മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. അദ്ദേഹത്തെ ഒന്ന് കാണാനും ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കാനും ആഗ്രഹിക്കാത്ത സിനിമാപ്രേമികൾ ഉണ്ടാകില്ല. മമ്മൂട്ടിയുടെ സിനിമകൾ ഒരിടയ്ക്ക് തുടരെ തുടരെ പരാജയം ഏറ്റുവാങ്ങിയ സമയം പോലും ഉണ്ടായിരുന്നു. എല്ലാത്തിനേയും മറികടന്നാണ് അദ്ദേഹം ഇന്ന് മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത കലാകാരനായി നിലകൊള്ളുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയെ കണ്ട അനുഭവം പങ്കുവെയ്ക്കുകയാണ് മുന്‍ഷി രഞ്ജിത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്
മോഹന്‍ലാലാണോ മമ്മൂട്ടിയാണോ നല്ല നടന്‍ എന്ന് ആരെങ്കിലും ചോദിച്ചാല്‍ മമ്മൂട്ടിയാണ് എന്നെ താന്‍ പറയൂവെന്നാണ് രഞ്ജിത്ത് പറയുന്നത്. ഇതിന് പിന്നിലെ കാരണം പറയവെയാണ് ഇരുവരുടേയും കാണുകയും പരിചയപ്പെടുകയും ചെയ്തിനെക്കുറിച്ച് അദ്ദേഹം മനസ് തുറന്നത്. കമ്മത്ത് ആന്റ് കമ്മത്തിന്റെ ഷൂട്ടിങ്ങ് ലോക്കെഷനില്‍ വെച്ചാണ് ആദ്യമായി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. അദ്ദേഹത്തോട് തന്നെ പരിചയപ്പെടുത്തിയത് ഏഷ്യനെറ്റിന്റെ ഒരു പ്രതിനിധിയായിരുന്നു. കണ്ടപ്പോഴെ അദ്ദേഹം വളരെ മാന്യമായി തന്നോട് പെരുമാറിയെന്നാണ് രഞ്ജിത്ത് പറയുന്നത്. ആദ്യമേ ഷേയ്ക്ക് ഹാന്‍ഡ് ഒക്കെ തന്നതിന് ശേഷമാണ് അദ്ദേഹം തന്നോട് സംസാരിക്കുകയും തന്റെ പ്രോഗ്രമിന്റെ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്തത എന്നും രഞ്ജിത്ത് ഓര്‍ക്കുന്നുണ്ട്.
അദ്ദേഹത്തെ കാണാന്‍ ചെല്ലുമ്പോള്‍ തന്റെ തലയില്‍ ഷൂട്ടിങ്ങ് സെറ്റില്‍ നിന്ന് വീണ പൂക്കള്‍ ഉണ്ടായിരുന്നു. കണ്ടയുടനെ അദ്ദേഹമാണ് അത് എടുത്തുകളഞ്ഞത്. അദ്ദേഹം തലയില്‍ കൈവെച്ച് അനുഗ്രഹിച്ച അനുഭവമായിരുന്നു തനിക്കതെന്നും രഞ്ജിത്ത് പറയുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ അടുത്ത് നിന്ന് തനിക്ക് ലഭിച്ചത് നേരെ മറിച്ചായിരുന്നെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഒരു നാള്‍ വരും ഷൂട്ടിങ്ങ് ലോക്കെഷനില്‍ വെച്ചാണ് മോഹന്‍ലാലിനെ രഞ്ജിത്ത് പരിചയപ്പെടുന്നത്.
അദ്ദേഹത്തിനടുത്ത് പരിചയപ്പെടാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം സ്‌ക്രിപ്റ്റ് എന്തോ വായിച്ചോണ്ടിരിക്കുകയായിരുന്നു. തന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തിട്ടും ഒരു നോട്ടം മാത്രമല്ലാതെ അദ്ദേഹം ഒന്നും സംസാരിക്കുകയോ പേര് പോലും ചോദിക്കുകയോ ചെയ്തില്ല എന്നാണ് രഞ്ജിത്ത് പറയുന്നത്. ആളുകള്‍ക്ക് എപ്പോഴും ഇടപെടാന്‍ നല്ലത് മമ്മൂട്ടിയാണെന്നും അദ്ദേഹം നമുക്കൊരു പരിഗണന നല്‍കുമെന്നും രഞ്ജിത്ത് പറയുന്നു.