ഒരു അച്ഛനെന്ന നിലയിൽ ഞാൻ അനുസിത്താരയോട് ഒരു കാര്യമേ പറഞ്ഞിട്ടുള്ളു – അനു സിത്താരയുടെ അച്ഛൻ

അനു സിത്താരയുടെ അച്ഛനും അമ്മയും ജാതിമത ചിതയ്ക്ക് ഒരു അപവാദമാണ്. പ്രണയിച്ച് വിവാഹിതരായവരാണ് ഇവർ . അബ്‌ദുൾ സലാമും രേണുകയും. കലയിലൂടെ പ്രണയിച്ച ഇവർ മക്കൾക്ക് പകർന്നു നൽകിയതും ഇതാണെന്നു പറയുന്നു.

“നൃത്തവും സംഗീതവും സിനിമയുമെല്ലാം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണ്. ജാതി, മതം എന്നിവയുടെ അതിര്‍വരമ്ബുകള്‍കലഇല്ലാതാക്കും. എന്റെ മക്കള്‍ക്ക് ഞാന്‍ പകര്‍ന്നു നല്‍കിയ ഉപദേശവും അതു തന്നെയാണ്”-സലാം പറയുന്നു.

സ്വന്തം പ്രണയത്തെ കുറിച്ചും അദ്ദേഹം പറയുന്നു ;1990 കളില്‍ ഞാന്‍ പഠനത്തിന് ശേഷം ഒരു കോളേജില്‍ പഠിപ്പിക്കാന്‍ പോയി. ബിരുദാനന്തര ബിരുദത്തിന് ശേഷമായിരുന്നു അത്. അവിടെ വച്ചാണ് രേണുകയെ ആദ്യമായി കാണുന്നത്. അവര്‍ അവിടെ പ്രീഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. എനിക്ക് അന്ന് 23 വയസ്സായിരുന്നു പ്രായം. കാര്യമായ പക്വതയൊന്നും ഇല്ലായിരുന്നു. ഞാനും രേണുകയും പ്രണയത്തിലാവുകയും ഒരു വര്‍ഷത്തോളം പ്രേമിച്ചു നടക്കുകയും ചെയ്തു. പ്രണയത്തെ ഇരുകുടുംബംഗങ്ങളും എതിര്‍ത്തു. അതുകൊണ്ട് ഞങ്ങള്‍ ഒളിച്ചോടി. കുറച്ച്‌ കാലം മാറിത്താമസിച്ചു.

പിന്നീട് നാട്ടില്‍ മടങ്ങിയെത്തി. അപ്പോഴേക്കും എതിര്‍പ്പുകള്‍ കുറഞ്ഞു. പിന്നീട് എല്ലാവരും സമരസപ്പെട്ടു. ഇന്ന് ആലോചിക്കുമ്ബോള്‍ വലിയ എടുത്തുചാട്ടമായിരുന്നു അത്. കയ്യില്‍ ഒന്നുമില്ലാതെയാണ് ഞങ്ങള്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. പക്ഷേ എന്തു വന്നാലും ഒന്നിച്ചു നേരിടാമെന്ന് ഞങ്ങള്‍ നേരത്തേ ഉറപ്പിച്ചിരുന്നു.

രേണുക എന്റെ ഭാര്യ മാത്രമല്ല. അടുത്ത സുഹൃത്തു കൂടിയാണ്. വിവാഹത്തിന് ശേഷവും ഞങ്ങള്‍ രണ്ടുപേരും പഠനവും കലയുമായി മുന്നോട്ടു പോയി. രേണുക നല്ല നര്‍ത്തകിയാണ്. അവര്‍ക്ക് കലാകാരന്‍മാരെ തിരിച്ചറിയാനാകും. അവര്‍ പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ എനിക്ക് നാടകത്തില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല. ഞങ്ങള്‍ പരസ്പരം കൈത്താങ്ങായി നിന്നു. കുട്ടികള്‍ വളര്‍ന്നു തുടങ്ങിയ അവസരത്തില്‍ തന്നെ അവരിലെ അഭിരുചി എന്താണെന്ന് തിരിച്ചറിയാനും പ്രോത്സാഹിപ്പിക്കാനും മുന്‍കൈ എടുത്തത് രേണുകയായിരുന്നു. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അനു സിതാരയെ കലാമണ്ഡലത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ മുന്‍കൈ എടുത്തത് രേണുകയായിരുന്നു. അവള്‍ക്ക് നല്ല ഹോം സിക്ക്‌നസ് ഉണ്ടായിരുന്നത് കൊണ്ടു കോഴ്‌സ് പൂര്‍ത്തിയാക്കിയില്ല.

പ്രണയത്തിന് ജാതി, മത, വര്‍ഗ ഭേദമില്ലെന്ന ഉപദേശമാണ് ഞങ്ങള്‍ കുട്ടികള്‍ക്കും നല്‍കിയത്. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ആ ലോകത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. പക്ഷേ ഒരു കാര്യം മത്രമേ ഞാന്‍ പറഞ്ഞുള്ളൂ, ജീവിതത്തില്‍ എന്തെങ്കിലുമൊരു ലക്ഷ്യബോധം വേണം. അതിന് വേണ്ടി പരിശ്രമിക്കണം. സ്വന്തം കാലില്‍ നില്‍ക്കണം.

എല്ലാവര്‍ക്കും ഡോക്ടറും എഞ്ചിനീയറുമെല്ലാം ആകാന്‍ സാധിക്കില്ല. വിദ്യാഭ്യാസം എന്നാല്‍ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകളല്ല. ജോലി കിട്ടാന്‍ വേണ്ടി മാത്രമല്ല നമ്മള്‍ പഠിക്കേണ്ടത്. എന്നാല്‍ നമ്മുടെ നാട്ടില്‍ പിന്തുടര്‍ന്ന് പോരുന്ന ഒരു കീഴ്‌വഴക്കമുണ്ട്. അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. കലപരമായ വാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കള്‍ വിരളമാണ്. കല മനുഷ്യരെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കും, കാഴ്ചപ്പാട് വിശാലമാകാന്‍ സഹായിക്കും. എന്റെ രണ്ട് മക്കളോട് ഞാന്‍ അതു തന്നെയാണ് പറഞ്ഞിരുന്നത്. അനു സിത്താര മാത്രമല്ല ഇളയ മകളായ അനു സ്വനാരയ്ക്കും കലാവാസനകളുണ്ട്. അവര്‍ രണ്ടുപേരും ശാസ്ത്രീയ നൃത്തം ചെറുപ്പം മുതല്‍ തന്നെ അഭ്യസിച്ചിരുന്നു. ഇപ്പോള്‍ കുട്ടികള്‍ക്ക് പഠിച്ചത് പറഞ്ഞു കൊടുക്കുന്നു. ഒരിക്കല്‍ പോലും പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് ഞാന്‍ അവരെ വഴക്കു പറഞ്ഞിട്ടില്ല. പരീക്ഷയില്‍ അല്ല, ജീവിതത്തില്‍ തോല്‍ക്കരുത് എന്നാണ് ഒരു പിതാവെന്ന നിലയില്‍ ഞാന്‍ പറയാറുള്ളത്.

abdhul salam about anu sithara

Sruthi S :