അന്നമനട പരമേശ്വര മാരാർ അന്തരിച്ചു; പഞ്ചവാദ്യ കുലപതിയ്ക്ക് അന്ത്യാഞ്ജലി നേർന്ന് പൂരപ്രേമികൾ

പഞ്ചവാദ്യ രംഗത്തെ കുലപതിയെന്ന് അറിയപ്പെടുന്ന അന്നമനട പരമേശ്വര മാരാർ അന്തരിച്ചു. ഏറെക്കാലം തൃശൂർ പൂരത്തിന്റെ മേളപ്രമാണികളിൽ ഒരാളായിരുന്ന മാരാർ, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.

വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1952 ജൂൺ ആറിന് രാമൻ നായരുടേയും പാറുക്കുട്ടി വാരസ്യാരുടേയും മകനായി അന്നമനടയിൽ ജനിച്ചു. അന്നമനട മഹാദേവക്ഷേത്രത്തിൽ നിത്യസന്ദർശകനായിരുന്ന അദ്ദേഹം ബാല്യത്തിൽ തന്നെ ക്ഷേത്രവാദ്യങ്ങളിലും ക്ഷേത്രകലകളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച കലാജീവിതമാണ് അദ്ദേഹത്തെ ക്ഷേത്രവാദ്യങ്ങളിൽ ശ്രേഷ്ഠമായ തിമിലയുടെ വാദകനാക്കി മാറ്റിയത്.

കേരളകലാമണ്ഡലത്തിൽ പഞ്ചവാദ്യം പഠനവിഷയമാക്കിയ 1965 ൽ ആദ്യബാച്ചിൽ തിമില മുഖ്യമായി പഞ്ചവാദ്യപഠനം ആരംഭിച്ചു. 1972 മുതൽ തൃശൂർ പൂരം മഠത്തിൽ വരവ് പഞ്ചവാദ്യത്തിൽ പങ്കെടുത്തു. ഏതാണ്ട് 11 വർഷത്തോളം പരമേശ്വരമാരാരുടെ പ്രമാണത്തിലാണ് മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറിയത്. 2007 ലെ കേരള സംഗീത നാടക അക്കാഡമി അവാർഡുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി. ദീർഘകാലം കേരള ക്ഷേത്രകലാ അക്കാഡമിയുടെ പ്രസിഡന്റായും സേവനം അനുഷ്‌ടിച്ചു.

Noora T Noora T :