ഐഎൻഎസ് വിക്രാന്തില്‍ മോഹൻലാൽ; ഒപ്പം മേജർ രവിയും…ചിത്രങ്ങള്‍ വൈറൽ

വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കാണാന്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ എത്തി നടന്‍ മോഹന്‍ലാലും സംവിധായകൻ മേജർ രവിയും. കപ്പലിന്റെ നിർമാണ പങ്കാളികളായ ഷിപ്‌യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ ഉൾപ്പെടെയുള്ള നാവികരോടും ഇരുവരും ആശയവിനിമയം നടത്തി.

സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് മോഹന്‍ലാല്‍ ഷിപ്പ്യാര്‍ഡില്‍ എത്തിയത്. സേനയുടെ ഉന്നത ഉദ്യോഗസ്ഥന്‍ മോഹന്‍ലാലിന് മൊമന്റോയും കൈമാറി.

സമാനതകളില്ലാത്ത അവസരത്തിന് നന്ദിയറിയിക്കുന്നുവെന്ന് മോഹന്‍ലാല്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു. ഈ യന്ത്രത്തിന്റെ പ്രത്യേകതകള്‍ക്ക് സാക്ഷ്യം വഹിക്കുമ്പോള്‍, അത്ഭുതകരമായ ഐഎസി വിക്രാന്തിന് പിന്നിലെ എല്ലാ ആളുകളെയും വിജയത്തോടെ അഭിവാദ്യം ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും ഇരുവരും വിശദമായി ചോദിച്ചറിഞ്ഞു. കൊച്ചി ഷിപ്‌യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം. കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയായ വിമാനവാഹിനി കപ്പൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാവികസേനയ്ക്കു കൈമാറിയിരുന്നു.

ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണിത്. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളിൽ ഐഎസി–1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും.

ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും പേരു ചേർക്കും.

Noora T Noora T :