വലിയ കോളിളക്കമാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സംഭവിച്ചതിരിക്കുന്നത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴിലും കർണാടകയിലുമെല്ലാം ഇത്തരത്തിലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ ഇപ്പോഴിതാ കന്നഡ സിനിമാ മേഖലയിലും സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റിയെ രൂപീകരിക്കണമെന്ന് ആവശ്യം ഉയർന്നിരിക്കുകയാണ്.

കന്നഡ ചലച്ചിത്ര സംഘടന ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്‌സ് ആൻഡ് ഇക്വാലിറ്റി (ഫയർ) ഇത് സംബന്ധച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ‘മീ ടു’ആരോപണങ്ങൾ കന്നഡ സിനിമാമേഖലയിൽ ശക്തമായപ്പോൾ രൂപംകൊണ്ട സംഘടനയാണ് ‘ഫയർ’.
കന്നഡ സിനിമാ മേഖലയിലെ പ്രശനങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. സുപ്രീം കോടതി ജഡ്ജിയുടെയോ റിട്ട. ഹൈക്കോടതി ജഡ്ജിയുടെയോ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിക്കണം. അന്വേഷണം നടത്തി നിർദേശങ്ങൾ സമിതി സമർപ്പിക്കണമെന്നും റിപ്പോർട്ട് മൂന്ന് മാസത്തിനകം പുറത്തുവിടണമെന്നും ഫയർ കത്തിൽ പറയുന്നു.

സംഘടനയിലെ നടികളും സംവിധായകരും ഉൾപ്പെടെ 153 പേർ ചേർന്നാണ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകിയത്. സംവിധായിക കവിതാ ലങ്കേഷ്, നടിമാരായ രമ്യ, ഐന്ദ്രിത റോയ്, പൂജാ ഗാന്ധി, ശ്രുതി ഹരിഹരൻ, ചൈത്ര ജെ. ആചാർ, സംയുക്ത ഹെഗ്‌ഡെ, ഹിത, നടൻമാരായ സുദീപ്, ചേതൻ അഹിംസ തുടങ്ങിയവർ ഇതിലുണ്ട്.
അതേസമയം, ലൈം ഗിക അതിക്രമങ്ങളിൽ നടപടിയുമായി തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം ആഭ്യന്തരപരിഹാര സമിതി രൂപീകരിച്ചു. കു റ്റക്കാരെന്ന് കണ്ടെത്തിയാൽ തമിഴ് സിനിമയിൽ നിന്നും അഞ്ച് വർഷം വിലക്കുകയും ഇരകൾക്ക് നിയമപോരാട്ടത്തിനുള്ള സാഹയം നടികർ സംഘം നൽകുകയും ചെയ്യും.
ഇത്തരം അതിക്രമങ്ങൾ ഉണ്ടായാൽ ആദ്യം പരാതി നൽകേണ്ടത് സംഘടനയ്ക്കാണ്. പരാതികൾ അറിയിക്കാൻ പ്രത്യേക ഇമെയിലും ഫോൺ നമ്പറും ഏർപ്പെടുത്തി. ജനറൽ സെക്രട്ടറി വിശാൽ, പ്രസിഡന്റ് നാസർ, ട്രഷറർ കാർത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന യോഗത്തിലാണ് സുപ്രധാന തീരുമാനം.
