ഞാൻ ഇതുവരെ ചെയ്ത സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനം നൽകി – ഷാരൂഖ് ഖാൻ

2023 എന്നത് ഷാരൂഖ് ഖാന്റെ തിരിച്ചുവരവിന്റെ വര്‍ഷമായിട്ടാകും ഇന്ത്യന്‍ സിനിമാ ലോകം കണക്കാക്കുക. പഠാനില്‍ തുടങ്ങി ഡങ്കിയില്‍ അവസാനിച്ച പോയ വര്‍ഷത്തെ ആ തിരിച്ചുവരവിലെ കുതിപ്പില്‍ വീണത് സര്‍വ്വ റെക്കോര്‍ഡുകളുമാണ്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കും അതിന് മുമ്പുണ്ടായിരുന്ന തുടര്‍ പരാജയങ്ങള്‍ക്കും പലിശയും ചേര്‍ത്ത് കടം വീട്ടിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ഇപ്പോഴിതാ ജവാൻ, പത്താൻ, ഡങ്കി തുടങ്ങിയ ചിത്രങ്ങളിലെ ഷാരൂഖാന്റെ തുടർച്ചയായ വിജയങ്ങൾക്ക് ആരാധകരോട് നന്ദി അറിയിച്ചിരിക്കുകയാണ് താരം. ഈ ചിത്രങ്ങളെല്ലാം ആഗോളതലത്തിൽ ബോക്‌സ് ഓഫീസിൽ 500 കോടിയിലധികം കളക്ഷൻ നേടിയിട്ടുണ്ട്. സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ സ്ഥാനം നൽകി എന്നാണ് ഷാരൂഖാൻ പറയുന്നത്.

ഞാൻ ഏകദേശം 33 വർഷമായി ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നു. പത്താൻ റിലീസിന് മുമ്പ്, ഏകദേശം അഞ്ച് വർഷത്തോളം ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിൽ അല്പം പരിഭ്രമം തോന്നി. 2023-ന് മുമ്പ്, എൻ്റെ ചില സിനിമകൾ തീയറ്ററുകളിൽ മികച്ച പ്രകടനം നടത്തിയിരുന്നില്ല. ഞാൻ സിനിമകൾ ചെയ്യുന്നില്ല എന്ന് മനസ്സിൽ ആഴത്തിൽ തോന്നി.

പക്ഷേ, സിനിമകളേക്കാൾ കൂടുതൽ സ്‌നേഹമാണ് എനിക്ക് നിങ്ങളിൽ നിന്ന് ലഭിച്ചത്. അത് പത്താനോ ജവാനോ ഡങ്കിയോ ആകട്ടെ, രാജ്യത്തിനകത്തും പുറത്തും ആളുകൾ എന്നെ പ്രശംസിച്ചു. ഞാൻ ഇതുവരെ ചെയ്ത സിനിമകളുടെ എണ്ണത്തേക്കാൾ കൂടുതൽ ആളുകൾ അവരുടെ ഹൃദയത്തിൽ എനിക്ക് സ്ഥാനം നൽകി. ഞാൻ ആവേശത്തോടെ പ്രവർത്തിക്കണമെന്ന് എന്നെ മനസ്സിലാക്കിയതിന് ആരാധകരോടും പ്രേക്ഷകരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്, ”ഷാരൂഖ് ഖാൻ പറഞ്ഞു. ഷാരൂഖ് ഖാന്റെ അടുത്ത ചിത്രം സൽമാൻ ഖാനൊപ്പം ‘ടൈഗർ Vs പത്താ’നാണ്. ഈ ചിത്രത്തിന് ശേഷം ഷാരൂഖ് ഖാൻ മകൾ സുഹാന ഖാനൊപ്പമുള്ള ചിത്രത്തിലാണ് വേഷമിടുന്നത്.

Merlin Antony :