ആടുജീവിതത്തിന് വിലക്ക്!

ബ്‌ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ആടുജീവിതത്തിന് വിലക്കേര്‍പ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ മാത്രമാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത്. സിനിമ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ടെങ്കിലും മലയാളം പതിപ്പിന് മാത്രമാണ് യുഎയില്‍ പ്രദര്‍ശനാനുമതിയുള്ളത്.

നൂണ്‍ഷോയോട് കൂടിയാണ് യുഎഇയില്‍ എല്ലായിടത്തും പ്രദര്‍ശനം ആരംഭിക്കുന്നത്. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം.

ജോലിയ്ക്കായി സൗദി അറേബ്യയിലെത്തി മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോകുന്ന നജീബിന്റെ അതിജീവനമാണ് സിനിമ. പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിലെത്തുന്നത്.

ബഹ്‌റൈനില്‍ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിന്‍ നജീബില്‍ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008 ല്‍ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനം ചെയ്‌തെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ നോവലിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ജോലി അന്വേഷിച്ച് ഗള്‍ഫിലെത്തുന്ന നജീബ് കബളിപ്പിക്കപ്പെടുന്നതും മരുഭൂമിയില്‍ ആടിനെ മേയ്ക്കാന്‍ പോകേണ്ടി വരുന്നതും തുടര്‍ന്ന് നേരിടുന്ന ഭയാനകമായ കഷ്ടപ്പാടുമാണ് നോവലിന്റെ ഇതിവൃത്തം.

Vijayasree Vijayasree :