അദ്ദേഹമില്ലെങ്കിൽ ഞാനെന്ന ഗായകനുണ്ടാവില്ല-യേശുദാസ് !

വി ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ നൂറാം ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ അദ്ദേഹത്തെ സ്മരിച്ചു കൊണ്ട് ഡോ കെ ജെ യേശുദാസ് നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. സ്വാമികളുടെ ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചിരിക്കുന്നത് താനാണെന്നും അദ്ദേഹമില്ലെങ്കില്‍ തന്നിലെ ഗായകനുണ്ടാകുമായിരുന്നില്ലെന്നും യേശുദാസ് പറഞ്ഞു.

‘എന്റെ അച്ഛനാണ് സംഗീതത്തില്‍ എന്റെ ആദ്യ ഗുരു. ഗുരു ഇല്ലെങ്കില്‍ ഒന്നും തന്നെയില്ല. അച്ഛനും സ്വാമികളും അഭയദേവും. ഇവര്‍ മൂന്നു പേരും പരസ്പരം മച്ചാ മച്ചാ എന്നും അളിയാ എന്നൊക്കെയാണ് അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിരുന്നത്. ചെറിയ വയസ്സിലാണ് സ്വാമികളുടെ മകള്‍ ഗോമതിയെ കാണുന്നത്. ആദ്യം കാണുമ്പോള്‍ തൊട്ടേ സ്വാമികളുടെ ഒക്കത്താണ്. അങ്ങനെ എടുത്ത് നടന്നു നടന്നാണ് ഇവരിങ്ങനെ ഇരിക്കുന്നത്. സ്വാമികളുടെ കയ്യിലുള്ളതെല്ലാം ഇവര്‍ ഊറ്റിയെടുത്തു. ഗോമതി സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുണ്ടോ എന്നെനിക്ക് സംശയമാണ്. അച്ഛന്റെ ഒക്കത്തിരുന്നുകൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവില്‍ നിന്നും കടാക്ഷമായി അറിവു ലഭിക്കുന്നതിനു പരിധികളുണ്ട്. സദാ സമയവും അദ്ദേഹത്തോടൊപ്പം നടന്നു നടന്നു സംഗീതത്തെ കൂടുതല്‍ ആഴത്തിലറിയാന്‍ ഗോമതിക്കായി.’ യേശുദാസ് പറഞ്ഞു.

സ്വാമികളുടെ പാട്ടുകള്‍ പാടിയതിന്റെ പിന്‍ബലം കൊണ്ട് ഏതു ബുദ്ധിമുട്ടുള്ള പാട്ടും തനിക്കു വഴങ്ങാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സ്വാമികളുടെ സംഗീതം നമുക്കൊന്നും ചിന്തിച്ചെടുക്കാന്‍ കഴിയില്ല. രൂപവും താളവും എങ്ങനെയെന്നു പോലും അളക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ സംഗീതത്തില്‍ പിറന്ന ‘സ്വപ്‌നങ്ങള്‍..’ എന്ന ഗാനം.. അതിലെ ‘സ്വ’ എന്ന പദം തുടങ്ങുന്നതിനു മുമ്പെ ഒരു സംഗീതമുണ്ട്. അത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം സംഗീതം ചെയ്ത മിക്ക പാട്ടുകളും പാടാനായി. ദക്ഷിണാമൂര്‍ത്തി സ്വാമികളുടെ സംഗീതത്തില്‍ പിറന്ന പാട്ടുകള്‍ പാടിയതിനാലാണ് ഏതു ബുദ്ധിമുട്ടുള്ള പാട്ടും പാടാനായത്.’ യേശുദാസ് പറഞ്ഞു.

yesudas remembering dakshinamoorthi on his centenary celebration

HariPriya PB :