‘മൗനരാഗ’ത്തിലെ ‘ബൈജു’ മനസ്സ് തുറക്കുന്നു…

ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽത്തന്നെ പ്രേക്ഷകമനസ്സുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജു എന്ന കഥാപാത്രത്തെയാകും. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാര്‍ത്തിക് പ്രസാദാണ്.

സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006-ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി ഞാനൊരു വേഷം ചെയ്യുന്നത്. ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയരീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലൊന്നും എനിക്ക് ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അന്നെല്ലാം കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നു.

നല്ല പരമ്പരകളുടെ ഭാഗമായതുപോലെതന്നെ, ചില നല്ല സിനിമകളുടേയും ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ വേഷം എന്ന് പറയുമ്പോള്‍ മുഴുനീള കഥാപാത്രങ്ങളൊന്നുമല്ല. എന്നാലും നല്ല ടീമുകള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യം ഉണ്ടുതാനും. ഹാപ്പി ഹസ്ബന്‍റ്സ്, ഗുല്‍മോഹര്‍ എന്നീ ചിത്രങ്ങളിലും പരസ്പരം, ഭാര്യ തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരകളിലും അഭിനയിക്കാന്‍ കഴിഞ്ഞുയെന്ന് കാര്‍ത്തിക് പ്രസാദ് പറയുന്നു.

‘ഞാനീ സിനിമാനടന്മാരെ മൈന്‍ഡ് ചെയ്യാറില്ല’…മൗനരാഗത്തിലെ എന്‍റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ആണിത്. ഇതുപോലെതന്നെയുള്ള ചില ആളുകളുണ്ട്. ‘സീരിയലിലാണോ.. ഓ ഞാനീ സംഗതികളൊന്നും കാണാറില്ല’ അത്തരത്തില്‍ സംസാരിക്കുന്ന ചില ആളുകള്‍. ചിലര്‍ അങ്ങനെ പറഞ്ഞ് സംസാരം നിര്‍ത്തും, എന്നാല്‍ മറ്റുചിലരാകട്ടെ, ഇത്രയും പറഞ്ഞുകഴിഞ്ഞ് പരമ്പരയുടെ കുറച്ച് ഭാഗങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. കാണുന്നുണ്ട്.. പക്ഷെ പറയാനൊരു മടിപോലെ. എന്താ കാരണം എന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. ചിലരുണ്ട്, വീട്ടിലിരിക്കുന്നത് കണ്ടാല്‍ ഇപ്പോ ഷൂട്ടൊന്നും ഇല്ലേ, പ്രൊജക്ട് ഡൗണ്‍ ആണോ എന്നെല്ലാം ചോദിക്കും, ഇനിയിപ്പോ ഷൂട്ടിലാണെന്ന് അറിഞ്ഞാല്‍ അപ്പോള്‍ തുടങ്ങും, സീരിയല്‍ അവസാനിക്കാനായോ, വേഷം കഴിയാറായോ എന്നുള്ള ചോദ്യങ്ങളും.

ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനില്‍ ഉണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ്. അതിന്‍റെ ക്രെഡിറ്റ് പരമ്പരയുടെ സംവിധായകന്‍ ഹാരിസണ്‍ സാറിനും തിരക്കഥാകൃത്ത് പ്രദീപേട്ടനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോസേട്ടനും പ്രൊഡ്യൂസർ രമേശ് ബാബു സാറിനുമാണ്. കഴിഞ്ഞ ഓണത്തിന് പച്ചക്കറി വാങ്ങാന്‍പോയ സമയത്താണ് ജോസേട്ടന്‍ (ജോസ് പേരൂര്‍ക്കട) എന്നെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറയുന്നതും ഞാന്‍ മൗനരാഗത്തിലേക്ക് എത്തുന്നതും. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നതുതന്നെ. കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷമാണ്, അങ്ങനെയുള്ള ചില സ്‌നേഹം എപ്പോഴും ഊര്‍ജ്ജം തന്നെയാണെന്നും താരം പറയുന്നു.

about serial actor

Revathy Revathy :