വലിയ പെരുന്നാൾ തനി നാടൻ കഥ, ഷെയ്ൻ നിഗത്തെ പുച്ചിച്ചവർക്കുള്ള മറുപടിയാണ് ചിത്രം…

ഇന്ന് മലയാള സിനിമയിലെ ഏറ്റവും ഡിമാന്‍റുള്ള യുവനടനായ ഷെയ്ന്‍ നിഗത്തിന്‍റെ താര പദവിയെ ഒരുപടി കൂടി മുകളിലേക്ക് കൊണ്ടു പോകുന്ന ചിത്രമെന്ന പ്രതീക്ഷ പങ്കുവച്ചായിരുന്നു വലിയ പെരുന്നാളിന്‍റെ ട്രെയിലറും പോസ്റ്ററുകളുമൊക്കെ പുറത്തിറങ്ങിയത്. ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നവാഗതനായ ‍‍ഡിമല്‍ ഡെന്നിസാണ് ചിത്രത്തിന്‍റെ സംവിധായകന്‍. തൊട്ടതെല്ലാം പൊന്നാക്കിയ അന്‍വര്‍ റഷീദിന്‍റെ കരസ്പര്‍ശവുമുള്ള ചിത്രമെന്ന നിലയിലും വലിയ പെരുന്നാള്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു.മ‍ട്ടാഞ്ചേരിയും അവിടുത്തെ ഗ്യാങ്ങുകളുടേയും കഥയാണ് വലിയ പെരുന്നാള്‍ പറയുന്നത്. മ‍ട്ടാഞ്ചേരിക്കാരുടെ ജീവിത പ്രശ്നങ്ങളും സൗഹൃദങ്ങളുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരുപാട് തവണ പല തരത്തില്‍ സിനിമയ്ക്ക് വിഷയമായിട്ടുള്ള പശ്ചാത്തലമാണിത്.

പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലവതരിപ്പിക്കുകയാണ് ഡിമല്‍ ഡെന്നിസിന്‍റെ ലക്ഷ്യം.പക്ഷെ മൂന്ന് മണിക്കൂര്‍ ദെെര്‍ഘ്യമുള്ള ചിത്രം അവസാനിക്കുന്നത് ആ പഴയ കുപ്പിയില്‍ തന്നെയാണെന്നാണ് വസ്തുത.മ‍‍ട്ടാഞ്ചേരിയിലെ പല പണികള്‍ ചെയ്യുന്ന ചില ഗ്യാങ്ങുകളെ അവതരിപ്പിച്ചു കൊണ്ടാണ് ചിത്രം തുടങ്ങുന്നത്. എല്ലാവരും പരസ്പരം അറിയുന്നവരും സുഹൃത്തുക്കളുമാണ്. പക്ഷെ അവര്‍ക്കെല്ലാം അവരവരുടെ വഴികളുണ്ട്. ഷെയ്ന്‍ നിഗം അവതരിപ്പിക്കുന്ന അക്കര്‍ എന്ന നായക കഥാപാത്രം ഒരു പ്രൊഫഷണല്‍ ഡാന്‍സറാണ്. അതോടൊപ്പം തന്നെ തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം അല്ലറ ചില്ലറ തട്ടിപ്പു പരിപാടികളുമുണ്ട്. പലയിടത്തായുള്ള ഗ്യാങ്ങുകള്‍ ഒരു സാഹചര്യത്തില്‍ ഒരുമിച്ചെത്തുന്നിടത്താണ് ഒന്നാം പകുതി അവസാനിപ്പിക്കുന്നത്.വളരെ പരിചിതമായ ഈ പശ്ചാത്തലം അവതരിപ്പിച്ചെടുക്കാന്‍ അനാവശ്യമായി ഒരുപാട് സമയമെടുക്കുന്നുണ്ട് ഒന്നാം പകുതി.

മ‍ട്ടാഞ്ചേരിയേയും അവിടുത്തെ ജീവിതങ്ങളേയും മലയാള സിനിമ ഒരുപാട് കണ്ടതാണ്. അതേ സാഹചര്യങ്ങള്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതിനായി ചിത്രത്തിന്‍റെ പകുതിയും മാറ്റി വയ്ക്കേണ്ടതില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇഴഞ്ഞു കൊണ്ടാണ് ഒന്നാം പകുതി തീരുന്നത്. അനാവശ്യ രംഗങ്ങളും മറ്റും പ്രേക്ഷകരെ ചിത്രത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ്. രണ്ടാം പകുതി പറയുന്നത് അക്കറും കൂട്ടുകാരും നേരിടുന്ന വെല്ലുവിളികളും അവര്‍ അതിനെയെല്ലാം എങ്ങനെ അതിജീവിക്കുന്നുമെന്നുമാണ്.ഒന്നാം പകുതി പോലെ തന്നെ രണ്ടാം പകുതിയും വലിച്ചു നീട്ടല്‍ വല്ലാതെ അനുഭവപ്പെടുന്നു. ഒഴിവാക്കാന്‍ കഴിയുമായിരുന്ന രംഗങ്ങളും താരങ്ങളുടെ നാടകീയമായ അഭിനയവും ചിത്രത്തിന്‍റെ ആസ്വാദനത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. അതേസമയം, രണ്ടാം പകുതിയിലെ അതിഥി വേഷങ്ങള്‍ പ്രേക്ഷകരെ എന്‍ഗേജിങ് ആക്കുന്നുണ്ട്. ചിത്രത്തില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നത് റെക്സ് വിജയന്‍റെ സംഗീതവും സുരേഷ് രാജന്‍റെ ഛായാഗ്രഹണവുമാണ്. ചിത്രത്തിന്‍റെ മൂഡിനൊപ്പം രണ്ട് പേരും നില്‍ക്കുന്നു.നടനെന്ന നിലയിലും താരമെന്ന നിലയിലും ഷെയ്ന്‍ നിഗത്തിന് വളരെ സാധ്യതകളുള്ളതാണ് വലിയ പെരുന്നാളിലെ വേഷം. മികച്ച രീതിയില്‍ തന്നെ ഷെയ്ന്‍ തന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും അദ്ദേഹത്തിന്‍റെ മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനാകാന്‍ അക്കറിന് സാധിച്ചിട്ടില്ല.

തന്നെ ഏല്‍പ്പിച്ച ജോലി ഹിമിക ബോസ് വൃത്തിയായി ചെയ്തിട്ടുണ്ടെങ്കിലും നായികയ്ക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത ചിത്രമാണ് വലിയ പെരുന്നാള്‍. ജോജു ജോര്‍ജിന്‍റെ കഥാപാത്രം ഏറെ സാധ്യതകളുണ്ടായിരുന്നതാണെങ്കിലും വേണ്ട തരത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഷെയ്ന്‍-ജോജു കോമ്പിനേഷനില്‍ നിന്നും മികച്ചൊരു രംഗമുണ്ടാക്കിയെടുക്കാനും സാധിച്ചിട്ടില്ല.പൊതുവെ മാസ് ചിത്രമായി മാറാന്‍ സാധ്യതയുള്ളൊരു കഥയെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് ഡിമല്‍ ഡെന്നിസ് ശ്രമിച്ചിരിക്കുന്നത്. പക്ഷെ താരങ്ങളുടെ പ്രകടനത്തിലെ നാടകയീതയും ഓവര്‍ ഡ്രമാറ്റിക് രംഗങ്ങളും ചിത്രത്തിന്‍റെ റിയലിസ്റ്റ് ടച്ച് നഷ്പ്പെടുത്തുന്നു. കഥാ സന്ദര്‍ഭങ്ങളിലെ അവ്യക്തതയും ഒഴിവാക്കാന്‍ കഴിയുമായിരുന്ന രംഗങ്ങളും മൂന്ന് മണിക്കൂര്‍ നീണ്ട യാത്രയെ വല്ലാതെ ബോറടിപ്പിക്കുന്നുണ്ട്. മൂന്ന് മണിക്കൂറെടുത്തിട്ടും എന്താണ് പറഞ്ഞു വെക്കുന്നതെന്ന് വ്യക്തമായി അവതരിപ്പിക്കാന്‍ വലിയ പെരുന്നാളിന് സാധിച്ചിട്ടില്ല.

about valiya perunnal movie

Vyshnavi Raj Raj :