വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം; കൂട്ടായി കരുത്തായി ഞാന്‍ കൂടെയുണ്ടാകും

24-ാം വിവാഹ വാർഷിക ദിനത്തിൽ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് ഷാജി കൈലാസ്. നടിയും അവതാരകയുമായി തിളങ്ങിയ ആനി ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ താരം തന്നെയാണ് ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘അമ്മയാണെ സത്യം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു.

ഷാജി കൈലാസിന്റെ കുറിപ്പ്:

ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ മനോഹരമായ 24 വര്‍ഷങ്ങള്‍. ഞാനും എന്റെ ആനിയും ഒന്നിച്ചുള്ള മനോഹരമായ യാത്ര തുടരുകയാണ്. പരസ്പര ബഹുമാനത്തോടും സ്‌നേഹത്തോടും തുല്യതയോടും കൂടിയുള്ള ഈ യാത്രയില്‍ കൂട്ടും കരുത്തുമായി നില്‍ക്കുന്ന ഏവര്‍ക്കും ഒത്തിരിയേറെ നന്ദി. ഞാനീ ലോകത്ത് ഏറ്റവുമധികം ബഹുമാനിക്കുന്ന, ഒരു പുല്‍നാമ്പിനെ പോലും വേദനിപ്പിക്കുവാന്‍ ആഗ്രഹിക്കാത്ത ആനിയെ സ്വന്തമാക്കിയ എന്നെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്‍ ഞാന്‍ തന്നെയാണ്. സന്തോഷങ്ങളും പരിഭവങ്ങളും പങ്കു വെക്കുവാന്‍ അമ്മ അരികില്ലാത്ത ആനിക്ക് ഞാന്‍ ഒരു അമ്മയാണ്. അവളുടെ എല്ലാമാണ്.

വളച്ചൊടിക്കപ്പെട്ട പലതിനും മുന്നില്‍ അവള്‍ തളര്‍ന്നേക്കാം. സങ്കടപ്പെട്ടേക്കാം. പക്ഷേ പതറാതെ, തളരാതെ അവള്‍ക്ക് കരുത്തായി ഇന്നും എന്നും ഞാന്‍ കൂടെയുണ്ടാകും. ലോകം മുഴുവന്‍ വിഷമിക്കുന്ന ഈ ഒരു വേളയില്‍ ഞങ്ങള്‍ക്കും ആഘോഷങ്ങള്‍ ഇല്ല. വേഗം ലോകം മുഴുവന്‍ സുഖം പ്രാപിക്കട്ടെ. എല്ലാവര്‍ക്കും നന്മയും ആരോഗ്യവും നേരുന്നു.

Noora T Noora T :