2018-ലെ 50 കോടി സിനിമകൾ ഇവയാണ് !! അതിൽ ലാഭമുണ്ടാക്കിയത് ഒരേ ഒരു ചിത്രം മാത്രമോ ?!

2018-ലെ 50 കോടി സിനിമകൾ ഇവയാണ് !! അതിൽ ലാഭമുണ്ടാക്കിയത് ഒരേ ഒരു ചിത്രം മാത്രമോ ?!

2018 മലയാള സിനിമക്ക് ഒരുപാട് നല്ല കാര്യങ്ങൾ സംഭവിച്ച വർഷമായിരുന്നു. ഒരുപാട് നല്ല സിനിമകളാണ് കഴിഞ്ഞ വർഷം പിറന്നത്. പക്ഷെ, സാമ്പത്തികമായി വിജയം കൈവരിച്ച സിനിമകളുടെ കണക്കെടുക്കുമ്പോൾ എല്ലാ തവണത്തേയും പോലെ നഷ്ടങ്ങൾ മാത്രമാണ്. വളരെ കുറച്ചു സിനിമകൾ മാത്രമാണ് സാമ്പത്തിക വിജയം കൈവരിച്ചതെന്നും, കള്ള കണക്കുകൾ കാണിച്ചു ജനങ്ങളെ വഞ്ചിതരാക്കരുതെന്നും സിനിമയിൽ നിന്നുള്ളവർ തന്നെ പരസ്യ പ്രസ്‌താവനകൾ നടത്തിയിരുന്നു.

കഴിഞ്ഞ വർഷം മലയാളത്തിൽ ഇറങ്ങിയ ചിത്രങ്ങളിൽ മൂന്ന് സിനിമയാണ് അൻപത് കോടി കളക്ഷൻ മറികടന്നത്. മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികൾ, നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി, മോഹൻലാലിൻറെ ഒടിയൻ എന്നിവയാണ് ആ സിനിമകൾ. അൻപത് കോടിക്ക് മുകളിൽ കളക്ഷൻ നേടിയെങ്കിലും ഈ സിനിമകൾ എല്ലാം സാമ്പത്തിക വിജയമായിരുന്നോ ?! നമുക്ക് നോക്കാം..

ഹനീഫ് അദേനിയുടെ തിരക്കഥയിൽ ഷാജി പാടൂർ സംവിധാനം നിർവ്വഹിച്ചു മമ്മൂട്ടി നായകനായെത്തിയ ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. ടീസറും, ട്രെയ്‌ലറും, സ്റ്റിൽസും ഒക്കെ കണ്ട് പ്രതീക്ഷയോടെ തിയ്യേറ്ററിലെത്തിയ കാണികളെ നിരാശരാക്കാത്ത ചിത്രം കൂടിയായിരുന്നു അബ്രഹാമിന്റെ സന്തതികൾ. മികച്ച ഒരു ത്രില്ലർ. ആറു കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. അതിലധികം ചിത്രത്തിന് സാറ്റലൈറ്റ് ലഭിക്കുകയും ചെയ്‌തു. 60 കോടിയോളം രൂപ വേൾഡ് വൈഡ് ബോക്‌സോഫീസിൽ നിന്ന് നേടിയ ചിത്രം മികച്ച ബോക്സോഫീസ് വിജയവും അതിനൊപ്പം സാമ്പത്തിക വിജയവും ആയിരുന്നു.

45 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ അതിഥി വേഷത്തിൽ മോഹൻലാലും ഉണ്ടായിരുന്നു. മികച്ച അഭിപ്രായം ഒക്കെ നേടിയെങ്കിലും ആദ്യ ആഴ്ച്ചകളിലെ ആളുകളുടെ തള്ളിക്കയറ്റം നില നിർത്താൻ അണിയറപ്രവർത്തകർക്ക് കഴിയാത്തത് വിനയായി മാറുകയായിരുന്നു. ആദ്യത്തെ 2 ആഴ്ചക്ക് ശേഷം ആളില്ലാതെ ഇരുന്നിട്ടും അത്ഭുതകരമായ കളക്ഷൻ ചിത്രത്തിന് വന്നത് എല്ലാവരിലും അതിശയം സൃഷ്ടിച്ചിരുന്നു. ആ കളക്ഷൻ തള്ളിനെ കളിയാക്കി ഒരുപാട് ട്രോളുകൾ ഇറങ്ങുകയും ചെയ്‌തു. അത് എന്തോ ആവട്ടെ. ഒരു സിനിമ ലാഭകരമാകണമെങ്കിൽ മുതൽ മുടക്കിന്റെ ഒന്നേ മുക്കാൽ ഇരട്ടി ബോക്സ്ഓഫീസിൽ നിന്ന് നേടണമെന്നാണ് കണക്ക്. അങ്ങനെ നോക്കിയാൽ 78.75 കോടി ബോക്‌സോഫീസിൽ നിന്ന് നേടണം.അങ്ങനെയാണെങ്കിൽ ചിത്രം ലാഭകരമല്ല എന്നെ പറയാൻ പറ്റൂ…

അടുത്ത അൻപത് കോടി ചിത്രമാണ് മോഹൻലാലിൻറെ ഒടിയൻ. 50 കോടി ബജറ്റെന്ന് സംവിധായകൻ പറഞ്ഞ ചിത്രമാണ് ഒടിയൻ. നൂറു കോടി പ്രീ റിലീസ് കിട്ടിയെന്നും പറയപ്പെടുന്നു. അതിന്റെ കണക്ക് പക്ഷെ ആർക്കും അറിയില്ലെന്ന് മാത്രം. അൻപത് കോടി ബോക്സ്ഓഫീസിൽ നിന്ന് നേടിയ ചിത്രം ഇപ്പോഴും തിയ്യേറ്ററിൽ ഓടിക്കൊണ്ടിരിക്കുകയാണ്. ഈ കണക്കുകളെല്ലാം നോക്കുമ്പോൾ നിർമ്മാതാവിന് സാമ്പത്തിക വിജയം നേടിക്കൊടുത്ത സിനിമ അബ്രഹാം മാത്രമാണ്.

50 Crore movies of 2018

Abhishek G S :