ദേശീയ പുരസ്കാരജേതാവായ തിരക്കഥാകൃത്ത് കഥ മോഷ്ടിച്ചു എന്ന് ആരോപണം!

അമിതാഭ് ബച്ചൻ- ആയുഷ്മാൻ ഖുറാന എന്നിവരെ പ്രധാന കഥാപാത്രമാക്കി ഷൂജിത് സിര്‍കര്‍ സംവിധാനം ചെയ്ത ‘ഗുലാബോ സിറ്റാബോ’ എന്ന ചിത്രത്തിന് എതിരെ ആരോപണം.ദേശീയ പുരസ്കാരജേതാവും ബോളിവുഡിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളുമായ ജൂഹി ചതുർവേദിയ്ക്ക് എതിരെയാണ് തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണം ഉയർന്നിരിക്കുന്നത്. ചിത്രം ഡിജിറ്റൽ റിലീസായി ജൂലൈ 12 ന് എത്താനിരിക്കെയാണ് ഇത്തരമൊരു ആരോപണം ഉയർന്നിരിക്കുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രത്തിന്റെ ഡിജിറ്റൽ റിലീസ്.

അന്തരിച്ച തിരക്കഥാകൃത്ത് രാജീവ് അഗ്രവാളിന്റെ മകൻ അകിരയാണ് തന്റെ തിരക്കഥ ജൂഹി ചതുർവേദി മോഷ്ടിച്ചു എന്നു ആരോപണം ഉന്നയിച്ചിരിക്കുന്നത്. ജൂഹി ചതുർവേദി ഉൾപ്പെടുന്നവർ ജഡ്ജി ആയെത്തിയ ഒരു തിരക്കഥ എഴുത്ത് മത്സരത്തിൽ താൻ സമർപ്പിച്ച തിരക്കഥയാണെന്നും തിരക്കഥ വായിച്ച് അതിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ജൂഹി ‘ഗുലാബോ സിറ്റാബോ’ എഴുതിയതെന്നുമാണ് അകിര ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാതാക്കൾക്ക് അകിര നോട്ടീസ് അയച്ചിട്ടുണ്ട്.

എന്നാൽ 2018ൽ, തിരക്കഥയെഴുത്ത് മത്സരത്തിനും വളരെ മുൻപ് തന്നെ ജൂഹി ഈ കഥയുടെ ആശയം രജിസ്റ്റർ ചെയ്തിരുന്നു എന്നാണ് നിർമാതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്. മാത്രമല്ല, മോഷ്ടിക്കപ്പെട്ടു എന്നു പറയുന്ന അകിരയുടെ തിരക്കഥ ജൂഹി വായിച്ചിട്ടില്ലെന്നും മത്സരത്തിന്റെ സംഘാടകർ തിരഞ്ഞെടുത്ത ​അവസാന റൗണ്ടിൽ എത്തിയ സ്ക്രിപ്റ്റുകൾ മാത്രമാണ് ജൂഹി വായിച്ചതെന്നും അതിൽ പ്രസ്തുത തിരക്കഥ ഉണ്ടായിരുന്നില്ലെന്നും പത്രക്കുറിപ്പിൽ നിർമാതാക്കളുടെ വക്താവ് വ്യക്തമാക്കുന്നു. ചിത്രത്തിന്റെ ട്രെയിലർ മാത്രം കണ്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നത് ആശ്ചയകരമായി തോന്നുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ജൂഹിയെ അപകീർത്തിപ്പെടുത്താനും സിനിമയെ തകർക്കാനുമുള്ള മനപൂർവ്വമായ ശ്രമമാണിതെന്നാണ് നിർമാതാക്കളുടെ വാദം. ബോളിവുഡിലെ തിരക്കഥാകൃത്തുക്കളുടെ സംഘടനയും ജൂഹിയെ പിന്തുണച്ച് രംഗത്ത്​എത്തിയിട്ടുണ്ട്.

കഴിഞ്ഞ പത്തുവർഷത്തിനിടെ ബോളിവുഡിൽ ഏറെ ശ്രദ്ധ നേടിയ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ജൂഹി ചതുർവേദി. പികു, വിക്കി ഡോണർ, ഒക്ടോബർ തുടങ്ങി ജൂഹി എഴുതിയ തിരക്കഥകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

about juhi chathurvedhi

Vyshnavi Raj Raj :