നടിയെ ആക്രമിച്ച കേസ്:സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ ചുമതല ഒഴിഞ്ഞേക്കും!

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. എ. സുരേശന്‍ ചുമതല ഒഴിഞ്ഞേക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്. വിസ്താരത്തിന്റെ തുടര്‍ നടപടി സംബന്ധിച്ചു സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തും. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒഴിയാന്‍ താല്‍പര്യമുള്ള വിവരം സര്‍ക്കാരിനെ അറിയിക്കും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ തുടരാന്‍ നിര്‍ദ്ദേശിച്ചാലും ഒഴിവാകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

എന്നാൽ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇരയും സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി മാറ്റുന്നതു സമൂഹത്തില്‍ തെറ്റായ ധാരണയുണ്ടാക്കുമെന്നു നിരീക്ഷിച്ചാണ് കോടതി നടപടി. കേസിന്റെ വിചാരണ നടപടികള്‍ തിങ്കള്‍ മുതല്‍ തുടരാമെന്നു െഹെക്കോടതി വ്യക്തമാക്കി. ഹര്‍ജിയുടെ അന്തിമവാദം കേള്‍ക്കുന്നതുവരെ ഏര്‍പ്പെടുത്തിയ സ്‌റ്റേ അവസാനിച്ചു. അപ്പീല്‍ സമര്‍പ്പിക്കുന്നതുവരെ വിചാരണനടപടി തടയണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ആവശ്യം കോടതി അനുവദിച്ചില്ല. കോടതിയും പ്രോസിക്യൂഷനും സഹകരിച്ചു പോകണമെന്നും കോടതി ആവശ്യപ്പെട്ടു.

വിചാരണക്കോടതിയില്‍നിന്ന് നീതി കിട്ടുന്നില്ലെന്ന് പ്രോസിക്യൂഷന്‍ തന്നെ പറയുമ്പോള്‍ ഇരയുടെ അവസ്ഥ എന്താെണന്ന് കോടതി മനസിലാക്കണമെന്ന് ആക്രമിക്കപ്പെട്ട നടി െഹെക്കോടതിയില്‍ ആവശ്യപ്പെട്ടു. വിചാരണസമയത്തു പ്രതിഭാഗം വ്യക്തിപരമായി ബാധിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ജഡ്ജി ഇടപെട്ടില്ലെന്ന് ഇര കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രോസിക്യുട്ടറുടെ അഭാവത്തില്‍ പ്രതികള്‍ക്ക് അനുകൂലമായി വിചാരണ കോടതി നിലപാട് സ്വീകരിച്ചുവെന്നു സര്‍ക്കാരും ആരോപണം ഉന്നയിച്ചിരുന്നു.

about dileep case

Vyshnavi Raj Raj :