അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ആദ്യപാസ് ഏറ്റു വാങ്ങി ജയസൂര്യ, ഉദ്ഘാടനം ഉര്‍വശി

സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള ശനിയാഴ്ച എറണാകുളത്ത് ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് 6ന് സവിത തിയേറ്ററില്‍ നടി ഉര്‍വശി നിര്‍വഹിക്കും. 10 മുതല്‍ 13 വരെ സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

28ാമത് ഐ.എഫ്.എഫ്.കെ.യില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ദ ഗ്രീന്‍ ബോര്‍ഡര്‍ പ്രദര്‍ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില്‍ 26 സിനിമകളാണ് പ്രദര്‍ശിപ്പിക്കുക. ഐ.എഫ്.എഫ്.കെ.യില്‍ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം ലഭിച്ച വനൂരി കഹിയുവിന്റെ ‘റഫീക്കി’, ഹോമേജ് വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ച സുമിത്ര പെരിസിന്റെ ദ ട്രീ ഗോഡസ് തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.

ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം വെള്ളിയാഴ്ച തുടങ്ങി. സവിത തിയേറ്റര്‍ പരിസരത്ത് ചലച്ചിത്ര സംവിധായികയും കോസ്റ്റ്യൂം ഡിസൈനറുമായ സ്‌റ്റെഫി സേവ്യര്‍ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഡെലിഗേറ്റ് കിറ്റിന്റെ വിതരണോദ്ഘാടനം ആദ്യ പാസ് നടന്‍ ജയസൂര്യക്ക് നല്‍കി നടി ജോളി ചിറയത്ത് നിര്‍വഹിച്ചു. സവിത തിയേറ്റര്‍ പരിസരത്ത് വൈകീട്ട് നടന്ന ചടങ്ങില്‍ നടി അന്ന ബെന്‍ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Vijayasree Vijayasree :