ഇത് കരുതിക്കൂട്ടിയുള്ള ആക്രമണം… നടൻ കൃഷ്ണകുമാറിന്റെ വെളിപ്പെടുത്തൽ

സോഷ്യൽ മീഡിയയിൽ നടൻ കൃഷ്ണകുമാറിന്‍റേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസ്താവന വ്യാജം. തന്റെ ഭാഗത്ത് നിന്ന് അത്തരത്തിലൊരു വര്‍ഗീയ സ്പർധ വളർത്തുന്ന പ്രസ്താവന ഉണ്ടായിട്ടില്ലെന്നും അങ്ങനെ സംസാരിക്കുന്ന ആളല്ല താനെന്നും കൃഷ്ണകുമാർ വ്യക്തമാക്കി. സുഹൃത്തുക്കളിൽ ചിലർ ഫോർവേര്‍ഡ് ചെയ്താണ് ഈ മെസേജ് ആദ്യം എന്‍റെ ശ്രദ്ധയിൽ പെട്ടത്. ഷൂട്ടിങ്ങ് തിരക്കിലായിരുന്നതിനാൽ ഇത്തരത്തിലൊരു ചർച്ച നടക്കുന്നത് ശ്രദ്ധിച്ചിരുന്നതേ ഇല്ല. പോസ്റ്റിൽ മതപരവും രാഷ്ട്രീയപരവുമായ ആംഗിളുകളുണ്ട്. പ്രസ്താനവനയിൽ മത, രാഷ്ട്രീയ ആംഗിളുകൾ കൊണ്ടുവരാന്‍ ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ അത്ര വ്യക്തമായൊരു പ്രസ്താവനയുമല്ല. പലരോടും ചോദിച്ചാണ് എന്താണ് ഇതിൽ ഉദ്ദേശിക്കുന്നതെന്ന് ഉറപ്പുവരുത്തിയത്. മമ്മൂട്ടിയുടെയോ മോഹൻലാലിന്‍റെയോ ഒക്കെ പേരിൽ ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയാൽ അത് വ്യാജമാണോ യഥാർത്ഥമാണോ എന്നത് പെട്ടെന്നു മനസിലാക്കാം. എന്നാൽ എന്നെപ്പോലെയുള്ള നടീനടൻമാരുടെ അവസ്ഥ അതല്ല. ആളുകൾ ചിലപ്പോൾ അത് സത്യമാണെന്ന് വിശ്വസിക്കും. വ്യാജസൃഷ്ടിയാണോ എന്നത് പെട്ടെന്ന് മനസിലാകില്ല- കൃഷ്ണകുമാർ വ്യക്തമാക്കുന്നു.

ഇതിന്‍റെ അപകടം മനസിലായതിനു ശേഷം സൈബര്‍ സെല്ലിലും മുഖ്യമന്ത്രിക്കും ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. തനിക്കെതിരെയുണ്ടായ ഈ ആക്രമണം പുറത്തുനിന്നല്ല എന്നു തന്നെയാണ് വിശ്വസിക്കുന്നത്. ഇൻഡസ്ട്രിക്ക് അകത്തുനിന്നു എന്നെ അറിയാവുന്ന ആരെങ്കിലും തന്നെയാണെന്നാണ് കരുതുന്നത്. സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കാനുള്ള മനപൂർവമായ ശ്രമമാണിത്. അറിയപ്പെടുന്നവരുടെ പേര് ഉപയോഗിച്ച് ഇങ്ങനെ ചെയ്താൽ അവർക്ക് ഇതിന്‍റെ ഗുണം കിട്ടും. എന്റെ മകൾ അഹാനയുടെ മൂന്ന് സിനിമകൾ റിലീസിന് ഒരുങ്ങുകയാണ്. അതുമായി ഈ സംഭവത്തിന് ഏതെങ്കിലും ബന്ധമുണ്ടോ എന്നറിയില്ല. അത്തരത്തിലുള്ള സംശയങ്ങളും ഉണ്ട്. ഞാൻ ഏതെങ്കിലും പാർട്ടി അംഗത്വമുള്ള ആളല്ല, ഏതെങ്കിലും പാർട്ടിയെയോ മതത്തെയോ വിമര്‍ശിക്കുന്ന ആളല്ല. തമാശക്കു പോലും മറ്റൊരാളുടെ മതത്തെ കുറ്റം പറയാതിരിക്കുക, സ്വന്തം മതത്തെ പുകഴ്ത്താതിരിക്കുക എന്ന കാര്യങ്ങളൊക്കെ മക്കളോടും പറഞ്ഞുകൊടുക്കാറുള്ളതാണ്.

ലൂക്കായിലെ പാട്ട് യൂട്യൂബിൽ എത്തിയതിനു ശേഷം നെഗറ്റീവ് കമൻറുകൾ വരുന്നത് ശ്രദ്ധയിൽ പെട്ടിരുന്നു. ആ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ എല്ലാം വ്യാജമാണെന്നു മനസിലായി. അതും ഈ സംഭവവും തമ്മിൽ ബന്ധമുണ്ടോ എന്നറിയില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

മലയാള സിനിമയിലും സീരിയേലിലുമായി നിറഞ്ഞ് നിന്ന് മുഖമാണ് കൃഷ്ണകുമാറിന്റേത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സ്ത്രീ എന്ന സീരിയേലിലൂടെയാണ് കൃഷ്ണകുമാര്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. അബ്ബാസിന് മുമ്പ് ഹാര്‍പിക്കിന്റെ പരസ്യത്തിലും കൃഷ്ണകുമാര്‍ ആയിരുന്നു അഭിനയിച്ചിരുന്നത്. സുരേഷ് ഗോപിയെ നായകനാക്കി 1994ല്‍ രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത കാശ്മീരം എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ അഭിനയ രംഗത്തെത്തുന്നത്.

കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാര്‍ തന്റെ 51-ാം പിറന്നാള്‍ ആഘോഷിച്ചത്. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ച് കൊണ്ട് മകളും നടിയുമായ ആഹാന എത്തിയിരുന്നു. മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു. പിന്നീട് നായകനായും വില്ലനായും സ്വഭാവ നടനുമായെല്ലാം നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. സിനിമകള്‍ക്കപ്പുറം വാര്‍ത്ത അവതാരകനായിരുന്നു താരത്തെ ടെലിവിഷന്‍ സീരിയലുകളാണ് ശ്രദ്ധേയനാക്കിയത്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ അഹാനയും സിനിമയിലേക്ക് എത്തിയിരുന്നു. 2014 ല്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാന വെള്ളിത്തിരയിലേക്ക് എത്തിയത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും അഹാന അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന സിനിമയിലാണ് താരപുത്രി അഭിനയിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ പതിനെട്ടാം പടി, പിടിക്കിട്ടാപുള്ളി എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി അഹാനയുടേതായി വരാനിരിക്കുകയാണ്.

Noora T Noora T :