മകൻ തെറ്റ് ചെയ്തു; എന്നാൽ മാലാ പാർവതിയെ പഴി ചാരും മുൻപ് ഇതൊന്ന് കേൾക്കു..

നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണനെതിരെയുള്ള ട്രാന്‍സ് ജെന്റര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീതിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും സിനിമ- സാഹിത്യ രം​ഗത്തെ നിരവധി പേര്‍ പ്രതികരിക്കുന്നുണ്ട്.
എന്നാൽ മക്കൾ മുതിർന്നു കഴിഞ്ഞാൽ അവരുടെ കുരുത്തക്കേടുകളുടെ പേരിൽ മാതാപിതാക്കളെ കുറ്റം പറയേണ്ട കാര്യമില്ലെന്നു സൈക്യാട്രിസ്റ്റായ സി. ജെ. ജോൺ പറയുന്നു. ഇതു സംബന്ധിച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇട്ട കുറിപ്പ് വായിക്കാം.

‘പ്രായപൂർത്തിയായ മക്കൾ ചെയ്യുന്ന കുരുത്തക്കേടുകളുടെ പേരിൽ മാതാപിതാക്കളെ പഴി പറയുന്ന ഒരു പ്രവണത പൊതു സമൂഹത്തിനുണ്ട്. ധനപരമായ ആശ്രയത്വം വേണമെന്നു ബഹളം കൂട്ടുകയും ബാക്കി ഒരു കാര്യത്തിലും ഇടപെടാൻ പാടില്ലെന്നുമുള്ള വിചാരമുള്ള മക്കളെ വാർത്തെടുക്കുന്ന ഒരു സമൂഹത്തിനു ഇങ്ങനെയേ പ്രതികരിക്കാൻ സാധിക്കൂ.

രണ്ടും തെറ്റാണ്. പ്രായപൂർത്തിയാകും വരെ സ്വഭാവ രൂപീകരണത്തിനുള്ള അടിത്തറയൊക്കെ ഇട്ടു കൊടുക്കുകയും പഠനാവസരമൊക്കെ നൽകുകയും ചെയ്തിട്ട് ഒരു പ്രായമാകുമ്പോൾ തള്ള പക്ഷി, പക്ഷിക്കുഞ്ഞുങ്ങളെ കൊത്തി പറപ്പിച്ചു വിടുന്നതുപോലെ സ്വന്തം ജീവിതം സ്വയം ജീവിക്കാൻ വിടണം. മുതിർന്നു കഴിഞ്ഞാൽ പിന്നെ അവരുടെ കുരുത്തക്കേടുകൾ ചൂണ്ടി കാട്ടി മാതാ പിതാക്കളെ കുറ്റം പറഞ്ഞു രസിക്കാനായി സമൂഹം ഇറങ്ങേണ്ടതുമില്ല. സമൂഹത്തിൽ അറിയപ്പെടുന്ന ആളുകളുടെ സന്തതികളാണെങ്കിൽ സമൂഹത്തിനു കുറ്റം പറയാൻ ആവേശം കൂടും.

അവനായി അവന്റെ പാടായിയെന്ന നിലപാടാണ് മാതാ പിതാക്കളും സ്വീകരിക്കേണ്ടത്. നടിയും സാമൂഹിക പ്രവർത്തകയുമായ മാലാ പാർവതി മകനെ കുറിച്ച് ലൈംഗിക കുറ്റ കൃത്യ ആരോപണം വന്നപ്പോൾ ആ നിലപാട് എടുത്തതായാണ് മനസ്സിലാകുന്നത്. മുതിർന്നതിനു ശേഷം ഉണ്ടാകുന്ന എല്ലാ ചീത്ത പ്രവൃത്തിയേയും വളർത്തു ദോഷമായും മാതാ പിതാക്കളുടെ വീഴ്ചയായും വ്യാഖ്യാനിക്കുവാൻ പറ്റില്ല. അങ്ങനെയൊരു പൊക്കിൾ കൊടി ബന്ധം ആ പ്രായത്തിലും ആരോപിച്ചാൽ എങ്ങനെ മക്കളിൽ അവരുടെ പ്രവൃത്തികളിൽ സ്വയം ഉത്തരവാദിത്തം ഉണ്ടാകും ?

മൂക്കിൽ പല്ലു മുളയ്ക്കുന്ന പ്രായമെത്തിയിട്ടും അവരുടെ കുഴപ്പങ്ങൾക്ക് കാരണം അമ്മയും അച്ഛനുമാണെന്ന് ന്യായീകരിക്കുന്ന തലമുറയെയാണോ ഉണ്ടാക്കേണ്ടത് ? മക്കളുടെ വീഴ്ചകൾക്കായി മാതാ പിതാക്കളെ ചെളി വാരി എറിയുന്നവർ ഉത്തരം പറയട്ടെ.’

about mala parvathy

Vyshnavi Raj Raj :