ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല… പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും- പൃഥ്വി

മലയാളം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഒരു ചിത്രമായിരിക്കും ആടുജീവിതമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്രത്തോളം പ്രയത്‍നമെടുത്തിട്ടുണ്ട് പൃഥ്വിരാജ്. എന്നാലിപ്പോൾ ആടുജീവിതമാകും മകൾ അലംകൃത കാണാൻ പോകുന്ന തന്റെ ആദ്യ സിനിമയെന്നു പൃഥ്വിരാജ്. തന്റെ ഒരു സിനിമ പോലും മകളെ ഇതുവരെ കാണിച്ചിട്ടില്ല. സ്ക്രീനിൽ അവൾ കാണുന്നത് അച്ഛനെയായിരിക്കും നടനെയാകില്ല. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തത്. ആടുജീവിതത്തിനായി ഡേറ്റ് നൽകുമ്പോൾ മകൾ ജനിച്ചിട്ടില്ല. മകളുടെ വളർച്ചയെല്ലാം ഈ സിനിമയ്ക്ക് ഒപ്പമായിരുന്നു. ഭാവിയിൽ സിനിമ എന്തെന്നു മനസ്സിലാക്കാൻ അവൾ കണ്ടിരിക്കേണ്ടത് ആടുജീവിതമാകണം എന്നാണ് ആഗ്രഹമെന്നും പൃഥ്വിരാജ് പറഞ്ഞു.

‘‘ഞാൻ എന്റെ മകൾക്കു എന്റെയൊരു സിനിമയും ഇതുവരെ കാണിച്ചിട്ടില്ല. പക്ഷേ ആദ്യമായി ഞാനെന്റെ മകളെ കാണിക്കുന്ന സിനിമ അത് ആടുജീവിതം ആയിരിക്കും. കുടുംബവുമായി പോയി സിനിമ കാണണം എന്നൊക്കെ ഞാൻ ആളുകളോട് പറയുമ്പോൾ പലരും ചോദിക്കാറുണ്ട് നിങ്ങൾ മകളെ എന്തുകൊണ്ടാണ് സിനിമ കൊണ്ടുപോയി കാണിക്കാത്തത് എന്ന്. അവൾക്ക് 9 വയസ്സേയുള്ളൂ. അവളെന്റെ സിനിമ കാണുമ്പോൾ അച്ഛൻ സ്ക്രീനിൽ എന്ന രീതിയിലേ കാണൂ. അതുകൊണ്ടാണ് ഇതുവരെ കാണിക്കാതിരുന്നത്. പക്ഷേ ഈ സിനിമ ഞാനവളെ അഭിമാനത്തോടെ കാണിക്കും. ഈ സിനിമ കാണുമ്പോൾ അവൾക്കു മനസ്സിലാവും അവളുടെ അച്ഛൻ ഒരു ആക്റ്റർ ആണെന്നും, ഒരു ആക്റ്റർ എന്നാൽ എന്താണ് അർഥമെന്നും.’’– പൃഥ്വിയുടെ വാക്കുകൾ.

ആടുജീവിതത്തിന്റെ റിലീസിനോട് അനുബന്ധിച്ച് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. എല്ലാവർക്കും അറിയാവുന്ന കഥ വിഷ്വലൈസ് ചെയ്യുമ്പോഴുള്ള വെല്ലുവിളിയാണ് സംവിധായകൻ എന്ന നിലയിൽ തനിക്കുണ്ടായിരുന്നതെന്ന് ബ്ലെസി പറഞ്ഞു. എ.ആർ. റഹ്മാൻ, റസൂൽ പൂക്കുട്ടി, നടി അമല പോൾ, ജിമ്മി ജീൻ ലൂയിസ് എന്നിവരും സദസ്സിലുണ്ടായിരുന്നു. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.

Merlin Antony :