കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല, രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കും; സുരേഷ് ഗോപി

രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയാവില്ല ഇതെന്നും സുരേഷ് ഗോപി പറഞ്ഞു. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘മോദി ഭരണത്തില്‍ പ്രീണനമില്ല. ജാതിയില്ല. എകീകൃത സിവില്‍ കോഡിന് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് ബിജെപിയുടേത്.

അടുത്ത തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വാഗ്ദാനമായി വരുമെങ്കില്‍ അത് നടപ്പാക്കിയെടുക്കുമെങ്കില്‍ പിന്നെ എവിടെയാണ് ജാതിക്ക് സ്ഥാനം. എല്ലാവരും ആഗ്രഹിക്കുന്നത് അതാണ്. ‘കെ റെയില്‍ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല. അതു വന്നിരിക്കും. ഏതെങ്കിലും പ്രത്യേക വിഭാഗത്തെ നശിപ്പിക്കാന്‍ അല്ലെങ്കില്‍ വിഷമിപ്പിക്കാന്‍ ഉള്ളതാണ് ഏകീകൃത സിവില്‍ കോഡെന്ന് ആരും കരുതേണ്ട.

ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുക ആ വിഭാഗത്തിന് തന്നെയാണെന്ന് ഞാന്‍ ഉറപ്പിച്ച് പറയുന്നു. അവിടെ പിന്നെ സ്ത്രീകള്‍ക്കായി പോയി എന്ന് പറഞ്ഞ് ഒരുത്തനും വരരുത്. സ്ത്രീക്കും തുല്യത വേണം. സ്ത്രീയുടെ തുല്യതക്ക് വേണ്ടി ഇത്രയും നാള്‍ ചുണ്ടനക്കി പറഞ്ഞതല്ലാതെ ഹൃദയം അറിഞ്ഞ് പ്രവര്‍ത്തിച്ചിട്ടുണ്ടോ. അത് പ്രാവര്‍ത്തികമാക്കാന്‍ നരേന്ദ്ര മോദിയെന്ന ആള്‍ വന്നിട്ടുണ്ടെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ സ്ത്രീ സമത്വം എന്നത് നടപ്പാക്കും.

എന്തുകൊണ്ട് പത്ത് വര്‍ഷം എന്ന് ചോദിച്ചാല്‍ കാനേഷുമാരി കൃത്യമായി നടക്കണം. അതിനെടുക്കുന്ന സമയമാണത്. പിണറായിയെപ്പോലെ ആരോപണങ്ങളെ തട്ടിവിടാന്‍ ഓട്ടച്ചങ്കോ പരട്ടച്ചങ്കോ അല്ല മോദിയുടേത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കേസ്, പറയുമെന്നു കരുതുന്നതായി ഗണിച്ചും കേസ് എന്നതാണ് സ്ഥിതി. ലോക്‌സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരനുപോലും സഞ്ചാര സ്വാതന്ത്ര്യമില്ലാത്ത സ്ഥിതിയാണ്.

കേരള പദയാത്രയ്ക്ക് കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയുണ്ട്. കേരള പദയാത്രയില്‍ വലിയ പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്. മോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണി പറയുന്ന യാത്രയാണിത്. കേരളത്തിലെ ഭരണാധികാരികള്‍ നാടിനെ തകര്‍ക്കുകയാണ്. ഗവര്‍ണര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സംസ്ഥാനമായി കേരളം മാറി. ആര്‍ക്കെതിരെയും കേസെടുക്കുന്ന സര്‍ക്കാരാണിത്. കോണ്‍ഗ്രസില്‍ ജനകീയരായ നേതാക്കള്‍ക്ക് അധികകാലം നില്‍ക്കാനാവില്ല. കോണ്‍ഗ്രസിന് മൂല്യശോഷണമാണ്. പലരും ഇനിയും മോദിക്കൊപ്പം വരും. മോദി ഭാരതത്തിന് വേണ്ടി ലോകത്തിന് എന്ത് സംഭാവന ചെയ്തുവെന്നാണ് ലോകം നോക്കുന്നത്.

എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന സര്‍ക്കാരാണിത്. തുല്യതയ്ക്ക് വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണിത്. സ്ത്രീ സമത്വം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു എംഎല്‍എ പോലും ഇല്ലാത്ത കേരളത്തില്‍ മാത്രം കോടികളാണ് എന്‍ഡിഎ സര്‍ക്കാര്‍ അനുവദിച്ചത്. പിഎം കിസാന്‍ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടില്‍ ഏതാണ്ട് 37,000 കോടി രൂപ കേന്ദ്രം നല്‍കിയെന്നും സുരേഷ് ഗോപി പറഞ്ഞു.

Vijayasree Vijayasree :