകുക, മമ്മൂക്ക, ആയുരാരോഗ്യത്തിനായി പ്രാർഥനകൾ എന്നായിരുന്നു ആന്റോ ജോസഫ് കുറിച്ചത്.
മമ്മൂക്കയ്ക്ക് അഭിനയത്തോടുള്ള ഇഷ്ടം പോലെയാണ് എനിക്ക് മമ്മൂക്കയോടുള്ള ഇഷ്ടമെന്നായിരുന്നു കൃഷ്ണ പ്രഭ കുറിച്ചത്. സുജാത മോഹന്‍, സൂരജ് സണ്‍, സംയുക്ത മേനോന്‍ തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസ അറിയിച്ചെത്തിയത്.
പതിവ് തെറ്റിക്കാതെ മമ്മൂട്ടിയുടെ ഗേറ്റിന് പുറത്തായി ആരാധകരും തടിച്ചുകൂടിയിരുന്നു. പടക്കം പൊട്ടിച്ച് ഹാപ്പി ബര്‍ത്ത് ഡേ പാടുകയായിരുന്നു ആരാധകര്‍. ആരാധകരെ കൈവീശി കാണിച്ച് മമ്മൂട്ടിയും എത്തിയിരുന്നു. ഈ നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. കേക്ക് മുറിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഞങ്ങള്‍ ആഘോഷമാക്കി. എല്ലാ വര്‍ഷവും ഇവിടേക്ക് വരാറുണ്ട്. ഈ 70 ാം വയസിലും ഇങ്ങനെ നില്‍ക്കുന്നൊരു മനുഷ്യനുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇതിനകം തന്നെ വീഡിയോയും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
തന്നെ കാണാനെത്തിയവരോട് കൈവീശി കാണിച്ചായിരുന്നു മമ്മൂട്ടി പോയത്.