‘മമ്മൂക്കാ, ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദി…. ആട്ടം ഇഷ്ടപ്പെട്ട മമ്മൂട്ടി അഭിനേതാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു!!

പ്രതീക്ഷയോടെ പുതുവർഷത്തിലേയ്ക്ക് കടന്ന മലയാള സിനിമയിലെ ആദ്യ റിലീസുകളുടെ കൂട്ടത്തിലാണ് നവാഗതനായ ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’. പ്രമേയം കൊണ്ടും അവതരണത്തിലെ മികവുകൊണ്ടും പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ആകർഷിക്കുന്ന സിനിമ കണ്ട് നടൻ മമ്മൂട്ടിയും. ആട്ടം ഇഷ്ടപ്പെട്ട താരം അഭിനേതാക്കളെ വീട്ടിലേയ്ക്ക് ക്ഷണിച്ചതായി നടൻ വിനയ് ഫോർട്ട് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘മമ്മൂക്കാ, ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരെയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു – സുകൃതം.

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ശാജോൺ ചേട്ടന് ആയിരം ഉമ്മകൾ,’ വിനയ് ഫോർട്ട് എഴുതി. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ ഉൾപ്പെടെ പ്രദർശനം നടത്തി കൈയ്യടി നേടിയ ആത്മവിശ്വാസത്തോടെയാണ് ‘ആട്ടം’ തിയേറ്ററുകളിൽ എത്തിയത്. ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് ആട്ടത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലും, ഐഎഫ്എഫ്കെയിലും സിനിമ മികച്ച പ്രതികരണം നേടി. ഐഎഫ്എഫ്കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ആട്ടത്തിനായിരുന്നു. സെറിൻ ഷിഹാബ്, വിനയ് ഫോർട്ട്, കലാഭവൻ ഷാജോൺ, നന്ദൻ ഉണ്ണി എന്നിവർക്ക് പുറമെ ഒമ്പത് പുതുമുഖങ്ങളും പ്രധാന അഭിനേതാക്കളാണ്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെ സംഗീതം നിർവഹിച്ചിരിക്കുന്നു.

Merlin Antony :