കഴിഞ്ഞ ദിവസം ആയിരുന്നു ലോക ഡാൻസ് ദിനം. മലയാള സിനിമയിലെ മിക്ക നടിമാരും ഡാൻസിലൂടെ വന്ന്, അഭിനയത്തിൽ സജീവമായവരാണ്. ഇപ്പോഴും നൃത്തം തന്നെയാണ് അതിൽ പലർക്കും പ്രധാനം. ആശ ശരത്ത്, നവ്യ നായർ, മഞ്ജു വാര്യർ, കാവ്യ മാധവൻ, അമ്പിളി ദേവി, രിമ കല്ലിങ്കൽ എന്നിങ്ങനെ പോകും ആ ലിസ്റ്റ്. ലോക നൃത്ത ദിനത്തിൽ നടിമാർ എല്ലാം ഡാൻസ് വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതും വളരെ സാധാരണമാണ്. എന്നാൽ ഇത്തവണ പലരുടെയും വീഡിയോ അല്പം വ്യത്യസ്തമാണ്.
മഞ്ജു വാര്യർ രാവിലെ തന്നെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തിരക്കുകൾക്കിടയിലും നൃത്തം പ്രാക്ടീസ് ചെയ്യാൻ സമയം കണ്ടെത്തുന്നു എന്ന് കാണിച്ചാണ് വീഡിയോ. അതിൽ ഒരിടത്ത് മഞ്ജുവിനോട് ചുവടുകൾ തെറ്റിപ്പോയപ്പോൾ നടി ചിരിച്ചതും ആരാധകർ ഏറ്റെടുത്തു. തെറ്റുകൾ തിരുത്തി, ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുകയാണ് എന്ന് പറഞ്ഞാണ് മഞ്ജു വീഡിയോ പങ്കുവച്ചത്. ഗീതാ പദ്മകുമാർ ആണ് മഞ്ജുവിന്റെ നൃത്ത ഗുരു. മഞ്ജു പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ഗീതയുടെ ശബ്ദവും കേൾക്കാമായിരുന്നു.
തിരുവനന്തപുരത്തെ തക്കല കൊട്ടാരത്തിൽ എത്തിയ നവ്യ നാടർ അവിടെയുള്ള നവരാത്രി മണ്ഡപത്തിൽ നൃത്തം ചെയ്യുന്ന വീഡിയോയും പങ്കുവച്ചു. ‘തിരുവനന്തപുരത്ത് കട്ടാൾ ഫെസ്റ്റിവലിൽ നൃത്തം ചെയ്തതിനു ശേഷം അവിചാരിതമായിട്ടാണ് പത്മനാഭപുരം കൊട്ടാരത്തിൽ പോയത്. ഒരു പാട് അത്ഭുതങ്ങൾ നിറഞ്ഞ, ഒരുപാട് രഹസ്യങ്ങൾ ഉറങ്ങുന്ന തക്കല കൊട്ടാരം.
അപ്രതീക്ഷിതമായിട്ടാണ് അവിടുത്തെ നടത്തിപ്പുക്കാരിൽ നിന്നും ആ ചോദ്യം വന്നത്, നവരാത്രി മണ്ഡപത്തിൽ ഒരു ചെറിയ ഐറ്റം കളിക്കാമോ എന്ന്… എത്രയെത്ര പ്രമുഖർ ആടിയും, പാടിയും തഴക്കം വന്നിരിക്കുന്ന നവരാത്രി മണ്ഡപം. മലയാളികൾക്ക് മണിച്ചിത്രതാഴിലൂടെ പരിചിതമായ നവരാത്രി മണ്ഡപം. എളിയ സമർപ്പണം. അദൃശ്യമായ ഒരു ശക്തിയും, ഒരു പാട് ചിലങ്കകളുടെ കിലുക്കവും എന്റെ കൂടെ. ലോക നൃത്തം ദിന ആശംസകൾ എന്നാണ് നവ്യയുടെ പോസ്റ്റ്.
അതിലും വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഭാവനയുടേത്. ഒരിടത്ത് ഇരുന്ന് കൊണ്ട് സിനിമാറ്റിക് ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന വീഡിയോ ആണ് ഭാവന പങ്കുവച്ചത്. ‘ഇങ്ങനെയും ഡാൻസ് ചെയ്യാം’ എന്ന ഹാഷ് ടാഗിനൊപ്പം ഭാവന പങ്കുവച്ച വീഡിയോയും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, മഞ്ജു വാര്യരുടെ കലാജീവിതത്തിൽ സിനിമയോടൊപ്പം തന്നെ ഉയരത്തിലാണ് നൃത്തവും. അഭിനേത്രയെന്ന രീതിയിൽ മാത്രമല്ല നർത്തകിയായും മഞ്ജു വാര്യർ ആരാധകർക്കിടയിൽ എന്നും നിറഞ്ഞുനിന്നിരുന്നു അന്നും ഇന്നും. മഞ്ജു ഇപ്പോഴും നൃത്തം അഭ്യസിക്കാറുണ്ട്.
സിനിമയിൽ തിരക്കേറിയെങ്കിലും താരം നൃത്ത വേദികളെ കൈയ്യൊഴിഞ്ഞിട്ടില്ല, നർത്തകിയായും തിരക്കേറിയ ജീവിതം നയിക്കുകയാണ് മഞ്ജു ഇന്ന്. തളർന്നു പോയപ്പോഴെല്ലാം താങ്ങായി നിന്നും എന്നും ഗുരുവെന്ന സ്ഥാനത്തിലുപരി ചേച്ചിയായി കൂടെ നിന്ന ആളാണ് മഞ്ജുവിന് ഗീതാ പദ്മകുമാർ. ഗീതാ പദ്മകുമാറിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജു പറഞ്ഞതിങ്ങനെ;
‘എന്റെ ആദ്യത്തെ ഗുരു സെലിൻകുമാരി ടീച്ചർ മുതൽ ഇപ്പോഴത്തെ ഗുരു ഗീത പദ്മകുമാർ വരെ എല്ലാവരും എനിക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്റെ നേട്ടങ്ങളിൽ അവരുടെയെല്ലാം സംഭാവനകളുണ്ട്. ഇപ്പോൾ ഗീത ടീച്ചറുടെ അടുത്ത് പഠനം തുടരുന്നു. നാവുകൊണ്ട് ടീച്ചർ എന്നു ഞാൻ പറയുന്നുണ്ടെങ്കിലും ഹൃദയം കൊണ്ട് ചേച്ചി എന്നാണ് വിളിക്കുന്നത്. ടീച്ചർ പറയും, സിനിമാതാരമായതുകൊണ്ടല്ല; മഞ്ജു നല്ല നർത്തകി ആയതുകൊണ്ടാണ് ആളുകൾ പ്രോഗ്രാം കാണാൻ വരേണ്ടത്. അതനുസരിച്ചുള്ള പെർഫോമൻസ് തിരികെ കൊടുക്കണമെന്ന്.
പെർഫോമൻസിന്റെ ക്വാളിറ്റിയിൽ ഒട്ടും കോംപ്രമൈസ് ചെയ്യാൻ ടീച്ചർ സമ്മതിക്കില്ല. അത്രക്ക് ഇന്ററസ്റ്റ് എടുത്താണ് ഓരോ പ്രോഗ്രാമിനു വേണ്ടിയും എന്നെ ഒരുക്കുന്നത്. കല്യാണം കഴിഞ്ഞതിനു ശേഷം ഡാൻസിലും വലിയ ഗ്യാപ്പ് വന്നു. പിന്നീട് മകൾ മീനാക്ഷിയെ ഡാൻസ് പഠിപ്പിക്കാൻ ഗീത പദ്മകുമാർ ടീച്ചർ വീട്ടിൽ വന്നപ്പോൾ ഒരു കൗതുകത്തിനു വേണ്ടി അവളോടൊപ്പം ഞാൻ വീണ്ടും ചുവടുവയ്ക്കുകയായിരുന്നു. അപ്പോൾ ആദ്യമേ തന്നെ ഞാൻ ടീച്ചറോട് പറഞ്ഞു, ‘ഡാൻസ് ചെയ്തിട്ട് വർഷങ്ങളായില്ലേ, അറിയാമായിരുന്നതെല്ലാം എന്റെ കയ്യിൽനിന്നു പോയിട്ടുണ്ടാകും. എന്നാലും ഞാനൊന്ന് ശ്രമിക്കുകയാണ്’
പക്ഷേ, രണ്ടാം ദിവസം ടീച്ചർ എന്നോട് പറഞ്ഞു- മഞ്ജു പണ്ട് പഠിച്ചതൊന്നും എവിടെയും പോയിട്ടില്ല. ഡാൻസിൽ കിട്ടിയിരിക്കുന്ന നല്ല ബെയ്സിന്റെ ഗുണമാണത്. അതുകേട്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. അന്നു രാത്രിതന്നെ ഞാൻ അമ്മയെ വിളിച്ച് ഗീതടീച്ചർ പറഞ്ഞതെല്ലാം പറഞ്ഞു എന്നും അന്ന് മഞ്ജു വാര്യർ പറഞ്ഞു.
മലയാളത്തേക്കാളും ഇന്ന് തമിഴകത്താണ് മഞ്ജു വാര്യർ സജീവം. വിടുതലെ 2 ആണ് മഞ്ജു വാര്യരുടെതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. വിജയ് സേതുപതി നായകനായ ചിത്രം സംവിധാനം ചെയ്തത് വെട്രിമാരനാണ്. മികച്ച വിജയം നേടിയ വിടുതലൈ 2 വിൽ പ്രധാന വേഷങ്ങളിലാെന്നാണ് മഞ്ജു വാര്യർ ചെയ്തത്. മിസ്റ്റർ എക്സ് എന്ന സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിലെ നായകൻമാർ.
മലയാളത്തിൽ എമ്പുരാൻ ആണ് മഞ്ജു വാര്യരുടേതായി പുറത്തെത്തിയ ചിത്രം. എമ്പുരാന്റെ ഐമാക്‌സ് ട്രെയിലർ ലോഞ്ചിന് പങ്കെടുത്ത മഞ്ജുവിന്റെ ചിത്രങ്ങളും മഞ്ജു ധരിച്ചിരിക്കുന്ന വസ്ത്രത്തിനും എല്ലാം നിറഞ്ഞ കൈയ്യടിയായിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. വസ്ത്രങ്ങളുടെ കാര്യത്തിൽ അന്നും ഇന്നും ഏറെ ശ്രദ്ധ പുലർത്തുന്ന ആളുകൂടിയാണ് മഞ്ജു. പൊതുവെ മുംബൈയിൽ ഒരു സിനിമ പ്രമോഷനോ, പ്രസ്സ് മീറ്റോ നടക്കുമ്പോൾ, അതീവ ഗ്ലാമറസ്സായി നടന്നുവരുന്ന നായികമാരെയാണ് റെഡ് കാർപെറ്റിൽ കാണാറുള്ളത്.
എന്നാൽ മലയാളത്തിൽ നിന്നും വന്ന ഒരു നാൽപ്പത്തിയാറുകാരിയായ നടി ബോളിവുഡ് സിനിമാ സ്‌റ്റൈലും ലുക്കും കൈവിടാതെ ഗംഭീരമായി നടന്നുവന്നു, വസ്ത്രധാരണയിൽ ഒരു തരി പോലും അശ്ലീലതയില്ലാതെ, അതാണ് മഞ്ജു വാര്യർ എന്ന നടിയെ വ്യത്യസ്തയാക്കുന്നതെന്നും ആരാധകർ പറയുന്നു. മഞ്ജുവിന്റെ ആത്മധൈര്യത്തെയും വസ്ത്രധാരണത്തെയുമാണ് പലരും പ്രശംസിക്കുന്നത്. നടുക്ക് നിൽക്കുന്ന പെണ്ണിന്റെ മുഖത്തെ കോൺഫിഡൻസ് കണ്ടോ? വെറുതെ കിട്ടിയതല്ല.. ഇറങ്ങി പൊരുതി നേടിയതാണ്.. എന്ന ക്യാപ്ഷ്യനോടെയാണ് മഞ്ജുവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്.
നവ്യ നായരാകട്ടെ, തന്റെ നൃത്ത സ്കൂളുമായി തിരക്കുകളിലാണ്. വിവാഹ ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്ത് മുംബെെയിൽ ഭർത്താവിനൊപ്പമായിരുന്നു നവ്യ . എന്നാൽ താരം തിരിച്ചെത്തി സിനിമകളും നൃത്തവുമായി തിരക്കിലാണ്. പഴയത് പോലെ ഭർത്താവിന്റെ സമ്മതം തേടി നടക്കുന്ന ആളല്ല നവ്യ നായർ ഇന്നെന്ന് ആരാധകർ അടുത്തിടെ പറഞ്ഞിരുന്നു. ഭർത്താവിന്റെ എതിർപ്പ് മൂലം താൻ ലക്ഷ്യങ്ങൾ മാറ്റി വെച്ചതിനെക്കുറിച്ചും നടി സംസാരിച്ചത് വൈറലായിരുന്നു.
കല്യാണം കഴിഞ്ഞ് ഒരു ജോലി ചെയ്യുമ്പോൾ പോലും ബാക്കിയെല്ലാം ജോലിക്കും കൂടി ഒക്കുന്ന ജോലിയേ ചെയ്യാൻ പറ്റൂ. യുപിഎസി ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷെ വിവാഹം കഴിഞ്ഞ് പെട്ടെന്ന് ഗർഭിണിയായി. നമുക്ക് അതൊന്നും വേണ്ടെന്ന് വെക്കാൻ പറ്റില്ല. അതുമായി മുന്നോട്ട് പോയി. പിന്നീട് യുപിഎസ്സി എഴുതാൻ നോക്കിയപ്പോൾ ഭർത്താവ് എതിർപ്പ് പറഞ്ഞെന്നും നവ്യ അന്ന് തുറന്ന് പറഞ്ഞു. മോൻ ചെറുതാണ്.
അവന് വാഷ് റൂമിൽ പോകാൻ സ്വന്തമായി അറിയില്ല. ചേട്ടന് അതൊക്കെ ചെയ്യാനും ബുദ്ധിമുട്ടാണ്. അത് കഴിഞ്ഞപ്പോഴേക്കും എന്റെ പ്രായ പരിധി കഴിഞ്ഞു. അത് വലിയൊരു വിഷമം ആയിരുന്നു. വലിയ നഷ്ടബോധമുണ്ട്. അത് കഴിഞ്ഞ് ഡാൻസിൽ ഡിഗ്രി എടുക്കാമെന്ന് കരുതി. ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്നും ഇന്റർവ്യൂവിന് കോൾ വന്നു. എല്ലാം ചേട്ടൻ തന്നെയാണ് അയച്ചത്. ഇന്റർവ്യൂവിന് എന്നെ കോൾ ചെയ്യുമെന്ന് വിചാരിക്കാതെ ചെയ്തതാണോ എന്നറിയില്ല.
മാസത്തിൽ രണ്ട് തവണ അവിടെ പോകണം. ആറ് ദിവസം അവിടെ ചെലവഴിക്കണം. പക്ഷെ ഇന്റർവ്യൂവിന് കോൾ ചെയ്തപ്പോഴേക്കും ചേട്ടൻ പോകേണ്ടെന്ന് പറഞ്ഞു. എനിക്കിപ്പോഴും അതെന്താണെന്ന് അറിയില്ല. കുറേ പറഞ്ഞ് നോക്കി. പക്ഷെ സാധിച്ചില്ലെന്നും നവ്യ നായർ വ്യക്തമാക്കി. പിന്നെ എന്ത് ചെയ്യുമെന്ന ചിന്ത തന്നെ അലട്ടിയിരുന്നെന്നും നവ്യ നായർ അന്ന് പറഞ്ഞു. ഡാൻസ് പഠിക്കുന്നത് സ്റ്റോപ്പായി. സിനിമയിൽ ഞാൻ വിചാരിക്കുന്നത് പോലത്തെ ക്യാരക്ടറുകൾ എനിക്ക് വരുന്നില്ല. പിന്നെ ഗ്യാപ്പായി. ആൾക്കാർ മറന്നു. സിനിമാ രംഗമാണ് മറന്നത്. പ്രേക്ഷകരല്ലെന്നും നവ്യ നായർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, നടി ഭാവനയും ഇപ്പോൾ തന്റെ സിനിമാ തിരക്കുകളിലാണ്. 2017ൽ പൃഥ്വിരാജ് സിനിമ ആദം ജോണിൽ അഭിനയിച്ചശേഷം മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഭാവന. അഞ്ച് വർഷത്തോളം നടി മലയാള സിനിമ ചെയ്തിരുന്നില്ല. മനപൂർവം ഇടവേളയെടുത്തതാണെന്ന് പിന്നീട് ഭാവന പറയുകയും ചെയ്തിരുന്നു.
ശേഷം 2023ൽ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് തിരിച്ച് വന്നത്. അതിനുശേഷം തുടരെ തുടരെ നിരവധി മലയാള സിനിമകളുടെ ഭാഗമായി ഭാവന. നടിയുടെ ഏറ്റവും പുതിയ റിലീസ് ടൊവിനോ ചിത്രം നടികറായിരുന്നു. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്ന് മാറി നിന്നപ്പോഴും കന്നടയിൽ സജീവമായിരുന്നു ഭാവന.
അതേസമയം, ഭാവനയുടെ പുതിയ ചിത്രം ദ ഡോറിന്റെ പ്രൊമോഷൻ തിരക്കികളിലാണ് ഭാവന. നടിയുടെ സഹോദരൻ ജയദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജിനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്‌നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തിലുണ്ട്.
തമിഴിൽ റിലീസിന് ഒരുങ്ങുന്ന സിനിമ ആദ്യ ഘട്ടത്തിന് ശേഷം മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും റിലീസിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു. ചിത്രത്തിൽ ഭാവന ഒരു ആർക്കിടെക്റ്റായി പ്രത്യക്ഷപ്പെടുമ്പോൾ ഗണേഷ് വെങ്കിട്ടറാം ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്.