തമിഴകത്തിന്റെ തലൈവര്‍ക്ക് ഇന്ന് 73ാം പിറന്നാള്‍ ആണ്. എന്നാല്‍ പ്രായം ഇത്രത്തോളമെത്തിയിട്ടും രജനി തളര്‍ന്നിട്ടില്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ തമിഴ് ഹിറ്റ് ചിത്രമായ ജയിലറും രജനീകാന്തിന്റെ പേരിലാണ്. എന്നാല്‍ ഇനി വരാനിരിക്കുന്നതും വമ്പന്‍ ചിത്രങ്ങളാണ്. ലോകേഷ് കനകരാജിന്റെ ചിത്രവും, അതുപോലെ ജ്ഞാനവേല്‍രാജയുടെ മറ്റൊരു ചിത്രവും രജനിയുടെ ഇനി വരാനുള്ള പ്രൊജക്ടുകള്‍. 1950 ഡിസംബര്‍ പന്ത്രണ്ടിന് ബെംഗളൂരുവിലെ ഒരു മറാത്തി കുടുംബത്തിലാണ് രജനി ജനിച്ചത്. രജനിയുടെ പിതാവ് പോലീസ് കോണ്‍സ്റ്റബിളായിരുന്നു. ഗവിപുരം കന്നഡ മോഡല്‍ പ്രൈമറി സ്‌കൂള്‍, ആചാര്യ പാഠശാല പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം അദ്ദേഹം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം ചെറിയ ജോലികള്‍ എല്ലാം അദ്ദേഹം ചെയ്തിരുന്നു. കൂലിയായിട്ടായിരുന്നു ആദ്യ കാലത്തെ ജോലി. പിന്നീട് ബസ് കണ്ടക്ടറാവുകയായിരുന്നു. ആ സമയത്ത് തന്നെ കന്നഡയിലെ പുരാണ നാടകങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. അങ്ങനെയാണ് രജനി അഭിനയത്തിലേക്ക് തിരിഞ്ഞത്. മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അഭിനയം പഠിച്ചാണ് രജനി സിനിമ രംഗത്തേക്ക് എത്തിയത്. കെ ബാലചന്ദറിന്റെ അപൂര്‍വരാഗങ്ങളിലൂടെയാണ് രജനി സിനിമയിലേക്ക് എത്തിയത്. പിന്നീട് അങ്ങോട്ട് ചെറുതും വലുതുമായ വേഷങ്ങളിലൂടെ രജനി ജനപ്രിയനാവുകയായിരുന്നു. രജനികാന്ത് തന്നെ അദ്ദേഹത്തിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതായിരുന്നു വര്‍ഷങ്ങളായി തമിഴ് സിനിമയിലെ കാഴ്ച്ച.
അതേസമയം തമിഴ് സിനിമയെ ആഗോള തലത്തില്‍ പ്രശസ്തമാക്കിയതും രജനി ചിത്രങ്ങളാണ്. അതേസമയം രജനിയുടെ ആസ്തിയും, പ്രതിഫലവുമെല്ലാം ഇന്നും ആര്‍ക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ്. 51 മില്യണ്‍ ഡോളറാണ് രജനിയുടെ ആസ്തി. അതായത് 430 കോടി വരും രജനിയുടെ മൊത്തം സമ്പത്തെന്ന് ലൈഫ് സ്റ്റൈല്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമകളിലൂടെയും, അതിന്റെ ലാഭവിഹിതങ്ങള്‍, വിവിധ നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനങ്ങള്‍ എന്നിവയാണ് രജനിയുടെ ആസ്തി വര്‍ധിപ്പിക്കുന്നത്.
രജനിയുടെ ആഡംബര വീട് ചെന്നൈയിലെ പോയസ് ഗാര്‍ഡനിലാണ് സ്ഥിതി ചെയ്യുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വീടിന് അടുത്താണിത്. അതേസമയം രജനീകാന്തിന്റെ ഗ്യാരേജില്‍ നിരവധി കാറുകളുമുണ്ട്. എല്ലാം ആഡംബര കാറുകളാണ്. റോള്‍സ് റോയ്‌സിന്റെ രണ്ട് കാറുകളാണ് ഇതില്‍ ഏറ്റവും പ്രത്യേകതയുള്ളത്. റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഫാന്റം, എന്നീ മോഡലുകളാണ് രജനി സ്വന്തമാക്കിയത്. ടൊയോട്ട ഇന്നോവ, ഹോണ്ട സിവിക്, ബിഎംഡബ്ല്യു എക്‌സ് 5, മെഴ്‌സിഡസ് ബെന്‍ ജി വാഗണ്‍, ലമ്പോര്‍ഗിനി ഉറൂസ്, ബെന്റ്‌ലി പോലുള്ള വമ്പന്‍ കാറുകളും രജനിയുടെ കാര്‍ ശേഖരത്തിലുണ്ട്.