വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു…. പുരസ്കാര ജേതാക്കളെ പ്രശംസിച്ച് മമ്മൂട്ടി

68ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിൽ അഭിമാനമെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിന്ദനവുമായി മമ്മൂട്ടി എത്തിയത്

“68ാമത് ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. വിജയികളുടെ പട്ടികയിൽ മലയാള സിനിമ തലയുയർത്തി നിൽക്കുന്നത് കാണുന്നതിൽ തികച്ചും അഭിമാനിക്കുന്നു. അപർണ ബാലമുരളി, ബിജു മേനോൻ, സെന്ന ഹെഗ്‌ഡെ, നാഞ്ചിയമ്മ, കൂടാതെ അർഹരായ മറ്റെല്ലാ വിജയികളെ കുറിച്ചോർത്ത് അഭിമാനം. ഈ പ്രത്യേക നിമിഷത്തിൽ അഭിമാനത്തോടെ സച്ചിയെ ഓർക്കുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്.

അതോടൊപ്പം തന്നെ നടൻ മോഹൻലാലും പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയിരുന്നു. “എല്ലാ ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കൾക്കും, പ്രത്യേകിച്ച് മികച്ച അഭിനേതാക്കളായ സൂര്യ, അജയ് ദേവ്ഗൺ, അപർണ ബാലമുരളി, ബിജു മേനോൻ, നഞ്ചിയമ്മ എന്നിവർക്ക് ഈ അർഹമായ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! കൂടാതെ, തന്റെ അവസാന സംവിധാന മികവിന് മികച്ച സംവിധായകനുള്ള അവാർഡ് നേടിയ പ്രിയ സച്ചിയെ അഭിമാനത്തോടെ ഓർക്കുന്നു”, എന്നാണ് മോഹൻലാൽ കുറിച്ചത്.

സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിയായപ്പോൾ സൂര്യയും അജയ് ദേവ് ​ഗണും ആണ് മികച്ച നടന്മാർ. അയ്യപ്പനും കോശിയിലെ അഭിനയത്തിന് ബിജു മേനോന്‍ സഹനടനുള്ള അവാര്‍ഡിനും അർഹനായി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ​ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Noora T Noora T :