ദേശീയ അവാർഡ് ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനമാണ്; സൂര്യയുടെ പിറന്നാളിന് മമ്മൂട്ടി നൽകിയ ആശംസ ഇങ്ങനെ

സുരറൈ പോട്രിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ അവാർഡ് കരസ്ഥമാക്കിയത് നടൻ സൂര്യയാണ്. ഒരു സ്‌കൂള്‍ ടീച്ചറുടെ മകനായി ജനിച്ച് ഗ്രാമങ്ങളെ ആകാശം കാണിക്കാന്‍ സ്വപ്‌നം കണ്ട എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സൂര്യയുടെ മറ്റൊരു നാഴികക്കല്ലായിരുന്നു. ആശംസകൾ കൊണ്ട് ആരാധകരും സഹപ്രവർത്തകരും സൂര്യയെ അഭിനന്ദിക്കുകയാണ്. ഇന്ന് സൂര്യയുടെ പിറന്നാളാണ്. ഈ അവാർഡിന് ഇരട്ടി മധുരമാണ്

ഇപ്പോഴിതാ സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി. ‘ദേശീയ അവാർഡ് ഏറ്റവും മനോഹരമായ പിറന്നാൾ സമ്മാനമാണ്. പ്രിയപ്പെട്ട സൂര്യ ശിവകുമാറിന് പിറന്നാൾ ആശംസകൾ’ എന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.

പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യയും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുടെ നടിപ്പിൻ നായകൻ പങ്കുവെച്ചിരിക്കുന്നത്. സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്ന് സൂര്യ എഴുതി.

മഹാമാരിക്കാലത്ത് ഓ.ടി.ടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളേവരും ആഹ്ലാദിച്ചിരുന്നു. ആ സന്തോഷം ദേശീയപുരസ്കാര ലബ്ധിയിലൂടെ ഇരട്ടിച്ചിരിക്കുകയാണ്. ക്യാപ്റ്റൻ ഗോപിനാഥന്റെ കഥ സിനിമയാക്കുന്നതിൽ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ദൃഷ്ടാന്തമാണിതെന്നും അദ്ദേഹം കുറിച്ചു.

മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട അപർണ ബാലമുരളി, സംഗീത സംവിധായകൻ ജി.വി. പ്രകാശ്, സുധാ കൊങ്കരയ്ക്കൊപ്പം തിരക്കഥാ രചനയിൽ പങ്കാളിയായ ശാലിനി ഉഷാ നായർ എന്നിവരേയും സൂര്യ അഭിനന്ദിക്കുന്നുണ്ട്. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം തന്ന സംവിധായകൻ വസന്ത് സായി, മണിരത്നം എന്നിവർക്കുള്ള നന്ദിയും അദ്ദേഹം അറിയിക്കുന്നുണ്ട്. തനിക്കൊപ്പം മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട അജയ് ദേവ്ഗൺ, തമിഴ്നാട്ടിൽ നിന്നുള്ള മറ്റ് പുരസ്കാര ജേതാക്കളായ എഡിറ്റർ ശ്രീകർ പ്രസാദ്, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, തിരക്കഥാകൃത്തും സംവിധായകനുമായ മഡോൺ അശ്വിൻ എന്നിവരേയും സൂര്യ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചു.

ഈ സിനിമ നിർമിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ നിർബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. “എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാർത്തി, ബൃന്ദ എന്നിവരോട് എന്റെ സ്നേഹം അറിയിക്കുന്നു. ഈ പുരസ്കാരം ഞാനെന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു.” അദ്ദേഹം എഴുതി. ആരാധകർക്കും ഇന്ത്യാ ഗവൺമെന്റിനും നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Noora T Noora T :