ഒരു വിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്… ജീവിതത്തിലേക്കുള്ള എന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഒരു ഇന്ധനമാണ് നിങ്ങൾ നിറച്ചിരിക്കുന്നത്; സുരേഷ് ഗോപി പറഞ്ഞത് കേട്ടോ?

സുരേഷ് ഗോപി-ജോഷി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘പാപ്പൻ’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ പാപ്പനെ ഏറ്റടുത്ത പ്രേക്ഷകക്ക് നന്ദി അറിയിക്കുകയാണ് താരം. നന്ദിപ്രകടനത്തെ രണ്ടക്ഷരങ്ങളിൽ ഒതുക്കാൻ താൻ വെറുക്കുന്നു എന്നും അതുകൊണ്ട് നന്ദിയല്ല മറിച്ച് ഒരുപാട് സ്നേഹം അറിയിക്കുകയാണ് എന്നും താരം ഫേസ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ

വലിയ പ്രതീക്ഷയോടെയാണ് ‘പാപ്പന്റെ’ തിരക്കഥയും ആ പ്രൊജക്റ്റ് തന്നെ സ്വീകരിച്ചതും. അതിനു ശേഷം വളരെ ആവേശത്തോടെയാണ് ആ ലൊക്കേഷനിൽ എത്തി അതിന്റെ ചിത്രീകരണ പ്രവർത്തനങ്ങളുമായി ഒരു നടൻ എന്ന നിലയ്ക്ക് സഹകരിച്ചത്. ഒരു ജീവിതം, അതായത് കാലഘട്ടം മാറി, പ്രായം കൂടി, പക്വത പുതിയൊരു മേഖലയിൽ എത്തി. ഇതിന്റെ ഭാഗമായി ഒരു കഥാപാത്രത്തെ അവതരിപ്പിക്കാനായി നടനം മാധ്യമമായി സ്വീകരിക്കുകയായിരുന്നില്ല. ആ കഥാപാത്രം ചെയ്യുന്നതിന് മുൻപ് നടനത്തിന്റെ തീവ്രതയുടെ കാര്യത്തിൽ എന്റെ മനസ്സിൽ പതിഞ്ഞുപോയ ചില ബിംബങ്ങൾ ഉണ്ട്. സ്റ്റീവ് മെക്വീൻ, റസ്സൽ ക്രോ, അൽ പച്ചീനോ, ടോം ഹാങ്ക്സ് തുടങ്ങിയരുടെയെല്ലാം അഭിനയത്തിന്റെ ഒരു സോൾ ഉണ്ട്. ഒരു ഇന്റെഗ്രിറ്റി ഉണ്ട്. ആ ഇന്റെഗ്രിറ്റി ഞാൻ എന്റെ മനസ്സിൽ ആവാഹിച്ചെടുത്തിട്ടുണ്ട്. അതൊരുക്കി തന്ന ഒരു ഹൃദയം വച്ചാണ് ‘പാപ്പൻ’ എനിക്ക് ചെയ്യുവാൻ സാധിച്ചത്. അത് നിങ്ങളുടെ ഇഷ്ടത്തിലേക്ക് മാത്രമായി, പരിപൂർണമായി നിർവഹിക്കാൻ സാധിച്ചു എന്ന് ഇന്ന് എന്റെ കാതിൽ മുഴങ്ങുന്ന ശബ്ദത്തിൽ ഓതിത്തരിക്കുകയാണ്.

നിങ്ങളുടെ ഇഷ്ടം നേരുവാനായിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് പെരുത്തിഷ്ടമായി അത് വർധിച്ചിരിക്കുന്നു എന്നറിയുമ്പോഴുള്ള ഒരു കലാകാരന്റെ അമിതമായ സന്തോഷം, അതിന്റെ തേൻ നുകർന്നുകൊണ്ടിരിക്കുകയാണ് ഞാൻ. ഒരുപാട് സന്തോഷം. ഒരു വിജയമല്ല നിങ്ങൾ സമ്മാനിച്ചിരിക്കുന്നത്. ജീവിതത്തിലേക്കുള്ള എന്റെ മറ്റൊരു ഘട്ടത്തിലേക്കുള്ള പ്രയാണത്തിന് ഒരു ഇന്ധനമാണ് നിങ്ങൾ നിറച്ചിരിക്കുന്നത്. അത് ധനമായാലും ഒരു പുതിയ ഊർജ്ജസ്വലതയായാലും ഒരു ആർജ്ജവമായാലും എല്ലാം നിങ്ങൾ പകർന്നു നൽകിയിരിക്കുകയാണ്.

ഞാൻ കണ്ടാസ്വദിച്ച് കൂടുതൽ ആസ്വദിക്കാനായി നിങ്ങളുടെ ഒരു അഭിപ്രായ പ്രകടനത്തിലൂടെ കൂടുതൽ ആൾക്കാരെ തിയേറ്ററുകളിൽ എത്തിച്ചു. അതുകൊണ്ടുള്ള ഒരു പൂർണ ഗുണം മലയാള സിനിമ രംഗത്തിന് മൊത്തത്തിൽ, ലൈഫ് ബോയ്സ് അടക്കമുള്ള വിഭാഗത്തിന് ഒരു സിനിമ സൂപ്പർ ഹിറ്റ് കിട്ടുക എന്ന് പറയുമ്പോൾ ഒരു ഇൻഡസ്ട്രി മുഴുവൻ ഉണരും. ആ ഉണർവ് മലയാള ചലച്ചിത്ര മേഖലയ്ക്ക് എന്റെ ഒരു സിനിമ വഴി, ജോഷിയേട്ടന്റെ ഒരു സിനിമ വഴി നൽകിയതിന് നന്ദി എന്ന് ഞാൻ പറയുന്നില്ല. കാരണം അങ്ങനെ ശുഷ്കിച്ച് പോകാനുള്ള ഒരു വികാരമായിട്ടാണ് ഒരു നന്ദിപ്രകടനത്തെ ആ രണ്ടക്ഷരങ്ങളിൽ ഞാൻ ഒതുക്കാൻ ഞാൻ വെറുക്കുന്നു. അതുകൊണ്ട് നന്ദിയല്ല, ഒരുപാട് സ്നേഹം.

Noora T Noora T :