മോഹൻലാലിനും സുരേഷ് ഗോപിയ്ക്കും പിന്നാലെ ‘ഹര്‍ ഘര്‍ തിരംഗ’ ക്യാമ്പയ്ന്‍ ഏറ്റെടുത്ത് നടന്‍ മമ്മൂട്ടിയും

75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയ്ന്‍ ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും. താരത്തിന്റെ വസതിയില്‍ വച്ചാണ് ത്രിവര്‍ണ പതാക ഉയര്‍ത്തിയത്. മമ്മൂട്ടിയോടൊപ്പം നിര്‍മ്മാതാവ് ആന്റൊ ജോസഫും പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സുരേഷ് ഗോപിയും മോഹന്‍ലാലും രാവിലെ പതാക ഉയര്‍ത്തിയിരുന്നു.

കൊച്ചി എളമക്കരയിലെ വീട്ടിലാണ് മോഹന്‍ലാല്‍ പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വം പങ്കുചേരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഹര്‍ ഘര്‍ തിരംഗ രാജ്യ സ്‌നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്തമംഗലത്തെ വീടിന് മുന്നിലാണ് സുരേഷ് ഗോപിയും കുടുംബവും പതാക ഉയര്‍ത്തിയത്. ആസാദി കാ അമൃത് മഹോത്സവത്തില്‍ അഭിമാനപൂര്‍വ്വം പങ്ക് ചേരുന്നുവെന്നും രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി പറഞ്ഞു. 1999 കളില്‍ പോലും യുഎസിലെ വീടുകളിലെ ദിനചര്യയുടെ ഭാഗമാണ് അവരുടെ ദേശീയ പതാക. അന്ന് ആഗ്രഹിച്ചിരുന്നു അത് ഇന്ത്യയില്‍ ഉണ്ടായിരുന്നു എങ്കില്‍ എന്ന് സുരേഷ് ഗോപി പറഞ്ഞു.

ക്യാമ്പയിനിലൂടെ 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം തന്നെ എല്ലാ ഇന്ത്യാക്കാരോടും ദേശീയ പതാക പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെയാണ് ദേശീയ പതാക പ്രൊഫൈല്‍ ചിത്രമാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

Noora T Noora T :