മാസങ്ങൾ നീണ്ട ദുരൂഹത… നിർണായകമായി ആ മൊഴി

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകളുടെയും മരണവുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരാണ് അപകടസമയത്ത് വണ്ടി ഓടിച്ചത് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. അര്‍ജുനാണ് കാറോടിച്ചതെന്ന് ലക്ഷ്മിയും ചില സാക്ഷികളും പറഞ്ഞിരുന്നു. എന്നാല്‍ അര്‍ജുന്‍ ഇത് നിഷേധിക്കുകയും ബാലുച്ചേട്ടനാണ് വണ്ടി ഓടിച്ചതെന്നുമായിരുന്നു മൊഴി നല്‍കിയത്. ഏറ്റവുമൊടുവിലായി അപകടസമയത്ത് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് അർജുനാണെന്ന സ്ഥിരീകരണത്തിലേക്ക് അന്വേഷണ സംഘം എത്തുകയാണ്. ജയിലിലുള്ള പ്രകാശൻ തമ്പിയുടെ മൊഴിയോടൊപ്പം ഫൊറൻസിക് വിഭാഗം നേരത്തേ നൽകിയ റിപ്പോർട്ടുകൾ കൂടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഈ പ്രാഥമിക നിഗമനത്തിലേക്ക് എത്തുന്നത്.

സ്വർണക്കടത്ത് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രകാശൻ തമ്പി കാക്കനാട് ജയിലിൽ ക്രൈംബ്രാഞ്ച് സംഘത്തിന് നൽകിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്‌. അപകടശേഷം ആശുപത്രിയിൽവെച്ച്, വാഹനം ഓടിച്ചതു താനാണെന്നാണ് അർജുൻ പറഞ്ഞത്. ഉറങ്ങിപ്പോയതായിരുന്നു കാരണം. തുടർന്ന് ഇയാൾ മൊഴിമാറ്റിയപ്പോൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പിന്നീട് അർജുൻ തന്റെ ഫോൺ ബ്ലോക്ക് ചെയ്തെന്നും തമ്പി പറഞ്ഞു.

ഇതിനെത്തുടർന്നാണു കൊല്ലം പള്ളിമുക്കിലെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ചത്. ഇവർ കടയിൽനിന്നു ജ്യൂസ് കഴിച്ചതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, വാഹനം ഓടിച്ചതു സംബന്ധിച്ചു തെളിവൊന്നും ലഭിച്ചില്ല. തുടർന്ന് ഹാർഡ് ഡിസ്‌ക് ഉടമയ്ക്കുതന്നെ തിരിച്ചുനൽകി. ഈ ഹാർഡ് ഡിസ്‌ക് ക്രൈംബ്രാഞ്ച് സംഘം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്വർണക്കടത്തുമായി തനിക്കു ബന്ധമില്ലെന്നും പ്രകാശൻ തമ്പി ക്രൈംബ്രാഞ്ചിനോടു പറഞ്ഞു. ബാലഭാസ്‌കറുമായി പണമിടപാടില്ലെന്നും ഇയാൾ പറഞ്ഞു. ബാലഭാസ്‌കറിന്റെ പരിപാടികളുടെ കോ-ഓർഡിനേറ്ററായിരുന്നു. വീടുമായും നല്ല ബന്ധത്തിലായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷവും ലക്ഷ്മിക്കും കുടുംബത്തിനുംവേണ്ട സഹായങ്ങൾ ചെയ്തിരുന്നു.

അപകടശേഷം ബാലഭാസ്‌കറിന്റെ പേഴ്‌സും മൊബൈലും പോലീസിൽനിന്ന് ഏറ്റുവാങ്ങിയത് താനാണ്. അവ ഭാര്യ ലക്ഷ്മിക്കു തിരികെനൽകി. വീട്ടിൽ സൂക്ഷിച്ചിരുന്ന മൊബൈൽ പരിശോധനയ്ക്കിടയിൽ റവന്യൂ ഇന്റലിജൻസ് കൊണ്ടുപോയി. പാലക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമം ഉടമകളുമായി നല്ല ബന്ധമാണെന്നും ഇയാൾ പറഞ്ഞു.

അർജുന്റെ പരിക്ക് ഡ്രൈവിങ് സീറ്റിലിരിക്കുന്നയാൾക്കുണ്ടാകുന്ന തരത്തിലാണെന്നാണ് ഫൊറൻസിക് വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. അർജുനാണ് ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നതെന്ന സൂചനകൾ ലഭിച്ചതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകളും കൂട്ടിയോജിപ്പിച്ചത്. ക്യാമറാ ദൃശ്യങ്ങളടക്കമുള്ള ചില തെളിവുകൾ ഇനിയും ലഭിക്കാനുണ്ട്. അമിത വേഗത്തിൽ സഞ്ചരിച്ചിരുന്ന കാർ മരത്തിലേക്ക് ഇടിച്ചുകയറുമ്പോൾ ഡ്രൈവറുടേതിനു സമാനമായ പരിക്കുകൾ എല്ലാ യാത്രക്കാർക്കും സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഒരു ശാസ്ത്രീയ പരിശോധനകൂടി നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനുശേഷമായിരിക്കും അന്തിമനിഗമനത്തിലെത്തുക.

Sruthi S :