കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്; വിവാദപരാമര്‍ശത്തിന് പിന്നാലെ പവന്‍ കല്യാണിനെതിരെ വനിതാ കമ്മീഷന്‍

നടനും ജന സേവാ നേതാവുമായ പവന്‍ കല്യാണിനെതിരേ ആന്ധ്രപ്രദേശ് വനിതാ കമ്മീഷന്‍. വിവാഹത്തെ സംബന്ധിച്ച് നടന്‍ നടത്തിയ പരാമര്‍ശം വിവാദമായതിന് തൊട്ടുപിന്നാലെയാണ് വനിതാ കമ്മീഷന്റെ നീക്കം. പൊതുചടങ്ങിനിടെ പവന്‍ കല്യാണ്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

കോടികള്‍ ജീവനാംശം നല്‍കിയാണ് താന്‍ പുനര്‍വിവാഹം നടത്തിയതെന്ന് പവന്‍ കല്യാണ്‍ പറഞ്ഞുവെന്നും അത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും വനിതാ കമ്മീഷന്‍ നോട്ടീസില്‍ പറയുന്നു. കോടികള്‍ ജീവനാംശം നല്‍കിയാണ് മൂന്ന് തവണ വിവാഹിതനായത്. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കും പണമുണ്ടെങ്കില്‍ അങ്ങനെ ചെയ്യാമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു.

പവന്‍ കല്യാണിന്റെ പരാമര്‍ശം അപലപനീയമാണ്. വിവാഹം എന്ന മംഗളകര്‍മ്മത്തിന് സമൂഹം വലിയ വില കല്‍പ്പിക്കുന്നു. ജനസേവാ പാര്‍ട്ടി നേതാവിന്റെ വാക്കുകള്‍ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ്. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം എന്ന് പറയുന്നത് പണം കൊണ്ട് അളക്കാന്‍ സാധിക്കില്ല.

പവന്‍ കല്യാണിന്റെ പാത യുവാക്കള്‍ പിന്തുടര്‍ന്നാല്‍ അത് സ്ത്രീകളുടെ ജീവിതത്തെ ബാധിക്കും. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

നന്ദിനിയായിരുന്നു പവന്‍ കല്യാണിന്റെ ആദ്യഭാര്യ. 1997 ല്‍ വിവാഹിതരായ ഇവര്‍ 2007 ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009 ല്‍ നടി രേണു ദേശായിയെ വിവാഹം ചെയ്തു. അതില്‍ ഒരു മകന്‍ ജനിച്ചു. 2012 ല്‍ ഈ ബന്ധവും അവസാനിച്ചു. 2013 ല്‍ റഷ്യന്‍ സ്വദേശിയായി അന്ന ലെസ്‌നേവയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.

Vijayasree Vijayasree :