ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി എന്ന സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അഭിനയ. സംസാരശേഷിയും കേൾവി ശക്തിയുമില്ലാതെ മികച്ച അഭിനയമാണ് അഭിനയ കാഴ്ച വെയ്ക്കുന്നത്. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചിരിക്കുകയാണ് നടി.
മണികൾ മുഴങ്ങട്ടെ, എന്നെന്നേക്കുമായുള്ള യാത്രയുടെ തുടക്കം കുറിക്കുന്നു’- എന്നാണ് അഭിനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അഭിനയ വിവാഹിതയാകുന്നത്. കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് താരത്തിന്റെ പ്രതിശ്രുത വരൻ. എന്നാൽ പ്രതിശ്രുത വരനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ താരം വ്യക്തമാക്കിയിട്ടില്ല.
സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികൾ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 58 ചിത്രങ്ങളിലാണ് ഇതിനോടകം അഭിനയിച്ചത്. ട്രാൻസ്ലേറ്ററുടെ സഹായത്തോടെ ഡയലോഗുകൾ കാണാപ്പാഠം പഠിച്ച് മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അഭിനയയുടെ കഴിവ് നിരവധി സംവിധായകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നേരത്തെ, നടൻ വിശാലുമായി അഭിനയ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ആരാണ് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും അഭിനയ പറഞ്ഞിരുന്നു. മാത്രമല്ല, ബാല്യകാല സുഹൃത്തുമായി താൻ പ്രണയത്തിലാണെന്നും അഭിനയ വ്യക്തമാക്കിയിരുന്നു.