കഥാപാത്രത്തിനായി പലരുമായും ഡിസ്കഷൻ നടത്തി, അവസാനം ബിജു മേനോനിലേയ്ക്ക് എത്തി! ഹീറോയായി തിളങ്ങി നിന്ന സമയത്ത് ആ നടൻ വന്നത് അദ്ദേഹത്തിൻ്റെ നല്ല മനസ്സ്കൊണ്ട് മാത്രം; തുറന്ന് പറഞ്ഞ് സംവിധായകൻ

ബിജു മേനോൻ ചിത്രം വെള്ളിമൂങ്ങയുടെ പിന്നാമ്പുറ കഥകളെപ്പറ്റി ആദ്യമായി മനസ്സ് തുറന്ന് സംവിധായകൻ ജിബു ജേക്കബ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം സിനിമയെപ്പറ്റി പറഞ്ഞത്.

സ്ഥിരം കണ്ട് വരുന്ന ഒരു രാഷ്ട്രീയക്കാരന്റെ കഥയുമായാണ് തിരക്കഥാകൃത്തായ ജോജി തന്നെ കാണാൻ വന്നത്. കഥ തനിക്കും ഇഷ്ടപ്പട്ടു. പല സംവിധായകരെ കണ്ട് കഥ പറഞ്ഞിട്ടും നടക്കാതെ വന്നതോടെയാണ് താൻ ആ ചുമതലയേറ്റ് സിനിമ ചെയ്യാൻ തയ്യാറായത്. കഥാപാത്രത്തിനായി പലരുമായും ഡിസ്കഷൻ നടത്തിയിരുന്നെങ്കിലും അവസാനം ബിജു മേനോനിലേയ്ക്ക് എത്തുകയായിരുന്നു. കഥാപാത്രത്തിന് എന്ത്കൊണ്ടും യോജിച്ച വ്യക്തി ബിജു മേനോൻ ആയിരുന്നു.

കഥ മുഴുവൻ കേട്ട ബിജു അപ്പോൾ തന്നെ ചെയ്യാമെന്നും സമ്മതിക്കുകയായിരുന്നു. അതുപോലെ തന്നെ ടിനി ടോമും, അജു വർ​ഗീസും. അജു വർഗീസിൻ്റെ കഥാപാത്രത്തിലേയ്ക്ക് വേറെ പല ആളുകളെയുമാണ് പരിഗണിച്ചിരുന്നത്. പക്ഷേ പലർക്കു താൽപര്യമില്ലായിരുന്നു. അതുപോലെ ചെറിയ ഒരു ഗസ്റ്റ് റോളിന് വേണ്ടി വന്നയാളാണ് ആസിഫ് അലി. ഹീറോയായി തിളങ്ങി നിന്ന സമയത്തു പോലും വന്നത് അദ്ദേഹത്തിൻ്റെ നല്ല മനസ്സ്കൊണ്ട് മാത്രമാണ്.

ടിനി ടോമും, അജു വർ​ഗീസും, ബിജു മേനോനും തൻ്റെ കൂടെ നിന്നവരാണ്. പ്രൊഡ്യൂസറെ കിട്ടാതെ വന്നതോടെ ഒന്നര വർഷത്തോളം സിനിമ നീണ്ടു പോയപ്പോളും അത് ചെയ്യണം എന്നാണ് എല്ലാവരും പറഞ്ഞത്. അവസാനം പ്രേക്ഷകരിൽ നിന്ന് അർഹിച്ച അം​ഗീകാരമാണ് ചിത്രത്തിന് ലഭിച്ചത്. എം.ബി രാജേഷിന്റെ ഒരു ഛായ കൊടുത്താണ് മാമച്ചനെ ഒരുക്കിയത്. രാഷ്ട്രീയപരമായ ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ ചില ഭാവ വ്യത്യാസങ്ങൾ മാമച്ചനിൽ കാണാൻ സാധിക്കുമെന്നും ജിബു പറഞ്ഞു.

നാട്ടിൻ പുറത്തെ രാഷ്ട്രീയം രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു വെള്ളിമൂങ്ങ. ബിജു മേനോൻ അവതരിപ്പിച്ച മാമച്ചൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അജു വർ​ഗീസ്, നിക്കി ​ഗൽറാണി, ലെന, സിദ്ധിഖ്, കെ.പി. എസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ

Noora T Noora T :