മമ്മൂട്ടി, ജീവ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രമാണ് യാത്രാ 2. ചിത്രം വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. തിയേറ്ററുകളില്‍ മികച്ച വരവേല്പാണ് ചിത്രത്തിന് ലഭിച്ചത്. അതിനിടെ സിനിമയുടെ പ്രദര്‍ശനത്തിനിടെ നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വ്യക്തിജീവിതവും രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവുമെല്ലാമാണ് യാത്രാ 2ന്റെ പ്രമേയം.
ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ കാണികളില്‍ ചിലര്‍ രണ്ടുവിഭാഗങ്ങളായി തിരിഞ്ഞ് തമ്മിലടിക്കുന്നതാണ് പരക്കുന്ന വീഡിയോയിലുള്ളത്. ഇവരില്‍ ഒരുഭാഗം ജഗന്‍മോഹന്‍ റെഡ്ഡിയെ അനുകൂലിക്കുന്നവരും മറുഭാഗം തെലുങ്കിലെ സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി പ്രസിഡന്റുമായ പവന്‍ കല്യാണിന്റെ ആരാധകരുമാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. എന്നാല്‍ എന്താണ് തിയേറ്ററിനകത്തെ ചേരിതിരിഞ്ഞുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ് നടന്‍ ജീവയാണ് വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയായി എത്തുന്നത്. വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേഷത്തിലാണ് മമ്മൂട്ടി.
2009ല്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണത്തിന് ആറുമാസത്തിനുശേഷം ജഗന്‍മോഹന്‍ റെഡ്ഡി നടത്തിയ ഒതര്‍പ്പ് യാത്രയാണ് ചിത്രത്തിന് ആധാരം. ചിത്രത്തിന്റെ ആദ്യഭാഗത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പദയാത്രയായിരുന്നു യാത്രയുടെ പ്രമേയം. ത്രീ ആറ്റം ലീവ്‌സ്, വി സെല്ലുലോയിഡ്, ശിവ മേക്ക എന്നിവര്‍ സംയുക്തമായാണ് ‘യാത്ര 2’ എന്ന ചിത്രം നിര്‍മിക്കുന്നത്. മദിയാണ് ഈ ചിത്രത്തിന്റെ ക്യാമറാമാന്‍. സന്തോഷ് നാരായണനാണ് സംഗീതമൊരുക്കുന്നത്.