അമ്പതിനായിരം രൂപയുടെ ഉദ്ഘാടനത്തിന് പോയതുകൊണ്ട് അമ്പത് ലക്ഷം രൂപ നഷ്ടമായി! ചങ്ക് തകർന്ന നിമിഷത്തെക്കുറിച്ച് ടിനിടോം

രസകരമായ രീതിയില്‍ കഥകള്‍ പറയുന്ന താരമാണ് ടിനി ടോം. തന്റെ ജീവിതകഥകളാണെങ്കിലും ഹാസ്യരൂപേണ നടന്‍ അവതരിപ്പിക്കാറുണ്ട്. ഭാര്യയുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെ കമ്മല്‍ കിട്ടിയതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ പറ്റി പറയുകയാണ് താരം. അതുപോലെ അമ്പതിനായിരം രൂപയുടെ ഉദ്ഘാടനത്തിന് പോയതുകൊണ്ട് അമ്പത് ലക്ഷം രൂപ നഷ്ടമായ കഥ പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. ‘2018 എന്ന ചിത്രത്തിന്റെ ഹാങ്ങോവറിലാണ്. ഞാൻ ഒരിക്കലും കാണരുതെന്ന് വിചാരിച്ചിരുന്ന വർഷമാണ് 2018. കാരണം ഞാനൊരു പ്രളയബാധിതനാണ്. എല്ലാം നഷ്ടപ്പെട്ടുപോയവനാണ്.ഞാൻ അവിടെ നിന്നും വീണ്ടും തുടങ്ങിയവനാണ്. അത് ഞാൻ ജൂഡിനെ വിളിച്ചുപറഞ്ഞിരുന്നു. സപ്പോർട്ട് ചെയ്ത് പോസ്റ്റും ഇട്ടിരുന്നു. ഞാൻ ഫാമിലിയായിട്ടാണ് സിനിമ കണ്ടത്.അന്ന് എന്റെ മകൻ കാണിച്ച ഒരു ബുദ്ധിയുണ്ട്, അവന്റെ വീഡിയോ ക്യാമറയെടുത്ത് രണ്ടാമത്തെ നിലയിൽവച്ചു. അത് മാത്രമാണ് കേടാവാതിരുന്നത്. ഈ വീടിന്റെ മുറ്റത്തുവരെ വെള്ളം വരാറില്ലെന്ന് പറഞ്ഞ് ഞാൻ അവനെ കളിയാക്കിയിരുന്നു. എനിക്കന്ന് എടപ്പാളിൽ ഒരു അമ്പതിനായിരം രൂപയുടെ ഉദ്ഘാടനമുണ്ടായിരുന്നു. തിരിച്ചുവന്നപ്പോൾ അമ്പത് ലക്ഷം പോയെന്ന് പറയാം. അതിനുവേണ്ടി പോയതുകൊണ്ടാണ് പറ്റിയത്. അല്ലെങ്കിൽ വാഹനങ്ങൾ മാറ്റാമായിരുന്നു.അങ്കമാലിയിൽ വച്ച്, വീട്ടിലേക്ക് പോകുന്ന ഏരിയയിലൊക്കെ ഫുൾ വെള്ളം കയറിയിരിക്കുകയാണെന്ന് എല്ലാവരും പറഞ്ഞു. എന്റെ കാറിന്റെ ചില്ല് അടഞ്ഞുകിടക്കുന്നതിനാൽ ചെളിയൊന്നും കയറില്ല, അവിടെ കിടപ്പുണ്ടാകുമെന്നാണ് ഞാൻ കരുതിയത്. അവിടത്തെ സംഭവം എന്ന് പറഞ്ഞാൽ ഇവരെല്ലാവരും കൂടി പൊക്കമുള്ള സ്ഥലത്ത് കാർ മാറ്റിയിട്ടിരുന്നു. എന്നാൽ വെള്ളം വന്ന് ആ കാറെല്ലാം കൊണ്ടുപോയി. ഇത്തിരി വിലകൂടിയ വണ്ടിയാണ് എന്റേത്. വെള്ളം വന്ന് ചില്ലിൽ തട്ടിയാൽ അപ്പോൾ തന്നെ ചില്ല് താഴുന്നൊരു സിസ്റ്റം വണ്ടിയിലുണ്ടായിരുന്നു. പുഴയിലൊക്കെ പോയാൽ രക്ഷപ്പെടാൻ വേണ്ടിയുള്ളതായിരുന്നു. ഭയങ്കര ടെക്‌നോളജിയാണ്. എന്റെ ആ വാഹനമൊക്കെ പോയി. ഞാൻ എന്ത് വേദനയും പിന്നീട് തമാശയായി കാണാറാണ്. അന്ന് ഞാൻ ചിരിച്ചോണ്ട് നടക്കുമ്പോൾ നിനക്കെന്താടാ കിളി പോയോ എന്ന് പലരും ചോദിച്ചു. ഇത് നമ്മുടെ കുറ്റമല്ലല്ലോ, വന്നുകയറിയതാണല്ലോ. ഞാൻ മദ്യപിച്ചോ, ലഹരിമരുന്ന് ഉപയോഗിച്ചോ, പെണ്ണ് പിടിച്ചോ ഒന്നും പോയതല്ല. ദൈവ വിധിയാണ്. ദൈവമെടുത്തെങ്കിൽ തിരിച്ചുതരുമെന്നൊരു കോൺഫിഡൻസ് ഉണ്ടായിരുന്നു. അവിടുന്ന് രാവും പകലും അദ്ധ്വാനിച്ച് തിരിച്ചുകയറിയെന്നും ടിനി ടോം പറഞ്ഞു.

അതുകൂടാതെ തന്റെ ജീവിതത്തിൽ സംഭവിച്ച മറ്റൊരു സംഭവവും കു‌ടെ ടിനി പങ്കുവെച്ചിരുന്നു. ഒരു ദിവസം ഭാര്യയുടെ കൂടെ കാറില്‍ യാത്ര ചെയ്യുകയാണ്. പെട്ടെന്ന് ഭാര്യയ്ക്ക് അതിനകത്ത് നിന്നും ഒരു കമ്മല്‍ കിട്ടി. അതെങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. ഇതാരുടെയാണെന്ന് ഭാര്യ ചോദിച്ചതോടെ ആകെ കുടുങ്ങിയ അവസ്ഥയിലായി. എങ്ങനെ അതെന്റെ വണ്ടിയില്‍ വന്നുവെന്ന് ഒരു പിടുത്തവുമില്ല. പ്രോഗ്രാമിന് പോകുമ്പോള്‍ പെണ്‍കുട്ടികളൊക്കെ കാറില്‍ കയറാറുണ്ട്. എന്നാല്‍ ഒരാഴ്ചയ്ക്ക് മുകളിലായിട്ട് താന്‍ പ്രോഗ്രാമിനും പോയിട്ടില്ല. പിന്നീട് പുള്ളിക്കാരി തന്നെ ഓര്‍മ്മിച്ച് വന്നപ്പോഴാണ് വണ്ടി സെര്‍വീസിന് കൊടുത്തിട്ടുണ്ടോന്ന് അവള്‍ ചോദിക്കുന്നത്. ഉണ്ടെന്നും പറഞ്ഞതോടെ കാര്‍ സെര്‍വീസിന് കൊണ്ട് പോയ ശിവനെ വിളിച്ചു.

ഭാര്യയ്ക്ക് കൂടി കേള്‍ക്കാന്‍ പാകത്തിന് ലൗഡ് സ്പീക്കറില്‍ ഇട്ടിട്ടാണ് അവനോട് സംസാരിച്ചത്. ഇന്നലെ സര്‍വീസിന് പോയപ്പോള്‍ കാറും കൊണ്ട് വേറെ എവിടേലും പോയിരുന്നോ എന്ന് ചോദിച്ചു. അവന്‍ പോയെന്ന് പറഞ്ഞു. സത്യത്തില്‍ ശിവനും ഭാര്യയും കുഞ്ഞും എന്റെ കാറില്‍ കയറി ഒന്ന് കറങ്ങി നടന്നിരുന്നു. അവന്റെ ഒരു ആഗ്രഹത്തിന് പോയതാണ് പോലും. എന്റെ വണ്ടിയില്‍ ഞാനടിച്ച ഡീസലും കൊണ്ട് അവന്‍ കറങ്ങി നടന്നു എന്ന് കേട്ടപ്പോള്‍ കാര്യമായി ഒന്നും തോന്നിയില്ല. എന്നാല്‍ എന്തേലും നഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് മകളുടെ കമ്മല്‍ പോയെന്ന് അവന്‍ പറയുന്നു. ഇതോടെയാണ് എനിക്ക് സമാധാനമായത്. ഒടുവില്‍ അയച്ച് കൊടുത്ത ഫോട്ടോയിലുള്ള കമ്മല്‍ അവന്റെ മകളുടേതാണെന്ന് തെളിഞ്ഞു. ഇതോടെയാണ് തന്റെ നിരപരാധിത്വം തെളിഞ്ഞതെന്നാണ് ടിനി ടോം പറയുന്നത്.

Merlin Antony :