അപ്പു’, ‘അപ്പു’ എന്ന് രണ്ടുതവണ ബാലഭാസ്‌ക്കറിന്റെ വെളിപ്പെടുത്തൽ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നതിനിടെ അപകട സമയത്ത് കാറോടിച്ചത് ‘അപ്പു’വാണെന്ന് ബാലഭാസ്കര്‍ പറഞ്ഞതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ ഡ്രൈവറായ അര്‍ജുനന്റെ വിളിപ്പേരാണ് അപ്പു. അപകടത്തില്‍ ശ്വാസകോശത്തിന് സാരമായി പരിക്കേറ്റതിനാല്‍ ബാലഭാസ്കറിന് ശബ്ദം പുറത്തുവരത്തക്കവിധം സംസാരിക്കാന്‍ കഴിയുമായിരുന്നില്ല.

എന്നാല്‍ അപകടത്തില്‍ പരിക്കേറ്റ് കിടന്ന ബാലഭാസ്കറിനെ സന്ദര്‍ശിച്ച ബന്ധുക്കള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഓര്‍മ്മശക്തി പരിശോധിക്കാനായി അപകടത്തെപ്പറ്റി ചോദിക്കുന്നതിനിടെയാണ് കാറോടിച്ചതാരെന്ന ഭാര്യ ലക്ഷ്മിയുടെ അമ്മയുള്‍പ്പെടെയുള്ള ബന്ധുക്കളുടെ ചോദ്യത്തിന് മറുപടിയായാണ് ചുണ്ടുകള്‍ വ്യക്തമായി ചലിപ്പിച്ച്‌ ‘അപ്പു’, ‘അപ്പു’ എന്ന് രണ്ട് തവണ ബാലു മൊഴി നല്‍കിയത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണിയും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കാറോടിച്ചതാരെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് നിര്‍ണായകമായ വിവരമാണ്. അപകട സമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവര്‍ത്തകനായ നന്ദുവും കാറോടിച്ചത് അര്‍ജുനാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരുടെ മൊഴിയ്ക്കൊപ്പം കാറോടിച്ചതാരെന്ന് സംശയാതീതമായി തെളിയിക്കാന്‍ അപകടത്തില്‍പ്പെട്ട കാര്‍ പരിശോധിച്ച ഫോറന്‍സിക് വിഭാഗത്തോട് ഫോറന്‍സിക് പരിശോധനയുടെ ഫലം ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കത്ത് നല്‍കിയിട്ടുണ്ട്. ഇത് കൂടി ലഭ്യമായശേഷമാകും അര്‍ജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. വ്യക്തമായ തെളിവില്ലാതെ ചോദ്യം ചെയ്താല്‍ അര്‍ജുന്റെ മൊഴി വിശ്വസിക്കാനേ അന്വേഷണസംഘത്തിന് കഴിയൂ. ഇതൊഴിവാക്കാനാണ് പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അര്‍ജുനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

അതേ സമയം താന്‍ ഒളിവിലല്ലെന്നും കോളേജ് സുഹൃത്തിനൊപ്പം ഹിമാലയ യാത്രയിലാണെന്നും ബാലഭാസ്‌കറിന്റെ കുടുംബ സുഹൃത്തായ പാലക്കാട്ടെ ഡോക്ടറുടെ മകന്‍ ജിഷ്ണു ഇന്നലെ അന്വേഷണ സംഘത്തെ അറിയിച്ചു. താന്‍ ഒളിവില്‍ പോയതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് സംഘത്തെ ഫോണില്‍ ബന്ധപ്പെട്ട ജിഷ്ണു ഇതാണ് തന്റെ നമ്ബരെന്നും ഏത് സമയം വിളിച്ചാലും വരാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി.എന്നാല്‍ ജിഷ്ണുവിനോട് എപ്പോള്‍ വരണമെന്ന് സംബന്ധിച്ച്‌ നിര്‍ദ്ദേശങ്ങളൊന്നും തല്‍ക്കാലം നല്‍കിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പാലക്കാട്ടെ ഡോക്ടറുടെ കുടുംബവുമായി ബാലഭാസ്‌കറിനുണ്ടായിരുന്ന സാമ്ബത്തിക ഇടപാടും അര്‍ജുനെ ഡ്രൈവറായി നിയോഗിച്ചതില്‍ അവരുടെ പങ്കുമാണ് ഡോക്ടറുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിന്റെ കാതല്‍. ബാലഭാസ്‌കറിന് അപകടമുണ്ടായ ദിവസം ജിഷ്ണു തിരുവനന്തപുരത്തുണ്ടായിരുന്നുവെന്നതും ജിഷ്ണുവുമായും സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നുവോയെന്നും അന്വേഷിക്കേണ്ടതായുണ്ട്. ഇതെല്ലാം വരുംദിവസങ്ങളില്‍ അന്വേഷിച്ച്‌ പുറത്തുകൊണ്ടുവരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അതു കൊണ്ട് അപകടത്തെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്തയച്ചിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തേക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച്‌ അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ കാര്‍ മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌ക്കറും മകള്‍ തേജസ്വിനിയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

balabhaskar-death-accident-murder-reveals-shocking news

Sruthi S :