സുരേഷ് ഗോപിയുടെ ജീവന്റെ ജീവൻ, അച്ഛന്റെ മടിയിൽ ചേർന്നിരുന്ന് ലക്ഷ്മി, മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി… ഹൃദയം പൊള്ളിയ്ക്കുന്ന പെയിന്റിംഗ്

മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംഗ്. പോലീസായും അധോലോക നായകനായുമെല്ലാം കയ്യടി നേടിയ താരം സാമൂഹിക പ്രവർത്തനങ്ങളും നന്മ പ്രവർത്തികളും ചെയ്യുന്നതിൽ എപ്പോഴും മുന്നിലുണ്ടാകാറുണ്ട്. രാഷ്ട്ര സേവനത്തിനായി അദ്ദേഹം ഇറങ്ങിയപ്പോൾ അഭിനയ ജീവിതത്തിൽ ഉണ്ടായ ഇടവേള വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയാണ് അദ്ദേഹം നികത്തിയത്. അദ്ദേഹത്തിന്റെ മികച്ച തിരിച്ചുവരവിനെ ഇരുകൈയും നീട്ടിയാണ് മലയാള സിനിമാ ലോകം സ്വീകരിച്ചത്.

ബിഗ് സ്‌ക്രീനിലെ തീപ്പൊരി നായകന്‍ ഓഫ് സ്‌ക്രീനില്‍ വളരെ ശാന്തനും ലോലഹൃദയനുമായി മാറുന്നത് നമ്മള്‍ പലപ്പോഴും കണ്ടിട്ടുണ്ട്. ജീവിതത്തില്‍ വലിയ ദുഖങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് സുരേഷ് ഗോപിയ്ക്ക്. അതിലൊന്നായിരുന്നു മകള്‍ ലക്ഷ്മിയുടെ മരണം. വാഹനാപകടത്തെ തുടര്‍ന്നാണ് ചെറു പ്രായത്തില്‍ സുരേഷ് ഗോപിയുടെ മകള്‍ മരിക്കുന്നത്.

ഹൃദയം തൊടുന്ന ഒരു പെയിന്റിംഗാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സുരേഷ് ഗോപിയ്‌ക്കു വേണ്ടി വിവേക്.ടി എന്ന കലാകാരൻ ചെയ്ത ഡിജിറ്റൽ പെയിന്റിംഗ് മലയാളികളുടെ ഹൃദയത്തെ സ്പർശിക്കുകയാണ്. ‘മകളെ സ്നേഹിച്ചു കൊതി തീരാത്ത ആ അച്ഛനു വേണ്ടി’ എന്ന അടിക്കുറിപ്പോടു കൂടിയാണ് വിവേക് താൻ ചെയ്ത് പെയിന്റിംഗ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപി എന്ന അച്ഛന്റെ കൈകളിൽ മകൾ പുഞ്ചിരിച്ചുകൊണ്ട് പുഷ്പവുമായി നെഞ്ചോട് ചേർന്നിരിക്കുന്നതാണ് വിവേക് ചെയ്ത പെയിന്റിംഗ്.

സുരേഷ് ഗോപിയ്‌ക്ക് കുട്ടികൾ എന്നാൽ ജീവനാണ്. പെൺകുട്ടികളെ കാണുമ്പോൾ തന്നെ വിട്ടു പിരിഞ്ഞ മകളെയാണ് അദ്ദേഹത്തിന് ഓർമ്മ വരിക. ഇന്നും ആ മകളുടെ ഓർമ്മയിൽ കഴിയുന്ന സുരേഷ് ഗോപി എന്ന അച്ഛനുള്ള സ്നേഹം കൂടിയാണ് വിവേകിന്റെ പെയിന്റിംഗ്.

അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ ലക്ഷ്മി എന്ന മകളെ കുറിച്ചോർക്കുമ്പോഴും സംസാരിക്കുമ്പോഴും ഇപ്പോഴും സുരേഷ് ഗോപി എന്ന വാത്സല്യ നിധിയായ അച്ഛന്റെ കണ്ണുകൾ നിറയും. മുപ്പത് വർഷങ്ങൾക്ക് മുമ്പാണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മകൾ ലക്ഷ്മി ഒന്നര വയസ്സിൽ ഒരു കാറപടകത്തിൽ മരണപ്പെടുന്നത്. മകളെപ്പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നത് മലയാളികൾ കാണാറുണ്ട്.

മകളുടെ ഓർമ്മയ്‌ക്കായാണ് ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് അദ്ദേഹം രൂപീകരിച്ചത്. മകളുടെ പേരിൽ ഒരുപാട് പേരുടെ കണ്ണീരൊപ്പാൻ സുരേഷ് ഗോപിയ്‌ക്കായിട്ടുണ്ട്. ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്തവർക്കും അശരണർക്കും സുരേഷ് ഗോപിയുടെ ദൈവീക കരങ്ങളും ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റും തുണയാകുന്നു. ആ മനുഷ്യന് മകൾ എന്നും നോവുന്ന ഓർമ്മയാണ്.

പാപ്പാൻ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും മകളെയോർത്ത് അദ്ദേഹം കണ്ണീരണിയുന്നത് മലയാളികൾ കണ്ടതാണ്.
അഭിമുഖത്തിനിടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്. അവതാരകയുടെ പേരും ലക്ഷ്മി എന്നാണെന്ന് അറിഞ്ഞതോടെയായിരുന്നു താരത്തിന് നിയന്ത്രണം നഷ്ടമായത്. എന്റെ മകള്‍ ഇപ്പോഴുണ്ടെങ്കില്‍ 32 വയസാണ്. 30 വയസുള്ള പെണ്‍കുട്ടികളെ കണ്ടാല്‍ അവരെ കെട്ടിപ്പിടിച്ച് ഞെക്കി അവളുടെ മണം വലിച്ചെടുക്കുന്നത് പോലെ ഉമ്മ വെക്കാനുളള കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് മരിച്ച് പട്ടടയില്‍ കൊണ്ടുവച്ച് കത്തിച്ചാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും. എന്റെ കരിയറില്‍ വലിയൊരു പങ്ക് ലക്ഷ്മിയ്ക്കുണ്ടെന്നാണ് താരം പറയുന്നത്. കണ്ണുകള്‍ നനഞ്ഞ് വാക്കുകള്‍ ഇടറിക്കൊണ്ടായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. നടി നൈല ഉഷയും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ അവതാരകയേയും ഈറനണിയിച്ചിരുന്നു.

സുരേഷ് ഗോപി എന്ന ‘സൂപ്പർ സ്റ്റാറും” സൂപ്പർ ഹ്യൂമനും’ മാത്രമല്ല, സുരേഷ് ഗോപി എന്ന ‘അച്ഛനും’ മലയാളികളുടെ ഹൃദയത്തിലാണ്.

Noora T Noora T :